മഴക്കുറവും എഥനോൾ ഉൽപാദനവും പണിയായി! രാജ്യത്ത് അരി ഉൽപാദനം കുറഞ്ഞേക്കും

ന്യൂഡൽഹി: രാജ്യത്ത് ഈ സാമ്പത്തിക വർഷം അരി ഉൽപാദനം കുറഞ്ഞേക്കുമെന്ന് കേന്ദ്ര കൃഷി മന്ത്രാലയത്തിന്റെ റിപ്പോർട്ട്. നടപ്പുസാമ്പത്തികവർഷം (2026–27) ഉൽപാദനം 14.7 കോടി ടണ്ണായി കുറയുമെന്നാണ് നിഗമനം. കഴിഞ്ഞ സാമ്പത്തിക വർഷം അഥവാ 2025-26ൽ ഇന്ത്യ ഉൽപാദിപ്പിച്ചത് 15.4 കോടി ടൺ അരിയാണ്.

ഒരു പതിറ്റാണ്ടിന് ശേഷമാണ് രാജ്യത്ത് അരി ഉൽപാദനം കുറയുന്നത്. 1950 മുതലുള്ള 76 വർഷത്തിൽ 19 തവണ മാത്രമാണ് അരി ഉൽപാദനത്തിൽ കുറവ് രേഖപ്പെടുത്തിയത്. 2015–16 സാമ്പത്തിക വർഷത്തിലായിരുന്നു അവസാനമായി ഉൽപാദനത്തിൽ ഇടിവുണ്ടായത്.

മഴക്കുറവ് അരി ഉൽപാദനത്തെ സാരമായി ബാധിച്ചു. കൂടാതെ ഇ20 പെട്രോളിൽ കലർത്തുന്ന എഥനോളിന്‍റെ നിർമാണവും അരി ലഭ്യതയെ ബാധിച്ചു. കരിമ്പിനും ചോളത്തിനും പുറമെ എഥനോൾ ഉത്പാദിപ്പിക്കാൻ ഫുഡ് കോർപറേഷന്റെ സ്റ്റോക്കിലുള്ള അരിയും ഉപയോഗിക്കുന്നുണ്ട്. ഇത് അരിയുടെ വിലയിൽ വലിയ വർധനവാണ് ഉണ്ടാക്കിയത്. ഓൺലൈൻ മാർക്കറ്റിൽ ബ്രാൻഡഡ് മട്ട വടി അരിയുടെ വില കിലോയ്ക്ക് 56 രൂപ മുതൽ 85 രൂപവരെയും പൊന്നി ബ്രാൻഡഡ് അരിയുടെ വില 65 രൂപ മുതൽ 101 രൂപവരെയുമാണ്. പത്തു വർഷം മുമ്പ് 27 രൂപ മാത്രമായിരുന്നു ശരാശരി അരിയുടെ വില. ഇപ്പോളിത് ഇരട്ടിയിലധികമായി ഉയർന്നു.

നിലവിൽ അരിവില ഉയരുന്നത് തടയുന്നതിന്റെ ഭാഗമായി എഥനോൾ ഉത്പാദനത്തിനായി മാറ്റുന്ന അരിക്ക് കേന്ദ്രസർക്കാർ പരിധി നിശ്ചയിച്ചിട്ടുണ്ട്. ഫുഡ് കോർപറേഷന്റെ മിച്ചംവരുന്ന അരിയിൽ നിന്നുള്ള എഥനോൾ ഉൽപാദനം 324 കോടി ലിറ്ററായും കേടായ ഭക്ഷ്യധാന്യങ്ങളിൽ നിന്നുള്ള ഉത്പാദനം 1.6 കോടി ലിറ്ററായുമാണ് നിയന്ത്രിച്ചത്. അരി ഉൽപാദനം കുറയുന്നത് വലിയ ആശങ്കയാണ്. വില വർധിക്കുന്നത് സാധാരണക്കാരുടെ കുടുംബ ബഡ്ജറ്റിനെയും താളംതെറ്റിക്കും.

Tags:    
News Summary - A report by the Union Ministry of Agriculture says that rice production may decrease.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.