ഓൺലൈൻ ഗെയിമിന് 28 ശതമാനം ജി.എസ്.ടി; ഒക്ടോബർ ഒന്ന് മുതൽ പ്രാബല്യത്തിൽ, നിയമം ഭേദഗതി ചെയ്യും

ന്യൂഡൽഹി: ഓൺലൈൻ ഗെയിം അടക്കം പണം വെച്ചുള്ള മത്സരങ്ങൾക്ക് 28 ശതമാനം ചരക്ക് സേവന നികുതി (ജി.എസ്.ടി) തുടരാൻ തീരുമാനം. ജി.എസ്.ടി കൗൺസിലിന്‍റെ 51-മത് യോഗത്തിലാണ് ഈ തീരുമാനമെടുത്തത്. നികുതി ശിപാർശ ഒക്ടോബർ ഒന്ന് മുതൽ പ്രാബല്യത്തിൽ വരും.

ഓൺലൈൻ ഗെയിമുകൾ, കാസിനോകൾ, കുതിരപ്പന്തയം എന്നിവക്ക് ജി.എസ്.ടി ചുമത്തുന്നതിനായി ബന്ധപ്പെട്ട നിയമത്തിൽ ഭേദഗതി വരുത്തും. 2017ലെ സി.ജി.എസ്.ടി, ഐ.ജി.എസ്.ടി നിയമങ്ങളിലാണ് ഭേദഗതി വരുത്തുക.

ഓൺലൈൻ ഗെയിമിന് നൽകുന്ന പ്രാരംഭ തുകയിലായിരിക്കും ജി.എസ്.ടി ഈടാക്കുക. എന്നാൽ, ഓരോ പന്തയത്തിന്‍റെയും മൊത്തം മൂല്യത്തിന് നികുതി ചുമത്തില്ല. അതുപോലെ, കൂടുതൽ പന്തയങ്ങൾ വഴിയുള്ള വിജയങ്ങൾക്കും നികുതി ബാധകമല്ല.

ഉദാഹരണത്തിന്, ഒരു വ്യക്തി ഒരു കാസിനോയിൽ 1000 രൂപ വിലയുള്ള ചിപ്‌സ് വാങ്ങുകയും 100 രൂപ വാതുവെക്കുകയും 300 രൂപ നേടുകയും ചെയ്താൽ മൊത്തം തുക 1,300 രൂപയാകും. വ്യക്തി നൽകുന്ന പ്രാരംഭ എൻട്രി തുകയായ 1,000 രൂപക്ക് 28 ശതമാനം നികുതി ചുമത്തും. അല്ലാതെ 1,300 രൂപക്ക് നികുതി ചുമത്തില്ല.

ജൂലൈ 11ന് ചേർന്ന ജി.എസ്.ടി കൗൺസിലിന്‍റെ 50-മത് യോഗത്തിൽ ഓൺലൈൻ ഗെയിമുകൾ അടക്കമുള്ളവക്ക് 28 ശതമാനം നികുതി ചുമത്താൻ ശിപാർശ ചെയ്തിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.