ആറ് വര്‍ഷത്തെ ഐ.ടി.ആര്‍-വി പ്രശ്നം പരിഹരിക്കാന്‍ അവസരം

ബംഗളൂരു: ആദായ നികുതി റിട്ടേണ്‍ യഥാസമയം ഫയല്‍ ചെയ്തിട്ടും വേരിഫിക്കേഷന്‍ യഥാസമയം നടത്തിയിട്ടില്ളെന്ന അറിയിപ്പ് വരാറുണ്ടോ. പ്രശ്നപരിഹാരത്തിന് ഇതാ ഒരവസരം കൂടി. ആറ് അസസ്മെന്‍റ് വര്‍ഷങ്ങളിലെ നിട്ടേണ്‍ സമര്‍പ്പണത്തില്‍ ഇത്തരത്തില്‍ ഉണ്ടായ തകരാറുകള്‍ പരിഹരിക്കാന്‍ നികുതി ദായകര്‍ക്ക് അന്തിമമായി ഒരവസരം കൂടി നല്‍കാന്‍ സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്ട് ടാക്സസ് (സി.ബി.ഡി.ടി) തീരുമാനിച്ചു.
ആദായ നികുതി റിട്ടേണ്‍ വേരിഫിക്കേഷന്‍ (ഐ.ടി.ആര്‍-വി) യഥാസമയം ബംഗളൂരുവിലെ കേന്ദ്ര പ്രോസസിങ് കേന്ദ്രത്തില്‍ എത്താത്ത സാഹചര്യത്തില്‍ വലിയൊരു വിഭാഗം റിട്ടേണുകളില്‍ നടപടിക്രമം പൂര്‍ത്തിയാക്കാന്‍ പറ്റാത്ത സാഹചര്യത്തിലാണിതെന്ന് സി.ബി.ഡി.ടി സര്‍ക്കുലറില്‍ വ്യക്തമാക്കി.
2009-10 അസസ്മെന്‍റ് വര്‍ഷം മുതലുള്ള റിട്ടേണുകള്‍ സ്ഥിരീകരിക്കാനാണ് അവസരം നല്‍കുന്നത്. ആഗസ്റ്റ് 31 വരെയാണ് ഇതിന് അവസരം. നിര്‍ദ്ദേശം അനുസരിച്ച് റിട്ടേണ്‍ സമര്‍പ്പണത്തിനുശേഷം വേരിഫിക്കേഷന്‍ ഫോം പ്രിന്‍റ് എടുത്ത് ബംഗളൂരുവിലേക്ക് അയക്കാന്‍ വിട്ടുപോകുന്നതുകൊണ്ടോ, സാധാരണ തപാലില്‍ അയക്കുന്ന ഇവ അവിടെ എത്താതെ പോകുന്നതുകൊണ്ടോ നടപടി ക്രമം പൂര്‍ത്തിയാകാതിരിക്കാം. റിട്ടേണ്‍ സമര്‍പ്പണത്തിനുശേഷം 120 ദിവസത്തിനകമാണ് സ്ഥിരീകരണ ഫോം അവിടെ ലഭിക്കേണ്ടത്. റീഫണ്ട് ലഭിക്കാനുള്ളവര്‍ക്കും നഷ്ടങ്ങള്‍ തട്ടിക്കിഴിക്കാനുള്ളവര്‍ക്കും ഇതൊരു സുവര്‍ണാവസരമാണിത്.
അതേസമയം, റിട്ടേണ്‍ സമര്‍പ്പിച്ചവര്‍ക്കു മാത്രമേ സ്ഥിരീകരണത്തിന് അവസരമുണ്ടാകൂ. റിട്ടേണ്‍ വേരിഫിക്കേഷനൊപ്പം ആദായ നികതി വകുപ്പ് എന്തെങ്കിലും വിവരങ്ങള്‍ തേടിയിട്ടുണ്ടെങ്കില്‍ അവയും നല്‍കണം. ആദായ നികതി വകുപ്പിന്‍െറ വെബ്സൈറ്റില്‍ പ്രവേശിച്ചാല്‍ ‘കോമ്പ്ളിയന്‍സ്’, ‘വര്‍ക്ക്ലിസ്റ്റ്’ എന്നീ ടാബുകള്‍ക്ക് കീഴില്‍ ഇത്തരം വിവരങ്ങള്‍ അറിയാം. ആഗസ്റ്റ് 31നുശേഷവും  സ്ഥിരീകരണം നടത്തിയില്ളെങ്കില്‍ റിട്ടേണ്‍ യഥാസമയം ഫയല്‍ ചെയ്തിട്ടില്ല എന്നാവും വിലയിരുത്തപ്പെടുക.
ഇത് കാരണം കാണിക്കല്‍ നോട്ടീസിലേക്കും പിഴയൊടുക്കലിലേക്കും നയിച്ചേക്കാം. പുതിയ രീതിയനുസരിച്ച് സ്ഥിരീകരണത്തിന് ഇപ്പോള്‍  ഐ.ടി.ആര്‍-വി പ്രിന്‍റ് എടുത്ത് അയക്കേണ്ടതില്ല. ഓണ്‍ലൈനില്‍ ഫയല്‍ ചെയ്ത റിട്ടേണുകളില്‍ ആധാര്‍ കാര്‍ഡ് ഉപയോഗിച്ചും ബാങ്ക് അക്കൗണ്ട് ഉപയോഗിച്ചും ഓണ്‍ലൈനായി തന്നെ ഐ.ടി.ആര്‍-വി ഫയല്‍ ചെയ്യാം. പരിഹാരങ്ങള്‍ക്ക് ഐ.ടി റിട്ടേണ്‍ ഫയലിങ് അക്കൗണ്ട് ലോഗിന്‍ ചെയ്ത് ഡാഷ്ബോര്‍ഡ് ടാബില്‍ ക്ളിക് ചെയ്താല്‍ മതിയാവും.  ഇതിലൂടെ തുറക്കപ്പെടുന്ന വിന്‍ഡോയില്‍ അവശേഷിക്കുന്ന റിട്ടേണുകള്‍ കാണാം.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.