ആദായ നികുതി ഉദ്യോഗസ്ഥരുടെ പ്രവര്‍ത്തന വിലയിരുത്തല്‍ കാര്യക്ഷമമാക്കും -പ്രധാനമന്ത്രി 

ന്യൂഡല്‍ഹി: ആദായ നികുതി ഉദ്യോഗസ്ഥരെ കൃത്യമായ ഉത്തരവുകള്‍ക്ക് പ്രേരിപ്പിക്കുന്നതിനും അഴിമതി തടയുന്നതിനും ലക്ഷ്യമിട്ട് പ്രവര്‍ത്തന വിലയിരുത്തലിന് പുതിയ ഫോറം വരുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. വിശ്വസ്തരായ നികുതി ദായകര്‍ക്ക് കൂടുതല്‍ സേവനങ്ങള്‍ ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ നടപടി സ്വീകരിച്ചുകൊണ്ടിരിക്കുകയാണെന്നും റിട്ടേണുകളുടെ സൂക്ഷ്മപരിശോധനക്ക് പുതിയ ഓണ്‍ലൈന്‍ സംവിധാനം വരുമെന്നും അദ്ദേഹം പറഞ്ഞു. ആറാമത് ദല്‍ഹി സാമ്പത്തിക ഉച്ചകോടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 
ഈ വര്‍ഷം ഇലക്ട്രോണിക് റിട്ടേണുകളില്‍ 91 ശതമാനത്തിലും 90 ദിവസത്തിനകം നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി. കഴിഞ്ഞവര്‍ഷം ഇത് 46 ശതമാനം മാത്രമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. റിട്ടേണുകള്‍ മാത്രമല്ല, അതിന്‍െറ സൂക്ഷ്മ പരിശോധനയും ഓണ്‍ലൈനായി പൂര്‍ത്തിയാക്കാനാവണം. അതിനായി ആദായ നികുതി ഓഫിസില്‍ പോകേണ്ട സാഹചര്യം ഒഴിവാക്കണം. ചോദ്യങ്ങള്‍ ഇമെയിലിലോ ഓണ്‍ലൈനായോ ഉന്നയിക്കുന്നതിനും മറുപടി കിട്ടുന്നതിനും സംവിധാനം വേണം. എവിടെ, ആരുടെ നടപടികളാണ് വൈകുന്നതെന്നും എത്രകാലമായി വൈകുന്നുവെന്നും നിരീക്ഷിക്കാന്‍ സംവിധാനം വേണം. ഇക്കാര്യത്തില്‍ പരീക്ഷണ നടപടി അഞ്ച് വന്‍ നഗരങ്ങളില്‍ തുടങ്ങിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. 
ആദായ നികുതി ഉദ്യോഗസ്ഥരുടെ പ്രവര്‍ത്തന മികവു വിലയിരുത്തുന്നതിനുള്ള സംവിധാനം പരിഷ്കരിക്കണമെന്ന് താന്‍ നിര്‍ദ്ദേശിച്ചിരുന്നുവെന്ന് മോദി പറഞ്ഞു. ഓഫിസര്‍മാരുടെ ഉത്തരവുകളും വിലയിരുത്തലുകളും അപ്പീലില്‍ അംഗീകരിക്കപ്പെട്ടിട്ടുണ്ടോ എന്നതടക്കം കാര്യങ്ങള്‍ വിലയിരുത്തല്‍ ഫോറത്തില്‍ വ്യക്തമാക്കണം. ഇത് അഴിമതി തടയുന്നതിനും ശരിയായ ഉത്തരവ് നല്‍കുന്നതിന് ഉദ്യേ8ാഗസ്ഥരെ പ്രേരിപ്പിക്കുന്നതിനും ഇടയാക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. ഈ വര്‍ഷത്തെ വിലയിരുത്തല്‍ പുതിയ ഫോറത്തിന്‍െറ അടിസ്ഥാനത്തിലായിരിക്കുമെന്ന് കേന്ദ്ര പ്രത്യക്ഷ നികുതിബോര്‍ഡ് അധ്യക്ഷ അനിത കപൂറും വ്യക്മാക്കി. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.