സ്വർണാഭരണങ്ങളിൽ ഹാൾമാർക്കിങ്ങിലെ വീഴ്ചകൾ ചൂണ്ടിക്കാട്ടി സി.എ.ജി: പരിശുദ്ധി ടെസ്റ്റ് ചെയ്യേണ്ട രീതി അറി‍യാം

രാജ്യത്തെ സ്വർണ ഹാൾമാർക്കിങ് സംവിധാനത്തിൽ വലിയ തോതിലുള്ള പരിശോധനാ വീഴ്ചകൾ നടക്കുന്നതായി സി.എ.ജിയുടെ കണ്ടെത്തൽ. രജിസ്റ്റർ ചെയ്ത ജ്വല്ലറികളിൽ അഞ്ചിൽ നാലിലധികം കടകളിലും വർഷങ്ങളായി യാതൊരുവിധ പരിശോധനകളും നടന്നിട്ടില്ലെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ലൈസൻസുള്ള ജ്വല്ലറികളിൽ 81 ശതമാനത്തിലധികം കടകളിലും ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്‌സ് പരിശോധന നടത്തിയിട്ടില്ലെന്ന് സി.എ.ജി തയാറാക്കിയ കരട് ഓഡിറ്റ് റിപ്പോർട്ടിൽ പറയുന്നു. നിലവിലെ ചട്ടങ്ങൾ പ്രകാരം, ദേശീയ ഗുണനിലവാര ഏജൻസിയായ ബി.ഐ.എസോ അല്ലെങ്കിൽ അംഗീകൃത ഹാൾമാർക്കിങ് കേന്ദ്രങ്ങളോ ലൈസൻസുള്ള കടകളിൽ വർഷം തോറും പരിശോധന നടത്തേണ്ടതുണ്ട്.

ലോകത്തിലെ രണ്ടാമത്തെ വലിയ സ്വർണ ഉപഭോക്തൃ വിപണിയായ ഇന്ത്യയിലെ നിയന്ത്രണ സംവിധാനങ്ങളുടെ അപര്യാപ്തതയിലേക്കാണ് ഈ കണ്ടെത്തലുകൾ വിരൽ ചൂണ്ടുന്നത്. ജീവനക്കാരുടെ കുറവും പരിശോധനാ സൗകര്യങ്ങളുടെ അപര്യാപ്തതയുമാണ് പരിശോധനകൾ മുടങ്ങാൻ കാരണമായി ബി.ഐ.എസ് ചൂണ്ടിക്കാട്ടിയെങ്കിലും സി.എ.ജി ഈ വിശദീകരണം തള്ളിക്കളഞ്ഞു.

നിലവിൽ രാജ്യവ്യാപകമായി 2,32,000ത്തിലധികം രജിസ്റ്റർ ചെയ്ത ജ്വല്ലറികളാണ് ബി.ഐ.എസിന് കീഴിലുള്ളത്. ഇവയുടെ പരിശോധനക്കായി 392 ജില്ലകളിലായി ഏകദേശം 1,565 സ്വർണ ഹാൾമാർക്കിങ് കേന്ദ്രങ്ങളും, വെള്ളിക്കായി 327 അംഗീകൃത കേന്ദ്രങ്ങളുമാണുള്ളത്. ഉപഭോക്താക്കളുടെ വിശ്വാസം സംരക്ഷിക്കുന്നതിനായി പരിശോധനാ സംവിധാനങ്ങൾ ഉടച്ചുവാർക്കണമെന്നും പരിശോധനാ കേന്ദ്രങ്ങൾ വിപുലീകരിക്കണമെന്നും, വ്യാജന്മാരെ തടയാൻ ശക്തമായ സാങ്കേതികവിദ്യ ഉപയോഗിക്കണമെന്നും ജ്വല്ലറി വ്യവസായ മേഖലയിലുള്ളവർ ആവശ്യപ്പെട്ടു. പരിമിതമായ വിഭവങ്ങൾ ഉപയോഗിച്ച് 2.32 ലക്ഷത്തിലധികം ജ്വല്ലറികളെ നിരീക്ഷിക്കുന്നത് വലിയ വെല്ലുവിളിയാണ്. അതിനാൽ ഉപഭോക്താക്കളുടെ വിശ്വാസം നിലനിർത്താൻ ജ്വല്ലറികൾ സ്വന്തം നിലയിൽ ഗുണനിലവാര പരിശോധനകളും രേഖകളും കൃത്യമാക്കേണ്ടതുണ്ട്.

നിലവിൽ ഇന്ത്യയിലെ പകുതിയോളം ജില്ലകളിൽ മാത്രമാണ് നിർബന്ധിത ഹാൾമാർക്കിങ് നടപ്പിലാക്കിയിട്ടുള്ളതെന്നും ഇത് വലിയ വിടവുകൾ സൃഷ്ടിക്കുന്നുണ്ടെന്നും വ്യാപാര പ്രതിനിധികൾ ചൂണ്ടിക്കാട്ടി. ഉത്തരവാദിത്തം വർധിപ്പിക്കുന്നതിനായി വിൽപ്പനയുടെ ആദ്യ ഘട്ടത്തിന് പകരം ഉപഭോക്താവിന് നേരിട്ട് വിൽക്കുന്ന അന്തിമ ഘട്ടത്തിൽ ഹാൾമാർക്കിങ് നിർബന്ധമാക്കണമെന്ന് ഓൾ ഇന്ത്യ ജെം ആൻഡ് ജ്വല്ലറി ഡൊമസ്റ്റിക് കൗൺസിൽ ആവശ്യപ്പെട്ടിട്ടുണ്ട്. വ്യാപാര പ്രതിനിധികളുമായുള്ള ചർച്ചകൾക്ക് ശേഷം, നിയമനങ്ങൾ വേഗത്തിലാക്കാനും വിപണിയിലെ സാമ്പിൾ പരിശോധനകൾ വർധിപ്പിക്കാനും പദ്ധതിയിടുന്നതായി ബി.ഐ.എസ് ഉദ്യോഗസ്ഥർ അറിയിച്ചു.

ഭൗതിക പരിശോധനകൾ കുറയുന്നത് തട്ടിപ്പുകൾക്കുള്ള സാധ്യത വർധിപ്പിക്കുമെന്ന് വിപണി വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. പ്രത്യേകിച്ച് ഓരോ ആഭരണത്തിലും മുദ്രണം ചെയ്യുന്ന ആറക്ക ആൽഫാന്യൂമെറിക് കോഡായ ഹാൾമാർക്ക് യുനീക്ക് ഐഡന്റിഫിക്കേഷൻ (HUID) സംവിധാനത്തിൽ തട്ടിപ്പുകൾക്ക് സാധ്യതയുണ്ട്. എച്ച്‌.യു.ഐ.ഡി കോഡുകളുടെ വ്യാജ പതിപ്പുകൾ ഉണ്ടാകാനുള്ള സാധ്യതയെക്കുറിച്ച് വ്യാപാര സംഘടനാ നേതാക്കൾ മുന്നറിയിപ്പ് നൽകുകയും, കൂടുതൽ ഇടവേളകളിൽ പരിശോധനകളും നൂതന സാങ്കേതിക സുരക്ഷാ സംവിധാനങ്ങളും ഏർപ്പെടുത്തണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ഹാൾമാർക്കിങ് സംവിധാനം സ്വർണത്തിന്റെ പരിശുദ്ധിയുമായി ബന്ധപ്പെട്ട പഴയകാല പ്രശ്നങ്ങൾ ഒരു പരിധിവരെ പരിഹരിച്ചിട്ടുണ്ടെങ്കിലും, നിലവിലെ പോരായ്മകൾ കാരണം ജ്വല്ലറികളുടെ വിശ്വാസ്യതയ്ക്ക് വലിയ പ്രാധാന്യമുണ്ടെന്നും വ്യാപാരികൾ കൂട്ടിച്ചേർത്തു.

പരിശോധനകളിലെ കാലതാമസം ഒഴിവാക്കാൻ ഓഡിറ്റ് പ്രക്രിയ വികേന്ദ്രീകരിക്കണമെന്നും, മൂന്നാം കക്ഷി ഓഡിറ്റർമാരെ നിയമിക്കണമെന്നും, ജ്വല്ലറികളുടെ സ്വമേധയാ ഉള്ള വെളിപ്പെടുത്തലുകൾ പ്രോത്സാഹിപ്പിക്കണമെന്നും വ്യവസായ പ്രതിനിധികളും അനലിസ്റ്റുകളും നിർദ്ദേശിക്കുന്നു.

സ്വർണ്ണം വാങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

• വിശ്വസ്തരായ ജ്വല്ലറികളെ തെരഞ്ഞെടുക്കുക: പരിശോധനകൾ കുറവായ സാഹചര്യത്തിൽ മികച്ച വിശ്വാസ്യതയും പാരമ്പര്യവുമുള്ള പ്രമുഖ ജ്വല്ലറികളിൽ നിന്ന് മാത്രം സ്വർണം വാങ്ങാൻ മുൻഗണന നൽകുക.

• മൂന്ന് നിർബന്ധിത മുദ്രകൾ പരിശോധിക്കുക: ആഭരണത്തിൽ ഔദ്യോഗിക ബി.ഐ.എസ്  ത്രികോണ ലോഗോ, പരിശുദ്ധി രേഖപ്പെടുത്തിയ അളവ് (ഉദാഹരണത്തിന് 22K916), ആറക്ക എച്ച്‌.യു.ഐഡി (HUID) കോഡ് എന്നിവ ഉണ്ടെന്ന് ഉറപ്പുവരുത്തുക.

• ബി.ഐ.എസ് കെയർ ആപ്പ് വഴി ഉറപ്പുവരുത്തുക: സർക്കാറിന്‍റെ ഔദ്യോഗിക 'BIS Care' മൊബൈൽ ആപ്ലിക്കേഷനിൽ ആഭരണത്തിലെ ആറക്ക HUID നമ്പർ നൽകി, അതിൽ രേഖപ്പെടുത്തിയിരിക്കുന്ന ഭാരം, പരിശുദ്ധി, ആഭരണത്തിന്റെ വിവരണം എന്നിവ നിങ്ങൾ വാങ്ങുന്ന ആഭരണവുമായി ഒത്തുപോകുന്നുണ്ടോ എന്ന് പരിശോധിക്കുക.

• ബില്ല് കൃത്യമായി പരിശോധിക്കുക: HUID നമ്പർ, സ്വർണ്ണത്തിന്‍റെ പരിശുദ്ധി, പണിക്കൂലി, കല്ലുകൾ പതിപ്പിച്ച ആഭരണങ്ങളാണെങ്കിൽ കല്ലുകളുടെ ഭാരം ഒഴിവാക്കിയുള്ള സ്വർണത്തിന്റെ കൃത്യമായ തൂക്കം എന്നിവ വ്യക്തമായി രേഖപ്പെടുത്തിയ ജി.എസ്.ടി(GST) ബില്ല് ചോദിച്ചു വാങ്ങുക.

Tags:    
News Summary - bis hall marking

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.