യു.എസ്-ഇറാൻ സംഘർഷങ്ങളിൽ താൽക്കാലിക ശാന്തത: ബ്രെന്‍റ് 91 ഡോളറിലെത്തി

യു.എസും ഇറാനും തമ്മിൽ പുതിയ ഏറ്റുമുട്ടലുകളൊന്നും റിപ്പോർട്ട് ചെയ്യാത്തതിനെ തുടർന്ന് ഇന്ന് ക്രൂഡ് ഓയിൽ വില 1.2% കുറഞ്ഞ് ബാരലിന് 91.5 ഡോളർ നിലവാരത്തിലെത്തി. എന്നാൽ ഇരുരാജ്യങ്ങളും തമ്മിലുള്ള സമാധാന ചർച്ചകളിൽ പുരോഗതിയൊന്നും ഉണ്ടായിട്ടില്ല. സമാനമായി, വെസ്റ്റ് ടെക്സസ് ഇന്റർമീഡിയറ്റ് ക്രൂഡ് ഓയിൽ വില 1.16% ഇടിഞ്ഞ് ബാരലിന് 85.5 ഡോളറിലെത്തി.

പുതിയ ആക്രമണങ്ങളുടെ അഭാവവും പേർഷ്യൻ ഗൾഫിൽ നിന്നുള്ള ഊർജ വിതരണം വർധിച്ചതും വിപണിയിലെ ആശങ്കകൾക്ക് അല്പം ആശ്വാസം പകർന്നിട്ടുണ്ട്. കൂടാതെ, ലോകത്തിലെ ഏറ്റവും വലിയ ക്രൂഡ് ഓയിൽ കയറ്റുമതിക്കാരിലൊരാളായ സൗദി അറേബ്യ, ഒക്ടോബറിൽ തങ്ങളുടെ എണ്ണ ഉൽപ്പാദനം 26% വർധിപ്പിച്ച് സമീപകാലത്തെ ഏറ്റവും ഉയർന്ന പ്രതിമാസ നിലവാരത്തിലെത്തിച്ചതായി ഒപെക്കിനെ അറിയിച്ചു. ഹുർമുസ് കടലിടുക്കിലെ പ്രതിസന്ധികൾക്കും എണ്ണക്കപ്പലുകൾക്ക് നേരെ ഇറാന്റെ തുടർച്ചയായ ആക്രമണങ്ങൾക്കുമിടയിലും വിതരണം പുനഃസ്ഥാപിക്കാൻ പശ്ചിമേഷ്യയിലെ ബദൽ മാർഗങ്ങൾ പ്രവർത്തിക്കുന്നുണ്ടെന്നതിന്‍റെ സൂചനയാണ് ഉൽപ്പാദനത്തിലെ ഈ വർധനവ്.

പശ്ചിമേഷ്യയിൽ നിന്നുള്ള ക്രൂഡ് ഓയിൽ വിതരണം യുദ്ധത്തിന് മുമ്പുള്ള നിലവാരത്തിലേക്ക് എത്തിയേക്കാമെങ്കിലും, ഹുർമുസ് കടലിടുക്ക് ഒഴിവാക്കാൻ ചെങ്കടലിലേക്കുള്ള സൗദി അറേബ്യയുടെ ഈസ്റ്റ്-വെസ്റ്റ് പൈപ്പ്‌ലൈൻ പോലെയുള്ള താൽക്കാലിക ബദലുകളെയും കപ്പലുകളിൽ നിന്ന് കപ്പലുകളിലേക്ക് എണ്ണ മാറ്റുന്ന രീതികളെയുമാണ് ഇവ ഇപ്പോഴും പ്രധാനമായും ആശ്രയിക്കുന്നത്.

ആഗോള എണ്ണ സൂചിക ഈ വർഷം 50%ൽ അധികം ഉയർന്നിരുന്നുവെങ്കിലും, യു.എസിലെ ഇടക്കാല തെരഞ്ഞെടുപ്പ് ഫലത്തിനും സംഘർഷ പരിഹാരത്തിനായുള്ള പ്രതീക്ഷകൾ വർധിച്ചതിനും പിന്നാലെ നവംബറിൽ കുത്തനെ ഇടിയുകയായിരുന്നു. ഇറാൻ യുദ്ധത്തിന് പരിഹാരമാകുമെന്ന പ്രതീക്ഷകൾക്കിടയിൽ ട്രേഡർമാർക്കിടയിൽ വിൽപ്പന ശക്തമായതോടെ, നവംബർ 10ന് ആഗസ്റ്റിന് ശേഷം ആദ്യമായി ആഗോള എണ്ണവില ബാരലിന് 90 ഡോളറിന് താഴെയെത്തി.

Tags:    
News Summary - crude price fall

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.