പെൺകുട്ടികൾ സ്കൂളിൽ പോകുന്നത് എതിർത്ത കുടുംബത്തിൽ ജനിച്ചു; കഷ്ടപ്പാടുകൾക്കിടെ ആദ്യ ശ്രമത്തിൽ ​സിവിൽ സർവീസ് നേടി വന്ദന സിങ് ചൗഹാൻ

കുറച്ചുകാലമായി യു.പി.എസ്.സി പോലുള്ള മത്സരപരീക്ഷകളിലെല്ലാം പെൺകുട്ടികളുടെ ആധിപത്യമാണ്. കുടുംബത്തിന്റെ പൂർണ പിന്തുണയോടെയായിരിക്കും ആ പെൺകുട്ടികളെല്ലാം വിജയതിലകം ചൂടിയിട്ടുണ്ടാവുക. അതിൽ നിന്ന് തീർത്തും വിഭിന്നമായ കഥയാണ് ഐ.എ.എസ് ഉദ്യോഗസ്ഥയായ വന്ദന സിങ് ചൗഹാന്റെത്.

ഉത്തരാഖണ്ഡിലെ ഹൽദ്വാനിയിൽ മദ്റസ പൊളിച്ചതുമായി ബന്ധപ്പെട്ടുണ്ടായ സംഘർഷമുണ്ടായപ്പോൾ സമാധാനം പുനഃസ്ഥാപിക്കാനായി മുന്നിൽനിന്ന് നയിച്ചത് ഡിസ്ട്രിക്റ്റ് മജിസ്ട്രേറ്റ് ആയ വന്ദന സിങ് ചൗഹാൻ ആയിരുന്നു. നൈനിറ്റാൾ ജില്ലയുടെ ഭാഗമായതിനാലാണ് വന്ദനക്ക് ചുമതല ലഭിച്ചത്. നൈനിറ്റാളിലെ ജില്ലാ മജിസ്‌ട്രേറ്റ് (ഡിഎം) വന്ദന സിംഗ് ചൗഹാനാണ് അസ്വസ്ഥതകൾ അവസാനിപ്പിക്കുന്നതിൻ്റെ ചുമതല. ഈ പദവിയിലേക്കുള്ള വന്ദനയുടെ യാത്ര ഒട്ടും എളുപ്പമായിരുന്നില്ല.

പെൺകുട്ടികൾ പഠിക്കേണ്ടെന്നും വിവാഹിതരായി മറ്റ് വീടുകളിലേക്ക് പോകേണ്ടവരാണെന്നുമുള്ള ധാരണ പുലർത്തുന്ന ചില കുടുംബങ്ങളുണ്ട്. അതുപോലൊരു കുടുംബത്തിലാണ് വന്ദനയെന്ന 35കാരി ജനിച്ചത്. ഹരിയാനയിലെ നസ്റുല്ലഗഡ് എന്ന ഗ്രാമത്തിലെ യാഥാസ്ഥിതിക കുടുംബത്തിലായിരുന്നു ആ പെൺകുട്ടിയുടെ ജനനം. പെൺകുട്ടികൾ വി​ദ്യാഭ്യാസം നേടുന്നതിന് ഒരു വിലയും കൽപിക്കാത്ത കുടുംബമായിരുന്നു വന്ദനയുടേത്. എല്ലാ എതിർപ്പുകളും ലംഘിച്ച് വന്ദനയുടെ പിതാവ് മകളെ പഠിക്കാനായി അടുത്തുള്ള വിദ്യാലയത്തിൽ ചേർത്തു. തുടർന്ന് മുത്തശ്ശനും അമ്മാവനുമടക്കമുള്ള കുടുംബാംഗങ്ങൾ മുഴുവൻ വന്ദനയുടെ പിതാവിന് എതിരായി. 12ാം ക്ലാസ് വിജയിച്ചപ്പോൾ നിയമം പഠിക്കാനാണ് വന്ദന തീരുമാനിച്ചത്. ആഗ്രയിലെ ബി.ആർ. അംബേദ്കർ യൂനിവേഴ്സിറ്റിയിൽ എൽ.എൽ.ബിക്ക് ചേർന്നു. സാഹചര്യം എതിരായതിനാൽ ക്ലാസിലിരുന്ന് പഠിക്കാൻ വന്ദനക്ക് സാധിച്ചില്ല. കോളജിൽ പോകാതെ, വീട്ടിലിരുന്ന് പഠിച്ചാണ് വന്ദന നിയമബിരുദം നേടിയത്. ഇക്കാലത്ത് ഓൺലൈൻ വഴി പുസ്തകം വാങ്ങിയാണ് പഠിച്ചത്. ചി​ലപ്പോൾ പുസ്തകങ്ങൾ സഹോദരൻ എത്തിച്ചുനൽകി.

നിയമത്തിൽ ബിരുദം നേടിയ ശേഷം വന്ദന സിവിൽ സർവീസ് പരീക്ഷക്കായി സ്വയം പരിശീലനം തുടങ്ങി. കുടുംബത്തിന്റെ സാമ്പത്തിക സ്ഥിതി കോച്ചിങ് സെന്ററിൽ ചേരാൻ അനുവദിച്ചില്ല. സഹോദരനൊഴികെ കുടുംബത്തിലെ മറ്റൊരാളും ആ സമയത്ത് സഹായിച്ചില്ല. എന്നാൽ ആദ്യശ്രമത്തിൽ തന്നെ യു.പി.എസ്.സി പരീക്ഷയിൽ എട്ടാംറാങ്ക് നേടാൻ വന്ദനക്ക് സാധിച്ചു. 2012ലായിരുന്നു അത്. ഹിന്ദിയായിരുന്നു പഠനമാധ്യമം. അതിൽ പിന്നെ ആ ഗ്രാമത്തിലെ സാധാരണ സ്കൂളുകളിൽ പഠിക്കുന്ന പെൺകുട്ടികൾക്ക് പാഠപുസ്തകമായി വന്ദന മാറി.

ദിവസവും 12 മുതൽ 14 മണിക്കൂർ വരെ വന്ദന പഠനത്തിനായി മാറ്റിവെക്കുമായിരുന്നു. ഉറങ്ങിപ്പോകുമെന്ന് പേടിച്ച് കഠിനമായ ചൂട് കാലത്ത് പോലും മുറിയിൽ റൂം കൂളർ പോലും വെക്കാതെയായിരുന്നു മകളുടെ പഠനമെന്ന് ഒരിക്കൽ അമ്മ പറയുകയുണ്ടായി.

Tags:    
News Summary - Meet woman who cracked UPSC exam in first attempt without coaching, became IAS officer

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.