സ്റ്റാർട്ടപ്പുകളേ, വായ്പക്കായി ബാങ്കുകൾ തോറും കയറി ഇറങ്ങണ്ട, ജൻ സമർഥ് പോർട്ടലിൽ ഏകീകൃത ഡിജിറ്റൽ പ്ലാറ്റ്‌ഫോം തയ്യാർ

ന്യൂഡൽഹി: സ്റ്റാർട്ടപ്പുകൾക്ക് വായ്പ എളുപ്പമാക്കാൻ ലക്ഷ്യമിട്ട് ജൻ സമർഥ് പോർട്ടലിൽ പുതിയ ‘ഏകീകൃത സ്റ്റാർട്ടപ്പ് അപേക്ഷ’ സംവിധാനവുമായി ധനകാര്യ വകുപ്പ്. പൊതുമേഖലാ ബാങ്കുകളിലുടനീളം വായ്പക്കായി ഒരൊറ്റ ഡിജിറ്റൽ പ്ലാറ്റ്‌ഫോമെന്ന നിലയിലാണ് സംവിധാനം പ്രവർത്തിക്കുക.

വ്യവസായ വകുപ്പിന്റെ പിന്തുണയോടെ പ്ളാറ്റ്ഫോം വഴി സ്റ്റാർട്ടപ്പുകൾക്കായി ക്രെഡിറ്റ് ഗ്യാരണ്ടി സ്കീമിൽ  20 കോടി രൂപ വരെ വായ്പ ലഭ്യമാകും. പെർമനന്റ് അക്കൗണ്ട് നമ്പർ (പാൻ), ചരക്ക് സേവന നികുതി, ആദായ നികുതി റിട്ടേൺ രേഖകൾ എന്നിവ അധിഷ്ഠിതമായി അപേക്ഷകളിൽ വേഗത്തിലും സുതാര്യതയുറപ്പുവരുത്തിയും നടപടികൾ ഉറപ്പാക്കാൻ പ്ളാറ്റ്ഫോം സഹായിക്കുമെന്ന് മന്ത്രാലയം ഔദ്യോഗിക പ്രസ്താവനയിൽ വ്യക്തമാക്കി. വനിതാ സംരംഭകർക്കായി പ്രത്യേക ഇളവുകളും പ്ലാറ്റ്‌ഫോമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

ബുധനാഴ്ച ഡൽഹിയിൽ നടന്ന ചടങ്ങിൽ ഡി.എഫ്.എസ് സെക്രട്ടറി എം. നാഗരാജു സംവിധാനം ഉദ്ഘാടനം ചെയ്തു. ഇന്ത്യൻ ബാങ്ക്സ് അസോസിയേഷനും പി.എസ്.ബി അലയൻസ് പ്രൈവറ്റ് ലിമിറ്റഡും സംയുക്തമായാണ് പ്ളാറ്റ്ഫോം വികസിപ്പിച്ചത്. ഡിപ്പാർട്ട്മെന്റ് ഫോർ പ്രൊമോഷൻ ഓഫ് ഇൻഡസ്ട്രി ആൻഡ് ഇന്റേണൽ ട്രേഡ് (ഡി.പി.ഐ.ഐ.ടി) അംഗീകരിച്ച സ്റ്റാർട്ടപ്പുകൾക്ക് നവീകരണത്തിനും, സംരംഭകത്വം, വികസനം, ഉൽപ്പന്നങ്ങൾ, സേവനങ്ങൾ എന്നിവ മെച്ചപ്പെടുത്താനും  ഇതിലൂടെ ധനസഹായം ലഭ്യമാവും.

കേന്ദ്രസർക്കാർ മാർഗ്ഗനിർദ്ദേശമനുസരിച്ച് സ്റ്റാർട്ടപ്പുകളായി തരംതിരിക്കപ്പെട്ട സ്വകാര്യ ലിമിറ്റഡ് കമ്പനികൾ, രജിസ്റ്റർ ചെയ്ത പങ്കാളിത്ത സ്ഥാപനങ്ങൾ എന്നിവർക്കാണ് അപേക്ഷിക്കാനാവുക. ഇവർക്ക് പുറമെ, ഡി.പി​.​ഐ.ഐ.ടി അംഗീകരിച്ച ലിമിറ്റഡ് ലയബിലിറ്റി പാർട്ണർഷിപ്പ് സ്ഥാപനങ്ങൾക്കും അപേക്ഷിക്കാം. അതേസമയം, ഈ വിഭാഗത്തി​ൽ ​പെടുന്ന അപേക്ഷകർ ബാധകമായ ഡി.പി​.​ഐ.ഐ.ടി മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കുന്നതാവണമെന്ന് അധികൃതർ വ്യക്തമാക്കി. 10 വർഷമോ കുറവോ പഴക്കമുള്ളതോ, വാർഷിക വിറ്റുവരവ് 100 കോടി രൂപയിൽ കവിയാത്തതോ ആയ സ്റ്റാർട്ടപ്പുകൾക്ക് പ്ളാറ്റ്ഫോമിലൂടെ ധനസഹായത്തിന് അപേക്ഷ സമർപ്പിക്കാം.

വിഭജനത്തിലൂടെയോ പുനരേകീകരണത്തിലൂടെയോ രൂപീകരിച്ച സ്ഥാപനങ്ങൾ, ഹിന്ദു അവിഭക്ത കുടുംബങ്ങൾ, ലോൺ തിരിച്ചടവ് മുടങ്ങിയ​തും നിഷ്ക്രിയ ആസ്തി നിലയിലുളളതുമായ സ്ഥാപനങ്ങൾ എന്നിവർക്ക് അപേക്ഷിക്കാനാവില്ല. ഫോറെക്സ് ഹെഡ്ജിംഗിനും മറ്റ് പ്രവർത്തന മൂലധന ആവശ്യങ്ങൾക്കുമായി സ്റ്റാർട്ടപ്പുകൾക്ക് ടേം ലോൺ, പ്രവർത്തന മൂലധന സൗകര്യങ്ങൾ - ഫണ്ട് അധിഷ്ഠിതവും നോൺ-ഫൗണ്ട് അധിഷ്ഠിതവുമായ ലിമിറ്റുകൾ, ഓഫ്-ബാലൻസ് ഷീറ്റ് ലിമിറ്റ് ( ഫോർവേഡ് കരാറുകൾ പോലുള്ള) എന്നിവ പ്ളാറ്റ്ഫോമിലൂടെ ലഭിക്കും.  https://www.jansamarth.in/business-loan-startup-scheme എന്ന ലിങ്കിൽ അപേക്ഷയും വിശദാംശങ്ങളും ലഭ്യമാവും. 

Tags:    
News Summary - Startup Common Application Launched On JanSamarth Portal For Loans Up To Rs 20 Crore

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.