ഗോവന്ദിയെന്ന കുഗ്രാമത്തിൽ നിന്ന് ഐ.ഇ.എസ് എത്തിപ്പിടിച്ച് ഷാഫിയുദ്ദീൻ സിദ്ദീഖി

ഇന്ത്യൻ എൻജിനീയറിങ് സർവീസ്(ഐ.ഇ.എസ്) നേടിയ യുവാവിന്റെ വിജയം ആഘോഷിക്കുകയാണ് മുംബൈയിലെ ഗോവന്ദി ഗ്രാമം. പലകാരണങ്ങൾ കൊണ്ടും മുംബൈയിൽ ഏറ്റവും അവഗണിക്കപ്പെട്ട ഗ്രാമമാണിത്. ഹ്യൂമൺ ഡെവലപ്മെന്റ് ഇൻഡക്സും ജനങ്ങളുടെ ആയുർദൈർഘ്യവും ഏറ്റവും കുറവാണിവിടെ. അതുപോലെ ശിശുമരണ നിരക്കും ടിബി രോഗികളുടെ എണ്ണവും കൂടുതലുമാണ്.

ഐ.ഇ.എസ് എന്നത് ഷാഫിയുദ്ദീൻ സിദ്ദീഖി എന്ന 28കാരന്റെ സ്വപ്ന സാക്ഷാത്കാരമായിരുന്നു. രണ്ട് സർക്കാർ മത്സരപരീക്ഷകളിൽ വിജയം കൊയ്തതിനു ശേഷമാണ് സിദ്ദീഖി യു.പി.എസ്.സിക്കായി തയാറെടുക്കുന്നത്. റെയിൽവേ നടത്തുന്ന മത്സര പരീക്ഷയും മഹാരാഷ്ട്ര പബ്ലിക് സർവീസ് കമ്മീഷൻ നടത്തുന്ന പരീക്ഷയും സിദ്ദീഖി വിജയിച്ചത്.

മൂന്നാംതവണയാണ് അദ്ദേഹം ഐ.ഇ.എസിനായി ശ്രമിക്കുന്നത്. ഇത്തവണ ഏറ്റവും മികച്ച മാർക്കോടെ തന്നെ ഇന്റർവ്യൂ എന്ന കടമ്പയും കടന്നു. ഡിഫൻസ് എൻജിനീയറിങ്ങിൽ ജോലി ലഭിക്കുമെന്ന പ്രതീക്ഷയിലാണ്. അഞ്ജുമാൻ ഫഹദുൽ ഇസ്‍ലാം ഉർദു ഹൈസ്കൂളിൽ നിന്നായിരുന്നു 10ാം ക്ലാസ് വിജയിച്ചത്. സ്വാമി വിവേകാനന്ദ ജൂനിയർ കോളജിൽ നിന്ന് പ്ലസ്ടു കഴിഞ്ഞ ശേഷം സിദ്ദീഖി എം.എച്ച് സാബൂ സിദ്ദീഖ് കോളജിൽ സിവിൽ എൻജിനീയറിങ്ങിന് ചേർന്നു. അവിടെ വെച്ചാണ് ഐ.ഇ.എസിനെ കുറിച്ച് കേൾക്കുന്നത്.

തുടർന്ന് ഭാഗ്യം പരീക്ഷിക്കാൻ തീരുമാനിച്ച്. ഗോവന്ദിയിലെ സാഹചര്യം വെച്ച് മത്സര പരീക്ഷകൾ എഴുതാൻ സാധിക്കുമായിരുന്നില്ല. ടിസ്സിലെ ലൈബ്രറി പരമാവധി ഉപയോഗിച്ചു പഠിച്ചു. അവസാനം ഡൽഹിയിൽ പോയി പരീക്ഷക്കായി ഒരു വർഷം പരിശീലിച്ചു.-അതാണ് വിജയത്തിന് കാരണമെന്ന് സിദ്ദീഖി പറയുന്നു. ആദ്യം റെയിൽവേയിലാണ് ജോലി ലഭിച്ചത്. റെയിൽവേയിൽ സെക്ഷൻ എൻജിനീയറായി മൂന്നുവർഷം ജോലി ചെയ്തു. അതിനുശേഷമാണ് എം.പി.എസ്.സി കിട്ടിയത്. തുടർന്ന് 2022 ഡിസംബറിൽ അസൻജാവോണിൽ അസിസ്റ്റൻറ് എൻജിനീയറായി.

 മകന്റെ ഉന്നത വിജയത്തിൽ ഏറെ അഭിമാനമു​ണ്ടെന്ന് പിതാവ് ശഹാബുദ്ദീൻ പറഞ്ഞു. അദ്ദേഹത്തിന്റെ പിതാവ് സൈനികനായിരുന്നു. തൊണ്ണൂറുകളിൽ യു.പിയിൽ നിന്ന് മുംബൈയിലെത്തിയതാണ് ശഹാബുദ്ദീൻ. സത്യത്തിൽ അതൊരു ഒളിച്ചോട്ടമായിരുന്നു. തന്റെ കുടുംബത്തിൽ കോളജിൽ പോകാത്ത ഒരാൾ താൻ മാത്രമാണെന്നും ശഹാബുദ്ദീൻ പറയുന്നു. മുംബൈയിൽ കുറെകാലം ബിസിനസ് ചെയ്തു. ഒടുവിൽ ഗോവന്ദിയിൽ സ്ഥിരതാമസമാക്കി. ഭാര്യ റാഹില ഖാത്തൂനും സ്കൂൾ വിദ്യാഭ്യാസം മാത്രമേയുള്ളൂ. എന്നാൽ മക്കൾക്ക് നല്ല വിദ്യാഭ്യാസം നൽകണമെന്ന് ഇരുവരും ഉറപ്പിച്ചു. അവരിൽ മൂത്തയാളായിരുന്നു ഷാഫിയുദ്ദീൻ. മക്കളിലൊരാൾ ആയുർവേദ ഡോക്ടറാണ്. ഒരാൾ സി.എ കഴിഞ്ഞു. മറ്റുള്ളവർ പഠിച്ചുകൊണ്ടിരിക്കുകയാണ്.

10ാം ക്ലാസ് മുതൽ തന്നെ വിദ്യാർഥികൾ സർക്കാർ ജോലിക്കായി പരിശ്രമം തുടങ്ങണമെന്നാണ് ഷാഫിയുദ്ദീന്റെ അഭിപ്രായം. ഗോവന്ദിയിലെ വിദ്യാർഥികൾക്ക് പ്രചോദനമാണീ യുവാവ്. ഈ ഗ്രാമത്തിലെ ഭൂരിഭാഗം വിദ്യാർഥികളും പത്താം ക്ലാസിനപ്പുറം പഠിച്ചിട്ടില്ല. സാമ്പത്തിക പ്രശ്നങ്ങൾ തന്നെ കാരണം. അതിനൊരു മാറ്റം വരുത്താൻ ഒരുങ്ങുകയാണ് ഈ ഗ്രാമം.

Tags:    
News Summary - Mumbai: Govandi celebrates as its son enters IES

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.