കാപ്പിക്ക് നല്ലകാലം; കുരുമുളകിനും

ദക്ഷിണേന്ത്യൻ തോട്ടങ്ങളിൽ കാപ്പിക്കുരു ഉൽപാദനം അടുത്ത സീസണിൽ കുതിച്ച്‌ ഉയരുമെന്നാണ്‌ തോട്ടം മേഖലയിൽനിന്നുള്ള വിവരം. കേരളം, കർണാടകം, തമിഴ്‌നാട്‌ സംസ്ഥാനങ്ങളിൽ നിലനിന്ന മികച്ച കാലാവസ്ഥയാണ്‌ കാപ്പി വിളവ്‌ ഉയർത്തുന്നത്‌. അധികോൽപാദനം വഴി ഇക്കുറി കാപ്പി കർഷകർക്ക്‌ ഉയർന്ന വരുമാനം ഉറപ്പു വരുത്താനാവും. വയനാട്‌, ഇടുക്കി, പാലക്കാട്‌ മേഖലകളിലെ കാപ്പി കൃഷിക്കും അനുയോജ്യമായ കാലാവസ്ഥ തുടരുന്നു. വയനാട്ടിൽ കാപ്പി പരിപ്പ്‌ കിലോ 415 രൂപയിലും കട്ടപ്പനയിൽ കാപ്പി പരിപ്പ്‌ 420 രൂപയിലുമാണ്‌.

2024-25ൽ 3.63 ലക്ഷം ടൺ കാപ്പി ഉൽപാദിപ്പിച്ച സ്ഥാനത്ത്‌ ഇക്കുറി വിളവ്‌ 4.3 ലക്ഷം ടണ്ണിലേക്ക്‌ മുന്നേറും. അറബി കാപ്പി ഉൽപാദനം 1.18 ലക്ഷം ടണ്ണിലേക്കും റോബസ്‌റ്റ ഉൽപാദനം 2.84 ലക്ഷം ടണ്ണായി ഉയരുമെന്നുമാണ്‌ പ്രതീക്ഷ. കൂർഗ്, ചിക്കമഗളൂരു, ഹാസൻ മേഖലയിലെ തോട്ടങ്ങളിൽ മികച്ച കാലാവസ്ഥ കാപ്പിക്ക്‌ അനുകൂലമായി. തമിഴ്‌നാട്ടിലും ആന്ധ്രയിലും വടക്ക്‌ കിഴക്കൻ സംസ്ഥാനങ്ങളിലും കാപ്പി കൃഷിയുണ്ട്‌.

ബ്രസീലിൽനിന്നുള്ള ഇറക്കുമതികൾക്ക്‌ 50 ശതമാനം നികുതി അമേരിക്ക ഏർപ്പെടുത്തിയതിനാൽ ഇറക്കുമതിക്കാർ രംഗത്തുനിന്ന് അൽപം വിട്ടുനിൽക്കുകയാണ്‌. അമേരിക്കയുടെ മൊത്തം കാപ്പിക്കുരു ഇറക്കുമതിയിൽ നാലിൽ മൂന്നുഭാഗവും ബ്രസീലിൽനിന്നാണ്‌. ഇറക്കുമതി നിലച്ചതോടെ യു.എസ്‌ മാർക്കറ്റിൽ കാപ്പി വില ചൂടുപിടിച്ചു. രാജ്യാന്തര വിപണിയിൽ കാപ്പി വില വാരാന്ത്യം ടണ്ണിന്‌ 4223 ഡോളറിലാണ്‌.

********

കുരുമുളക്‌ വില ഇടിവിന്റെ ദിനങ്ങൾക്കു ശേഷം കരുത്ത്‌ തിരിച്ചുപിടിക്കുന്ന തിരക്കിലാണ്‌. ഉത്തരേന്ത്യയിൽ ഉൽപന്നത്തിന്‌ ആവശ്യം വർധിച്ചതിനൊപ്പം ലഭ്യത കുറഞ്ഞത്‌ വ്യവസായികളെ അസ്വസ്ഥരാക്കുന്നു. നാടൻ മുളകിന്‌ ഡിമാൻഡ് വർധിച്ചതോടെ നിരക്ക്‌ 685 രൂപയായി. ഈ വിലയ്‌ക്കും വിൽപനക്കാർ കാർഷിക മേഖലകളിൽ കുറവായിരുന്നു. വിലക്കയറ്റം ശക്തമാക്കാമെന്ന നിഗമനത്തിലാണ്‌ ഉൽപാദകർ.

കനത്തമഴ നിലനിന്നതിനാൽ പല തോട്ടങ്ങളിലും അടുത്ത സീസണിൽ വിളവ് ചുരുങ്ങുമെന്ന നിലയിലാണ്‌. ഉൽപാദന മേഖലകളിൽ കരുതൽ ശേഖരം ചുരുങ്ങുന്നതിനാൽ ഉയർന്ന വിലയാണ്‌ കർഷകരും ഉറ്റുനോക്കുന്നത്‌. അന്താരാഷ്‌ട്ര വിപണിയിൽ മലബാർ മുളക്‌ വില ടണ്ണിന്‌ 8100 ഡോളറാണ്‌.

********

ആഫ്രിക്കൻ രാജ്യങ്ങളിൽ മികച്ച കാലാവസ്ഥയിൽ കൊക്കോ ഉൽപാദനം ഉയരുമെന്ന വിവരം അന്താരാഷ്‌ട്ര മാർക്കറ്റിൽ ഉൽപന്ന വില ഇടിച്ചു. ഉൽപാദനം വർധിക്കുമെന്ന്‌ വ്യക്തമായതോടെ ചോക്ലറ്റ്‌ വ്യവസായികൾ കൊക്കോ സംഭരണം കുറച്ചു, കൊക്കോ വില ടണ്ണിന്‌ 5800 ഡോളറിലേക്ക്‌ താഴ്‌ന്നു. കാലടി വിപണിയിൽ കൊക്കോ പച്ചക്കായ കിലോ 120 രൂപയിലും ഹൈറേഞ്ചിൽ 140 രൂപയിലുമാണ്‌ ഇടപാടുകൾ നടക്കുന്നത്‌. കൊക്കോ പരിപ്പ്‌ വില 380-400 രൂപയാണ്‌.

********

വെളിച്ചെണ്ണ വില മൂന്നാഴ്‌ചകളിൽ മാറ്റമില്ലാതെ നിലകൊണ്ട ശേഷം വാരാന്ത്യം അൽപം തളർന്നു, അതേസമയം കൊപ്ര വിലയിൽ മാറ്റമില്ല. തമിഴ്‌നാട്ടിലെ വൻകിട മില്ലുകാർ വില ഉയർത്തി കൊപ്ര സംഭരിക്കാൻ തയാറായില്ല. വാരാന്ത്യം കൊച്ചിയിൽ വെളിച്ചെണ്ണ 35,500 രൂപയിലും കൊപ്ര 22,000 രൂപയിലുമാണ്‌. സംസ്ഥാനത്ത്‌ പുതുവർഷത്തിൽ നാളികേര വിളവെടുപ്പിന്‌ തുടക്കം കുറിക്കും.

********

മഴ മാറി റബർ ടാപ്പിങ്ങിന്‌ കാലാവസ്ഥ അനുയോജ്യമായതോടെ ടയർ നിർമാതാക്കൾ ഷീറ്റ്‌ വില ഇടിച്ചു. വാരത്തിന്റെ തുടക്കത്തിൽ 18,500 രൂപയിൽ വ്യാപാരം നടന്ന നാലാം ഗ്രേഡ്‌ വ്യവസായിക ഡിമാൻഡിൽ 18,800 വരെ കയറി. ഇതിനിടയിൽ വിദേശ മാർക്കറ്റുകളിൽനിന്നുള്ള അനുകൂല വാർത്തകൾ വിലക്കയറ്റത്തിനു വേഗം പകരുമെന്ന്‌ വ്യക്തമായതോടെ ടയർ ലോബി പൊടുന്നനെ വില 18,600 ലേക്ക്‌ ഇടിച്ചു.  

Tags:    
News Summary - coffee, pepper market price

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-01-31 15:24 GMT