മുഹമ്മദ് ഷെഫീഖ് മുയ്യാരിക്കണ്ടി

മതപാഠശാലയിൽ നിന്നും അമേരിക്കൻ ശാസ്ത്രലോകത്തേക്കുള്ള ഒരു വയനാട്ടുകാരന്റെ യാത്ര

അന്ന് അയാൾ എന്നെ കാണാൻ വന്നത്‌ അവസാനത്തെ ആശ്രയമായിട്ടായിരിക്കണം. എന്നാൽ, അയാളുടെ മുഖത്ത് അത്രയധികം ഇച്ഛാശക്തി പ്രതിഫലിക്കുന്നുമുണ്ടായിരുന്നു. കുടുംബത്തിലെ ഏക അഭ്യസ്തവിദ്യനും സർക്കാർ ജോലിക്കാരനുമായത് കൊണ്ട് എനിക്ക് ഇവരിൽ നിന്നൊക്കെ വലിയ ബഹുമാനം കിട്ടാറുണ്ട്. അയാളെ സംബന്ധിച്ചിടത്തോളം മനസ്സിലുള്ളത് പറയാൻ മറ്റൊരാളുമുണ്ടായിരുന്നുമില്ല. ഉപ്പ പനമരം അങ്ങാടിയിലെ ചുമട്ടുതൊഴിലാളി. പെൺകുട്ടികൾ എഴുത്തും വായനയും പഠിക്കരുതെന്ന അന്നത്തെ അറിവില്ലായ്‌മ കൊണ്ട് സ്കൂളിൽ പോകാൻ ഭാഗ്യം ലഭിക്കാതെ പോയ ഉമ്മ. പിന്നെ കുടുംബത്തിലുള്ളത് ജ്യേഷ്ഠനും അനിയനും ഇത്താത്തയും.

അയാൾ ആ വർഷത്തെ എസ്.എസ്.എൽ.സി പരീക്ഷ 501 മാർക്കോടെ പാസ്സായ സന്തോഷം ഞങ്ങൾക്കൊക്കെ ഉണ്ടായിരുന്നു. കുടുംബത്തിലെ ആദ്യ എസ്.എസ്.എൽ.സിക്കാരനായ എന്റെ ഫസ്റ്റ് ക്ലാസ് പെങ്ങളുടെ മകൻ ഉയർന്ന മാർക്കോടെ മറികടന്നതിൽ സന്തോഷവും അഭിമാനവും തോന്നിയ സമയം. അവന്റെ പ്രശ്നം തുടർപഠനം താൻ ആഗ്രഹിക്കുന്ന സ്ട്രീമിൽ ലഭിക്കുക എന്നതായിരുന്നു. വയനാട് ജില്ലയിലെ മുസ്‍ലിം വിദ്യാഭ്യാസ-സാംസ്കാരിക മേഖലയിൽ വിപ്ലവകരമായ മാറ്റങ്ങൾക്ക് കാലാനുസൃത നേതൃത്വം കൊടുത്തുകൊണ്ടിരിക്കുന്ന ഏറ്റവും വലിയ സ്ഥാപനമാണ് വയനാട് മുസ്‍ലിം ഓർഫനേജ്. മത-ഭൗതിക വിദ്യാഭ്യാസം സമന്വയിപ്പിച്ചു സമൂഹത്തിന് ഗുണകരമായി നേതൃത്വം നൽകാൻ കഴിയുന്ന പണ്ഡിതന്മാരെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെ 1999ൽ ഇമാം ഗസാലി അക്കാദമി എന്ന പാഠശാല ഡബ്ല്യു.എം.ഒ ആരംഭിച്ചിരുന്നു. വയനാട് ജില്ലയിലെ സ്കൂൾ അഞ്ചാം തരവും അഞ്ചാം തരം മദ്രസയും പാസ്സായ 40 മിടുക്കരായ വിദ്യാർഥികളെ പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിൽ തെരഞ്ഞെടുക്കുകയും ചെയ്തു. ആറാം ക്ലാസ് മുതൽ പോസ്റ്റ് ഗ്രാജ്വേറ്റ് വരെ തുടരുന്ന പ്രത്യേക സിലബസ് ആയിരുന്നു അവർ തയാറാക്കിയിരുന്നത്. പണ്ഡിതനും ചിന്തകനുമായ അബ്ദുല്ല ദാരിമിയും സുഹൃത്ത് കൂടിയായ മായൻ മണിമയുമായിരുന്നു നേതൃ സ്ഥാനത്ത്.

ആദ്യ ബാച്ചിൽ അഡ്മിഷൻ കിട്ടിയവരൊക്കെ പല തരത്തിലും പ്രതിഭകളായിരുന്നു. കേരളത്തിലെ അറിയപ്പെടുന്ന പ്രഭാഷകനും കൗൺസിലറുമായ റാഷിദ് കൂളിവയലും ആ കൂട്ടത്തിലുണ്ടായിരുന്നു. കേവല വിദ്യാഭ്യാസം എന്നതിനപ്പുറം കുട്ടിയുടെ എല്ലാ മേഖലയിലെയും വളർച്ച ലക്ഷ്യമാക്കി നൂതനമായ പ്രവർത്തങ്ങൾ അക്കാദമി ഒരുക്കി കൊടുത്തിരുന്നു. കുട്ടികളുടെ കരിയർ രൂപീകരണത്തിലും സർഗാത്മക പ്രവർത്തനങ്ങളിലും അതൊക്കെ വലിയ തോതിൽ സ്വാധീനം ചെലുത്തിയതുമാണ്. മായനും ദാരിമിയും വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച, അക്കാദമിക രംഗത്തും അല്ലാതെയുമുള്ള നിരവധി പ്രതിഭകളെ ഇവർക്ക് പരിചയപ്പെടുത്തി കൊടുത്തിരുന്നു. ഇതൊക്കെ അവരുടെ ചിന്തയെയും പഠന മേഖലകൾ തിരഞ്ഞെടുക്കുന്നതിനെയും സ്വാധീനിച്ചിട്ടുണ്ട്. 2004ൽ ആദ്യ ബാച്ചിന്റെ പത്താം ക്ലാസ് റിസൾട്ട് വന്നപ്പോൾ എല്ലാവരും മികച്ച വിജയം നേടിയതുമാണ്. പ്ലസ് ടു ഹ്യൂമാനിറ്റീസ് ബാച്ചാണ് അക്കാദമി മുന്നിൽ കണ്ടത്. പക്ഷെ എന്റെ മുന്നിലുള്ളയാൾക്ക് സയൻസ് എടുത്തേ തീരൂ എന്ന മനോഭാവവും വാശിയും.

മുഹമ്മദ് ഷെഫീഖ് മുയ്യാരിക്കണ്ടി ക്ലാസ്സെടുക്കുന്നു

ഞാൻ അയാളോട് അവരുടെ കൂടെ തന്നെ തുടരാൻ പരമാവധി ഉപദേശിച്ചുനോക്കി. അയാൾ വഴങ്ങിയേ ഇല്ല. എന്തിനാണ് സയൻസ് തന്നെ എന്ന എന്റെ ചോദ്യത്തിന് എന്തോ ഉറപ്പിച്ചെടുത്ത തീരുമാനം പോലെയുള്ള മറുപടി നൽകി- 'എനിക്കൊരു സയന്റിസ്റ്റ് ആവണം'. സാധാരണ കുട്ടികളൊക്കെ പറയുന്ന കരിയർ ചിന്ത എന്നേ കരുതിയുള്ളൂ. പക്ഷേ, അവസാനം എനിക്ക് അയാളുടെ കൂടെ നിൽക്കേണ്ടി വന്നു. അവസാനം ഡബ്ല്യു.എം.ഒ അധികൃതരുമായി സംസാരിച്ച് ഒരുവിധം സമ്മതം വാങ്ങിച്ചു. അപ്പോഴും ഒരു റസിഡൻഷ്യൽ സ്ഥാപനം തന്നെ വേണമെന്ന് അവൻ ആഗ്രഹം പറഞ്ഞു. അങ്ങിനെയാണ് കോഴിക്കോട് ജില്ലയിലെ പ്രസിദ്ധമായ ചേന്നമംഗലൂർ ഹയർ സെക്കന്ററി സ്കൂളിലെത്തുന്നത്.

വീട്ടിൽ ജ്യേഷ്ഠൻ ഇതേപോലെ പഠിച്ചേ അടങ്ങൂ എന്ന വാശിയിൽ ഒരുപാട് കഷ്ടപ്പാട് സ്വയം സ്വീകരിച്ച് ബി.എസ്സി നഴ്സിങിന് പഠിക്കുന്നു. അനിയന്റെ പഠനം വേറെയും. ചേന്നമംഗല്ലൂർ സ്കൂൾ പ്രിൻസിപ്പലായിരുന്ന ഡോ. കൂട്ടിൽ മുഹമ്മദലി സാറിന്റെയും അവിടുത്തെ അധ്യാപകരുടെയും വലിയ തോതിലുള്ള കരുതലും പിന്തുണയും കൊണ്ട് പ്രതിസന്ധികളൊക്കെ അതിജയിക്കാനായി. പ്ലസ്ടു റിസൾട്ട് വന്നയുടനെ അവിടുത്തെ അധ്യാപകർ അവന് മഞ്ചേരി സയൻസ് സെന്റർ എൻട്രൻസ് കോച്ചിങ് സ്ഥാപനത്തിൽ അഡ്മിഷൻ വാങ്ങി കൊടുത്തു. പ്രവേശന പരീക്ഷ ഫലം വന്നു. ബി.ഡി.എസിന് സ്വാശ്രയ കോളേജിൽ അഡ്മിഷൻ ലഭിച്ചു. പക്ഷേ, അയാൾ തന്റെ ലക്ഷ്യത്തിലേക്കുള്ള വഴി അതല്ലെന്ന് സ്വയം തിരിച്ചറിഞ്ഞ് വെറ്റിനറി സർജൻ ബി.വി.എസ്സി ക്ക് അഡ്മിഷൻ എടുക്കുകയായിരുന്നു. പൂക്കോട് വെറ്ററിനറി കോളജിലായിരുന്നു പഠനം.

2013ൽ കോഴ്സ് പൂർത്തിയാക്കി കോൺവെക്കേഷൻ നടക്കുന്ന ദിവസം ഉപ്പയെയും ഉമ്മയെയും ക്ഷണിച്ച കൂട്ടത്തിൽ എന്നെയും കുടുംബത്തെയും അവൻ പ്രത്യേകം ക്ഷണിച്ചിരുന്നു. അന്നത്തെ കൃഷി മന്ത്രിയായിരുന്ന കെ.പി. മോഹനൻ ആയിരുന്നു വിശിഷ്ടാതിഥി. ബാച്ചിലെ യുവ വെറ്ററിനറി ഡോക്ടർമാരെ പേര് വിളിച്ച് സനദ് ദാനം നടത്തുന്നു. മുഹമ്മദ് ഷെഫീഖ് മുയ്യാരിക്കണ്ടി എന്ന അനൗൺസ്‌മെന്റ് വന്നു. നമ്മുടെ കഥാപാത്രം നേരെ ഉപ്പ അബ്ദുല്ലയുടെയും ഉമ്മ ആസ്യയുടെയും അടുത്തുവന്ന് അവരെ ആശ്ലേഷിച്ചു. അന്ന് ആ രക്ഷിതാക്കളുടെ കണ്ണിൽ നിന്നുതിർന്നുവീണ ആനന്ദ കണ്ണുനീർ പിന്നീട് എന്റെ പല മോട്ടിവേഷൻ ക്ലാസ്സിലും പുനരവതരിപ്പിച്ചിട്ടുണ്ട്. അതൊരു മറക്കാനാകാത്ത അനുഭവമായി കരുതുന്നു.

വെറ്ററിനറി ഡിഗ്രിക്ക് ശേഷം 2014വരെ ഷെഫീഖ് അവിടെ തന്നെ ട്യൂട്ടർ ആയി, ദിവസ വേതനക്കാരനായി തുടർന്നു. ബാക്കിയുള്ളവരൊക്കെ സർക്കാർ ആശുപത്രിയിൽ സേവനം ചെയ്യാൻ തുടങ്ങി. 'എന്തേ ജോലിയൊന്നും നോക്കുന്നില്ലേ?' എന്ന എന്റെ ചോദ്യത്തിന് 'യു.എസിൽ എം.എസ്സ് ചെയ്യണം' എന്നായിരുന്നു മറുപടി. 2014ൽ അമേരിക്കയിലെ യൂനിവേഴ്സിറ്റി ഓഫ് കണക്ടിക്കട്ടിൽ (University of Connecticut) എം.എസ്സിന് അഡ്മിഷൻ കിട്ടി. യാത്ര പറയുമ്പോൾ ഒരിക്കൽ കൂടി അവൻ എന്നോട് പണ്ട് പറഞ്ഞത് ആവർത്തിച്ചു -'ഒരു സയന്റിസ്റ്റ് ആവണം'. കുട്ടികളെ പല രീതിയിലും കരിയർ മോട്ടിവേറ്റ് ചെയ്യാൻ അധ്യാപന കാലത്തു ശ്രമിച്ചിരുന്നതും പലരും സ്വപ്നതുല്യമായ നേട്ടങ്ങൾ കൊയ്ത് തിരിച്ചുവന്നതുമൊക്കെ ഓർമ്മയിൽ തെളിഞ്ഞു. പക്ഷേ, ശൂന്യതയിൽ നിന്ന് ഇങ്ങനെയൊരു ലക്ഷ്യം സെറ്റ് ചെയ്ത് അതിനുവേണ്ടി സ്വയം സമർപ്പിച്ച് പുറപ്പെട്ട് പോകുമ്പോൾ വലിയ ആശങ്കകൾ ഉണ്ടായെങ്കിലും വല്ലാത്തൊരു അഭിമാനബോധവും നുരഞ്ഞുപൊങ്ങി. ഇന്നത് ഏറ്റവും പാരമ്യത്തിലെത്തിയിരിക്കുന്നു.

മുഹമ്മദ് ഷെഫീഖ് മുയ്യാരിക്കണ്ടി (നിൽക്കുന്നവരിൽ വലത്തുനിന്ന് മൂന്നാമത്) സഹപ്രവർത്തകർക്കൊപ്പം

2014-2018 കാലയളവിൽ യു.എസിൽ നിന്ന് അനിമൽ സയൻസിൽ എം.എസ് പൂർത്തിയാക്കി. 2016ൽ യൂനിവേഴ്സിറ്റി ഓഫ് കണക്ടിക്കട്ടിലെ ഗ്രാജ്വേറ്റ് സ്റ്റുഡന്റിനുള്ള 15000 യു.എസ് ഡോളറിന്റെ സ്കോളർഷിപ്പ് ലഭിച്ചു. കോഴികളുടെ ഭ്രൂണ വളർച്ചയിൽ പ്രോബയോട്ടിക്‌സുകളുടെ പ്രയോജനം എന്ന വിഷയത്തിലായിരുന്നു പ്രബന്ധം. ഇത് യൂനിവേഴ്സിറ്റിക്ക് കോഴികളുടെ ഭ്രൂണ വളർച്ചക്ക് ചില പ്രോബയോട്ടിക്സുകളുടെ ഉപയോഗത്തിനുള്ള പേറ്റന്റ് ലഭിക്കുന്നതിന് കാരണമായി. 2018ൽ തന്നെ അനിമൽ സയൻസ് ഫുഡ് മൈക്രോ ബയോളജി ആൻഡ് സേഫ്റ്റി എന്ന വിഷയത്തിൽ ഡോക്ടറേറ്റ് നേടി. 2018-2020I യൂനിവേഴ്സിറ്റി ഓഫ് മരിലാൻഡിൽ പോസ്റ്റ് ഡോക്ടറൽ അസ്സോസിയേറ്റ് ആയി ജോലി ചെയ്‌തു. 2020 മുതൽ ഇപ്പോൾ ജോലി ചെയ്യുന്ന നോർത്ത് കരോലിന സ്റ്റേറ്റ് യൂനിവേഴ്സിറ്റിയിൽ പോസ്റ്റ് ഡോക്ടറൽ സിസർച്ച സ്കോളർ ആണ്. ഷെഫീഖ് യു.എസിൽ എത്തിയിട്ട് എട്ട് വർഷമാകുന്നു. ഇടക്കൊരു തവണ നാട്ടിൽ വന്നിരുന്നു. പഠനം ഒരു തപസ്സായി ഏറ്റെടുത്തു ലക്ഷ്യത്തിലെത്താൻ അയാൾ നടത്തിയ അധ്വാനത്തെ അഭിനന്ദിക്കേണ്ടതുണ്ട്.

അമേരിക്കയിലെ വിവിധ യൂനിവേഴ്സിറ്റികൾ നടത്തിയ പല ഗവേഷണ പ്രബന്ധ മത്സരങ്ങളിലും ഒന്നാം സമ്മാനം അടക്കമുള്ള നിരവധി പുരസ്കാരങ്ങളും സ്കോളർഷിപ്പുകളും ഷെഫീഖ് മുയ്യാരിക്കണ്ടിക്ക് ലഭിച്ചിട്ടുണ്ട്. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫുഡ് ടെക്നോളജി സ്റ്റുഡന്റസ് അസോസിസേഷന്റെ പ്രസിഡന്റ്, സെക്രട്ടറി പദങ്ങൾ അലങ്കരിച്ചിട്ടുണ്ട്. വയനാട്ടിലെ നാട്ടിൻപുറത്തുകാർക്ക് സ്വപ്നം കാണാൻ പോലുമാകാത്ത അക്കാദമിക വളർച്ച നേടിയ ഷെഫീഖിന്റെ അക്കാദമിക വിജയത്തിന്റെ ഗ്രാഫ് കാണാനിടയായപ്പോൾ പണ്ടെന്റെ പൂമുഖത്ത് പഠിക്കാനുള്ള അഭിനിവേശവുമായി വന്ന ആ മുഖം ഒരിക്കൽ കൂടി ഓർമ വന്നു. വയനാട് കൈതക്കൽ സ്വദേശിയായ ഷെഫീഖിന്റെ ജ്യേഷ്ഠൻ മുഹമ്മദ് റാസിഖ് ഖത്തറിൽ ഹമദ് മെഡിക്കൽ കോളേജിൽ ട്രോമാ കെയറിൽ നഴ്‌സായി ജോലി ചെയ്യുന്നു. എം.സി.എക്കാരനായ മുഹമ്മദ് റംഷാദ് അനുജനും ശബ്ന സഹോദരിയുമാണ്.

(റിട്ടയേർഡ് എ.ഇ.ഒയാണ് ലേഖകൻ )

Tags:    
News Summary - A Wayanad man's journey from religious school to the American world of science

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.