ടി.ഡി.എസ്: വീഴ്ച വരുത്തിയാല്‍ പിഴയും പലിശയും

സ്രോതസ്സില്‍ നികുതി പിടിക്കുന്നതും (ടി.ഡി.എസ്) അടയ്ക്കുന്നതും റിട്ടേണ്‍ ഫയല്‍ ചെയ്യുന്നതും ആദായനികുതി വകുപ്പ് സസൂക്ഷ്മം പരിശോധിച്ച് വരികയാണ്. പ്രസ്തുത വിഷയങ്ങളില്‍ നിര്‍ദേശിക്കപ്പെട്ട നികുതി പിടിക്കുകയും അടയ്ക്കുകയും റിട്ടേണ്‍ ഫയല്‍ ചെയ്യുകയും ചെയ്തിട്ടില്ളെങ്കില്‍ നികുതി വകുപ്പ് പിഴയും പലിശയും ഈടാക്കും.

ബിസിനസില്‍ ഉണ്ടാകുന്ന ചെലവുകള്‍ അംഗീകരിക്കാതിരിക്കുക
ഇന്ത്യയില്‍ സ്ഥിര താമസക്കാരല്ലാത്തവരുമായി നടത്തുന്ന പണമിടപാടുകളില്‍ നിര്‍ദേശിക്കപ്പെട്ട നിരക്കില്‍ നികുതി പിടിച്ചില്ളെങ്കില്‍ പ്രസ്തുത ചെലവുകളെ ബിസിനസിലുള്ള ചെലവുകളായി കണക്കാക്കില്ല. എന്നാല്‍, പിന്നീടുള്ള വര്‍ഷങ്ങളില്‍ ഈ നികുതി അടച്ചാല്‍ അത് ആ വര്‍ഷത്തെ ചെലവായി കണക്കാക്കും. എന്നാല്‍, ഇന്ത്യയില്‍ സ്ഥിരതാമസമുള്ള വ്യക്തിയുമായാണ് പണമിടപാട് നടത്തുന്നതെങ്കില്‍ സ്രോതസ്സില്‍ നികുതി പിടിക്കാതിരിക്കുന്ന സാഹചര്യങ്ങളില്‍ ചെലവുകളുടെ 30 ശതമാനം തുക ബിസിനസിലുള്ള ചെലവുകളായി അംഗീകരിക്കാതിരിക്കുകയും ചെയ്യും. വരും വര്‍ഷങ്ങളില്‍ ഈ നികുതി അടയ്ക്കുകയാണെങ്കില്‍ തന്നാണ്ടില്‍ ബിസിനസിലുള്ള ചെലവായി അംഗീകരിക്കും.
പലിശ
ഏതെങ്കിലും വ്യക്തി സ്രോതസ്സില്‍ നികുതി പിടിക്കേണ്ട സാഹചര്യങ്ങളില്‍ പിടിക്കാതിരിക്കുകയോ പിടിച്ച നികുതി നിര്‍ദിഷ്ട സമയത്തിനുള്ളില്‍ അടയ്ക്കാതിരിക്കുകയോ ചെയ്താല്‍ പ്രസ്തുത നികുതിയില്‍ പലിശ നല്‍കേണ്ടിവരും. നികുതി പിടിക്കാന്‍ താമസിക്കുന്ന സാഹചര്യങ്ങളില്‍ ഒരു ശതമാനം പലിശയും പിടിച്ചശേഷം അടയ്ക്കാന്‍ കാലതാമസം ഉണ്ടാവുകയാണെങ്കില്‍ 1.5 ശതമാനം പലിശയും നിര്‍ബന്ധമായും നിര്‍ദിഷ്ട തീയതി മുതല്‍ ഈടാക്കും.

പിഴ
ആദായനികുതി നിയമം 271 സി വകുപ്പ് അനുസരിച്ച് സ്രോതസ്സില്‍ നികുതി പിടിച്ചില്ളെങ്കില്‍ നികുതി ഉദ്യോഗസ്ഥന് പിഴ ഈടാക്കാം. നികുതിക്ക് തുല്യമായ തുക വരെ ഈടാക്കാന്‍ സാധിക്കും. എന്നാല്‍, നികുതി തുകയെക്കാള്‍ കൂടുതലായി വരുന്ന തുക പിഴയായി ഈടാക്കില്ല.

പ്രോസിക്യൂഷന്‍ നടപടി
നികുതി തുക പിടിച്ചശേഷം കേന്ദ്ര സര്‍ക്കാറിലേക്ക് അടയ്ക്കാതിരിക്കുന്ന സാഹചര്യങ്ങളില്‍ ആദായ നികുതി നിയമം 276 ബി വകുപ്പ് അനുസരിച്ച് പ്രോസിക്യൂഷന്‍ നടപടികള്‍ ചുമത്താം. തുക അടയ്ക്കുന്നതിന് മന$പൂര്‍വം വീഴ്ച വരുത്തിയതാണെങ്കില്‍ തുകയുടെ വലുപ്പം അനുസരിച്ച് മൂന്നു മാസം മുതല്‍ ഏഴു വര്‍ഷം വരെ കഠിനതടവിനും ശിക്ഷിക്കപ്പെടാം. കമ്പനികളും ആദായനികുതി നിയമം 44 എ.ബി അനുസരിച്ച് ഓഡിറ്റിന് വിധേയമായ നികുതിദായകരും ഇലക്ട്രോണിക് മാര്‍ഗത്തിലൂടെ നികുതി അടയ്ക്കേണ്ടതാണ്. അല്ലാത്ത നികുതിദായകര്‍ക്ക് ചെല്ലാന്‍ നമ്പര്‍ 281ല്‍ അംഗീകൃത ബാങ്കുകളിലൂടെ നികുതി അടയ്ക്കാം.

ടി.ഡി.എസ് റിട്ടേണ്‍ നിര്‍ദിഷ്ട സമയത്ത് ഫയല്‍ ചെയ്തില്ളെങ്കില്‍
റിട്ടേണ്‍ ഫയല്‍ ചെയ്യാന്‍ കാലതാമസമോ വീഴ്ചയോ വരുത്തുകയാണെങ്കില്‍ ആദായനികുതി നിയമം 234 ഇ അനുസരിച്ച് നിര്‍ദിഷ്ട തീയതി മുതല്‍ താമസിക്കുന്ന ഓരോ ദിവസത്തിനും നിര്‍ബന്ധമായും 200 രൂപ വീതം ഫീസ് ഈടാക്കും. ഈ തുക പിഴയായല്ല ഈടാക്കുന്നത്. മറിച്ച് താമസിച്ച് ഫയല്‍ ചെയ്യുന്നതിനുള്ള ഫീസായിട്ടാണ് കണക്കിലെടുക്കുക. ഈ തുക നികുതി തുകയെക്കാള്‍ കൂടുതലാകാന്‍ പാടില്ല. ഉദാഹരണമായി നികുതിദായകന് റിട്ടേണ്‍ ഫയല്‍ ചെയ്യുന്നതിന് 365 ദിവസത്തെ കാലതാമസം വന്നു എന്ന് വിചാരിക്കുക. താമസിച്ച് ഫയല്‍ ചെയ്യുന്നതിന് ഫീസായി 73,000 രൂപ വരും. എന്നാല്‍, നികുതി അടയ്ക്കാനുള്ളത് 10000 രൂപ മാത്രമേ ഉള്ളൂവെങ്കില്‍ പ്രസ്തുത തുക മാത്രമേ താമസിച്ച് ഫയല്‍ ചെയ്യുന്നതിന് ഫീസായി ഈടാക്കാനാവൂ. 2016-17 വര്‍ഷത്തിലെ റിട്ടേണ്‍ ഫയല്‍ ചെയ്യേണ്ട സമയങ്ങള്‍: ത്രൈമാസ പീരിയഡ് അവസാനതീയതി (എല്ലാവര്‍ക്കും) 01-04-2016 -30-06-2016 31-07-2016 01-07-2016 -30-09-2016 31-10-2016 01-10-2016 - 31-12-2016 31-01-2017 01-01-2017 -31-03-2017 15-05-2017

റിട്ടേണ്‍: വീഴ്ച വരുത്തിയാലും പിഴ
സ്രോതസ്സില്‍ പിടിച്ച നികുതിയുടെ റിട്ടേണുകള്‍ യഥാസമയത്ത് ഫയല്‍ ചെയ്തില്ളെങ്കില്‍ 10,000 മുതല്‍ 1,00,000 രൂപ വരെ പിഴ ഈടാക്കാം. എന്നാല്‍, താഴെപ്പറയുന്ന നിബന്ധനകള്‍ പാലിക്കപ്പെട്ടിട്ടുണ്ടെങ്കില്‍ പിഴ ഈടാക്കില്ല്ള. പിടിച്ച നികുതി സര്‍ക്കാറില്‍ അടച്ചു താമസിച്ച് ഫയല്‍ ചെയ്യുന്നതിനുള്ള ഫീസും പലിശയും യഥാക്രമം അടച്ചിട്ടുണ്ടെങ്കില്‍ റിട്ടേണ്‍ ഫയല്‍ ചെയ്യേണ്ട നിര്‍ദിഷ്ട തിയതി കഴിഞ്ഞ് ഒരു വര്‍ഷത്തിനുള്ളില്‍ റിട്ടേണുകള്‍ ഫയല്‍ ചെയ്തിട്ടുണ്ടെങ്കില്‍ എന്നാല്‍, ഒരു വര്‍ഷത്തില്‍ കൂടുതല്‍ കാലതാമസം വന്നിട്ടുള്ള സാഹചര്യങ്ങളില്‍ ഇന്‍കം ടാക്സ് കമീഷണര്‍ക്ക് പരാതി നല്‍കുകയാണെങ്കില്‍ പിഴതുക കുറവു ചെയ്തെടുക്കാന്‍ സാധിക്കും.

babyjosephca@hotmail.com

Tags:    
News Summary - tax return may cause fine

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.