വാഷിങ്ടൺ: യു.എസ് ഓഹരി വിപണിയിൽ ടെക് കമ്പനികൾക്ക് ഓഹരി വിപണിയിൽ വൻ നഷ്ടം. ആപ്പിൾ, മൈക്രോസോഫ്റ്റ്, ടെസ്‍ല, നിവിഡിയ, ആൽഫബെറ്റ്, ആമസോൺ, മെറ്റ തുടങ്ങിയ പ്രമുഖ കമ്പനികളെല്ലാം യു.എസ് വിപണിയിൽ നഷ്ടത്തിന്റെ ചൂടറിഞ്ഞു. തിങ്കളാഴ്ച ഈ ഏഴ് കമ്പനികൾക്ക് 750 ബില്യൺ ഡോളർ(6500 കോടി)യുടെ നഷ്ടമാണ് വിപണിമൂല്യത്തിൽ ഉണ്ടായത്. 2022ന് ശേഷമുള്ള ഏറ്റവും വലിയ തകർച്ചയാണ് നാസ്ഡാക്ക് അഭിമുഖീകരിക്കുന്നത്.
ടെക് കമ്പനികളിൽ ആപ്പിളിനാണ് കനത്ത നഷ്ടമുണ്ടായത്. 174 ബില്യൺ ഡോളറിന്റെ നഷ്ടമാണ്(1500 കോടി രൂപ) ആപ്പിളിന് ഉണ്ടായത്. നിവിഡിയയു കനത്ത നഷ്ടം രേഖപ്പെടുത്തി 140 ബില്യൺ ഡോളറാണ് കമ്പനിയുടെ നഷ്ടം. കമ്പനിയുടെ ഓഹരികൾ അഞ്ച് ശതമാനം നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.
മൈക്രോസോഫ്റ്റ്, ഗൂഗ്ളിന്റെ മാതൃകമ്പനിയായ ആൽഫബറ്റ് എന്നിവക്ക് യഥാക്രമം 98 ബില്യൺ, 95 ബില്യൺ ഡോളർ എന്നിങ്ങനെ നഷ്ടമുണ്ടായി. ആമസോണിനും മെറ്റക്കും 50 ബില്യൺ ഡോളർ 70 ബില്യൺ ഡോളർ എന്നിങ്ങനെയാണ് നഷ്ടം ഉണ്ടായിരിക്കുന്നത്.
അതേസമയം, വിപണിയിൽ വലിയ തിരിച്ചടിയുണ്ടായത് ഇലോൺ മസ്കിന്റെ ടെസ്‍ലക്കാണ്. 15 ശതമാനം നഷ്ടമാണ് ടെസ്‍ലക്കുണ്ടായത്. 130 ബില്യൺ ഡോളറിന്റെ നഷ്ടം ടെസ്‍ലക്കുണ്ടായി. യുറോപ്പിൽ ടെസ്‍ല കാറുകളുടെ വിൽപനയിൽ വലിയ കുറവുണ്ടാവുന്നുണ്ട്. വിൽപ്പനകണക്കിൽ 71 ശതമാനത്തിന്റെ ഇടിവാണ് ജർമനിയിൽ രേഖപ്പെടുത്തിയത്. നോർവേ 45, ഫ്രാൻസ്-സ്പെയിൻ എന്നിവിടങ്ങളിൽ 44 ശതമാനം എന്നിങ്ങനെയാണ് വിൽപനയിൽ ഉണ്ടായ ഇടിവ്. ചൈനയിൽ നിന്ന് ബി.വൈ.ഡി പോലുള്ള കമ്പനികളിൽ നിന്നുള്ള മത്സരം വർധിച്ചതും ടെസ്‍ലക്ക് തിരിച്ചടിയാവുന്നുണ്ട്. ഇതിന് പുറമേ ട്രംപിന് വേണ്ടിയുള്ള മസ്കിന്റെ പ്രവർത്തനങ്ങൾക്കെതിരെ വലിയ പ്രതിഷേധമാണ് ഉണ്ടാവുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.