അരപ്പട്ടിണി കിടന്നും ട്യൂഷനെടുത്തും പഠിക്കാൻ പണം കണ്ടെത്തി; ഒരു സെക്കൻഡ് പോലും പാഴാക്കാതെ അധ്വാനിച്ചു; ഓട്ടോറിക്ഷ ഡ്രൈവറുടെ മകൻ ഐ.എ.എസ് ഉദ്യോഗസ്ഥനായ കഥ

ല്ലായ്മകളിലായിരുന്നു ഐ.എ.എസ് ഉദ്യോഗസ്ഥനായ ഗോവിന്ദ് ജെയ്സ്വാളിന്റെ ബാല്യവും കൗമാരവും. യു.പിയിലെ വാരാണസിയിൽ ഓട്ടോറിക്ഷ ഓടിച്ചാണ് ഗോവിന്ദ് ജെയ്സ്വാളിന്റെ പിതാവ് നാരായണൻ കുടുംബം പോറ്റിയത്. ഒരുകാലത്ത് അദ്ദേഹത്തിന് 35 ഓട്ടോറിക്ഷകൾ സ്വന്തമായുണ്ടായിരുന്നു. അത് വാടകക്ക് കൊടുത്തായിരുന്നു അദ്ദേഹം വരുമാനമുണ്ടാക്കിയത്. അതിൽ 20 എണ്ണം ഭാര്യയുടെ ചികിത്സക്കായി വിൽക്കേണ്ടി വന്നു. ചികിത്സിച്ചിട്ടും ഭാര്യയുടെ ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. 1995ൽ ജെയ്സ്വാളിന് സ്നേഹനിധിയായ അമ്മയെ നഷ്ടമായി.

എന്തൊക്കെ പ്രതിസന്ധികളുണ്ടായാലും മകന്റെ വിദ്യാഭ്യാസം മുടങ്ങരുതെന്ന് പിതാവിന് നിർബന്ധമുണ്ടായിരുന്നു. മകന് ഏറ്റവും മികച്ചത് നൽകാനും അദ്ദേഹം ആഗ്രഹിച്ചു. സാമ്പത്തിക ബുദ്ധിമുട്ട് നേരിട്ടപ്പോൾ അദ്ദേഹം 14 ഓട്ടോറിക്ഷകൾ കൂടി വിറ്റു. പിന്നീട് ഒരു ഓട്ടോറിക്ഷ മാത്രമായി അദ്ദേഹത്തിന്റെ സമ്പാദ്യം. അതോടിച്ച് കുടുംബം പുലർത്തി. രാവും പകലും അച്ഛൻ കഷ്ടപ്പെടുന്നത് ഗോവിന്ദിന്റെ ഉള്ളുലച്ചു. അച്ഛന്റെ കഷ്ടപ്പാടുകൾ അവസാനിക്കുന്ന ഒരു ദിവസം വരുമെന്ന് ഗോവിന്ദ് സ്വപ്നം കണ്ടു. പഠിക്കാൻ സമർഥനായിരുന്നു മകൻ എന്നതിൽ ആ പിതാവിന് അഭിമാനമുണ്ടായിരുന്നു.

കുട്ടിക്കാലത്ത് പണക്കാരായ സഹപാഠികളുടെ വീട്ടിൽ കളിക്കാൻ പോവുമായിരുന്നു ഗോവിന്ദ്. അന്ന് ഓട്ടോറിക്ഷക്കാരന്റെ മകനെന്നു വിളിച്ച് പലരും കളിയാക്കി. 10 വയസുള്ള ബാലന്റെ മനസിൽ ആ പരിഹാസം വലിയ മുറിവുണ്ടാക്കി. ജീവിത സാഹചര്യം മാറിയാലല്ലാതെ ഈ കളിയാക്കലുകളിൽ നിന്ന് രക്ഷപ്പെടാൻ സാധിക്കില്ലെന്ന് ചില സുഹൃത്തുക്കൾ കുറച്ചുകൂടി മുതിർന്നപ്പോൾ ഗോവിന്ദിനെ ബോധ്യപ്പെടുത്തി. പിന്നീടുള്ള കാലവും ഈ പരിഹാസങ്ങൾ സഹിച്ചുകൊണ്ടുതന്നെ ഗോവിന്ദ് മുന്നോട്ടു പോയി.

രാജ്യത്തെ ഏറ്റവും ഉയർന്ന സ്ഥാനങ്ങളിലൊന്നാണ് ഐ.എ.എസ് ഓഫിസറുടേത്. ഒരിക്കൽ താനൊരു ഐ.എ.എസ് ഓഫിസറാകുമെന്ന് ആ കുട്ടി ഉറപ്പിച്ചു. സ്വപ്നം കണ്ട ആ പദവിയിലേക്കെത്താൻ ഒരുപാട് കടമ്പകൾ താണ്ടണമെന്ന് അന്നവൻ ഓർത്തില്ല.

ഗോവിന്ദിനെ കൂടാതെ മൂന്ന് പെൺമക്കൾ കൂടിയുണ്ടായിരുന്നു നാരായണന്. അവരെ ബിരുദം വരെ പഠിപ്പിച്ചാണ് അദ്ദേഹം വിവാഹം കഴിപ്പിച്ചത്. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ ഒരു ഘട്ടത്തിൽ ഗോവിന്ദിന്റെ പഠനംപോലും നിർത്തേണ്ട സാഹചര്യം വന്നു. എന്നാൽ പിതാവ് അതിന് അനുവദിച്ചില്ല. എന്ത് ത്യാഗം സഹിച്ചാലും മകൻ ഉന്നത വിദ്യാഭ്യാസം നേടണമെന്ന് അദ്ദേഹം ശഠിച്ചു. കാലിൽ മുറിവുണ്ടായി വേദന അസഹ്യമായതോടെ പിതാവ് ഓട്ടോറിക്ഷ ഓടിക്കുന്നത് നിർത്തി. തുടർന്ന് സ്വന്തമായുണ്ടായിരുന്ന ഒരു തുണ്ട് ഭൂമി മകനെ പഠിപ്പിക്കാനായി പിതാവ് വിറ്റു. അങ്ങനെയാണ്​ ഗോവിന്ദിനെ ഡൽഹിയിലേക്ക് സിവിൽ സർവീസ് കോച്ചിങ്ങിന് അയച്ചത്.

വാരാണസിയിലെ വൈദ്യുതി പോലുമില്ലാത്ത ഒറ്റമുറി വീട്ടിൽ നിന്ന് ഡൽഹിയിലെ ജീവിതം ഗോവിന്ദിന്റെ ചിന്തകളെ പോലും മാറ്റിമറിച്ചു. ആർക്കും തന്നെ തോൽപിക്കാൻ സാധിക്കില്ലെന്ന് ഗോവിന്ദ് ഉറപ്പിച്ചു. വിജയിക്കുക എന്നതല്ലാതെ മറ്റൊരു ഓപ്ഷനും മുന്നി​ലില്ലെന്ന് അവന് അറിയാമായിരുന്നു.

കണക്കിന് മറ്റ് വിദ്യാർഥികൾക്ക് ട്യൂഷനെടുത്തും ഒരുനേരത്തെ ഭക്ഷണം ഒഴിവാക്കിയും ഗോവിന്ദ് പഠിക്കാനുള്ള പണം സ്വരുക്കൂട്ടി. പിതാവ് കഷ്ടപ്പെട്ടു നൽകിയ പണത്തിൽ നിന്ന് ഒരു ചില്ലിക്കാശു പോലും പാഴാക്കിയില്ല.

സിവിൽ സർവീസിന് തയാറെടുക്കുമ്പോൾ ഒരിക്കലും ആദ്യ ശ്രമത്തിൽ തന്നെ കിട്ടുമെന്ന് ഗോവിന്ദ് സ്വപ്നത്തിൽ പോലും വിചാരിച്ചിരുന്നില്ല. എന്നാൽ ആ മിടുക്കന്റെ പരിശ്രമങ്ങൾക്ക് പ്രതിഫലമായി അത് സംഭവിച്ചു. 2006ലെ സിവിൽ സർവീസ് പരീക്ഷയിൽ 48ാം റാങ്ക് സ്വന്തമാക്കി ഗോവിന്ദ് എല്ലാവരെയും അമ്പരപ്പിച്ചു. അതും ആദ്യശ്രമത്തിൽ. 22ാം വയസിലായിരുന്നു അത്. മകന്റെ ഉന്നത വിജയമറിഞ്ഞ് ആ പിതാവിന്റെ കണ്ണുകൾ സന്തോഷം കൊണ്ട് നിറഞ്ഞുതുളുമ്പി. ആദ്യമായി ശമ്പളം കിട്ടിയപ്പോൾ പിതാവിന്റെ ചികിത്സക്കായി മാറ്റിവെച്ച ഗോവിന്ദ് തന്റെ കടമയും മറന്നില്ല.

Tags:    
News Summary - From Rickshaw puller's son to IAS topper

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.