കേന്ദ്രത്തിന് മൗനം; ജി.എസ്.ടി നഷ്ടപരിഹാരത്തിൽ തീരുമാനം നീളുന്നു

ന്യൂഡൽഹി: ജി.എസ്.ടി നടപ്പാക്കിയതുവഴി സംസ്ഥാനങ്ങൾക്കുണ്ടാവുന്ന നഷ്ടം അടുത്ത അഞ്ചു വർഷത്തേക്കുകൂടി കേന്ദ്രം നികത്തിക്കൊടുക്കണമെന്ന് ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളടക്കം നിർദേശിച്ചു. ഇക്കാര്യത്തിൽ നിലപാട് വ്യക്തമാക്കാതെ കേന്ദ്രസർക്കാർ. ചണ്ഡിഗഢിൽ നടന്ന കേന്ദ്ര-സംസ്ഥാന ധനമന്ത്രിമാരുടെ ജി.എസ്.ടി കൗൺസിൽ ഇതേതുടർന്ന് തീരുമാനമൊന്നും എടുക്കാതെ പിരിഞ്ഞു.

ഈ വിഷയത്തിൽ സംസാരിച്ച 16 ധനമന്ത്രിമാരിൽ നാലു പേരൊഴികെ എല്ലാവരും നഷ്ടപരിഹാരം കേന്ദ്രം തുടർന്നും നൽകണമെന്ന ആവശ്യമാണ് ഉന്നയിച്ചത്. നഷ്ടപരിഹാരം കേന്ദ്രം അടുത്ത അഞ്ചു വർഷത്തേക്കുകൂടി സംസ്ഥാനങ്ങൾക്ക് നൽകണമെന്ന കേരളത്തിന്റെ കാഴ്ചപ്പാട് ധനമന്ത്രി കെ.എൻ. ബാലഗോപാലും ആവർത്തിച്ചു. നഷ്ടപരിഹാര സംവിധാനം മതിയാക്കി സംസ്ഥാനങ്ങൾ സ്വന്തംനിലക്ക് വരുമാനം കണ്ടെത്തട്ടെ എന്ന കാഴ്ചപ്പാടാണ് എതിർത്തവർ മുന്നോട്ടുവെച്ചത്.

2017 ജൂലൈയിൽ ജി.എസ്.ടി നടപ്പാക്കിയപ്പോൾ അഞ്ചു വർഷ നഷ്ടപരിഹാരമാണ് സംസ്ഥാനങ്ങൾക്ക് കേന്ദ്രസർക്കാർ വാഗ്ദാനംചെയ്തത്. കാലാവധി ഇന്ന് അവസാനിക്കാനിരിക്കെയാണ്, കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ യോഗത്തിൽ നിലപാട് വ്യക്തമാക്കാതിരുന്നത്. കോവിഡിനെ തുടർന്ന് കനത്ത നഷ്ടം നേരിടുന്നതുകൊണ്ട് അഞ്ചു വർഷത്തേക്കുകൂടി കേന്ദ്രസഹായം തുടർന്നേ പറ്റൂ എന്ന് കൂടുതൽ സംസ്ഥാനങ്ങൾ ആവശ്യപ്പെട്ടതാണ് മന്ത്രിയെ കുഴക്കിയത്. കാസിനോ, ഓൺലൈൻ ഗെയിമിങ്, ലോട്ടറി എന്നിവക്ക് 28 ശതമാനം നികുതി ഈടാക്കണമെന്ന നിർദേശം കൂടുതൽ ചർച്ചകൾക്കായി മാറ്റിവെച്ചു. മേഘാലയ മുഖ്യമന്ത്രി കൊൺറാഡ് സാങ്മയുടെ നേതൃത്വത്തിലുള്ള സമിതി ജൂലൈ 15ന് മുമ്പ് ഇക്കാര്യത്തിൽ കൂടുതൽ ചർച്ച നടത്തും.

Tags:    
News Summary - The decision on GST compensation is long overdue

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.