വിജയ് സൂപ്പറും ലാമ്പ്രട്ടയുമില്ലങ്കിലും വിക്രത്തിന്‍െറ കരുത്തില്‍ സ്കൂട്ടേഴ്സ് ഇന്ത്യ

ഒരു കാലത്ത് ഇന്ത്യയില്‍ ഇരുചക്ര വാഹനങ്ങള്‍ സ്വപ്നം കണ്ടിരുന്നവരുടെ മനം കവര്‍ന്നിരുന്ന വിജയ് സൂപ്പര്‍ സ്കൂട്ടറുകളും ലാമ്പ്രട്ടയും നിരത്തുകളില്‍ കണികാണാനില്ളെങ്കിലും അടച്ചുപൂട്ടല്‍ ഭീഷണിവരെ നേരിട്ട ഉല്‍പാദകരായ പൊതുമേഖലാ സ്ഥാപനം സ്കൂട്ടേഴ്സ് ഇന്ത്യ നേരിയ ലാഭത്തില്‍. അവശേഷിക്കുന്ന ഉല്‍പന്നമായ വിക്രമെന്ന മുച്ചക്ര വാഹനമാണ് കമ്പനിയുടെ പിടിവള്ളി. 
1970കളിലും 80കളിലും രാജ്യത്തെ നിരത്തുകളിലെ ശ്രദ്ധേയ സാന്നിധ്യമായിരുന്നു സ്കൂട്ടേഴ്സ് ഇന്ത്യയുടെ വിജയ് സൂപ്പര്‍ സ്കൂട്ടറുകള്‍. 1983ല്‍ ലോകകപ്പ് സ്വന്തമാക്കിയ ക്രിക്കറ്റ് ടീമിലെ എല്ലാ കളിക്കാര്‍ക്കും സര്‍ക്കാര്‍ സമ്മാനമായി നല്‍കിയത് ലക്നൗ കേന്ദ്രമായ കമ്പനിയുടെ സ്കൂട്ടറായിരുന്നു. എന്നാല്‍ കാലത്തിനനുസരിച്ച് മാറാനുള്ള ഗവേഷണങ്ങളോ പദ്ധതികളോ ഇല്ലാതിരുന്ന കമ്പനി പതിയെ നഷടത്തിലേക്ക് കൂപ്പുകുത്തുകയായിരുന്നു. 1996ല്‍ വ്യവസായ സാമ്പത്തിക പുനസംഘടനാ ബോര്‍ഡിന് കമ്പനിയും ശിപാര്‍ശ ചെയ്യപ്പെട്ടു. 1975ല്‍ ഇറ്റാലിയന്‍ സാങ്കേതിക വിദ്യയില്‍ ഉലപാദനം തുടങ്ങിയ സ്കൂട്ടറുകള്‍ വാങ്ങാനാളില്ലാതായതോടെ 1997ലാണ് കമ്പനി ഉല്‍പാദനം നിര്‍ത്തിയത്. തൊഴില്‍ തര്‍ക്കങ്ങളും വ്യവസായ കാഴ്ചപ്പാടുമില്ലാതെ നാശത്തിലേക്ക് നീങ്ങിയ സ്ഥാപനത്തിലെ 95 ശതമാനം ഓഹരികളും വിറ്റഴിക്കാന്‍ 2011ല്‍ കേന്ദ്ര മന്ത്രിസഭ തീരുമാനിച്ചിരുന്നു. എന്നാല്‍ 1100 ഓളം വരുന്ന തൊഴിലാളികളുടെ കടുത്ത എതിര്‍പ്പിനെ തുടര്‍ന്ന് നടന്നില്ല. തുടര്‍ന്ന് സറക്കാര്‍ 202 കോടിയുടെ പുനരുദ്ധാരണ പദ്ധതി മുന്നോട്ടുവെക്കുകയായിരുന്നു. കുറഞ്ഞതോതിലാണെങ്കിലും രാജ്യത്തിന്‍െറ പലമേഖലകളിലും ഇപ്പോഴും വിക്രത്തിന് ആവശ്യക്കാരുള്ളതാണ് കമ്പനിയെ പിടിച്ചു നിര്‍ത്തുന്നത്. അതേസമയം അതിവേഗം വളരുന്ന ചെറു കോമേഴ്സ്യല്‍ വാഹന വിപണിയില്‍ മത്സരം കടുത്തതായതിനാല്‍ പിടിച്ചുനില്‍ക്കണമെങ്കില്‍ ഇനിയും കമ്പനി ഏറെ കഷ്ടപ്പെടേണ്ടിവരും. കമ്പനിയുടെ വില്‍പ്പനയും വരുമാനവും കുറഞ്ഞു വരികയാണ്. 2013-14ല്‍ 13877 വിക്രം വിറ്റ സ്ഥാനത്ത് 11,409 കോടിയാണ് 2014-15ല്‍ വിറ്റത്. ചില രാജ്യങ്ങളിലേക്ക് നേരത്തെ കയറ്റുമതിയുണ്ടായിരുന്നതും നിലച്ചു. വിറ്റുവരവ് 197 കോടിയില്‍നിന്ന് 167 കോടിയായി കുറയുകയും ചെയ്തിട്ടുണ്ട്. പ്രതിമാസം 3000 വാഹനങ്ങള്‍ ഉല്‍പാദിപ്പിക്കാന്‍ കഴിവുണ്ടെങ്കിലും ഇതിലും ഏറെക്കുറവാണ് ഉല്‍പാദനം. അതിനിടെ ഇ റിക്ഷകളെ പ്രോത്സാഹിപ്പിക്കുന്ന സര്‍ക്കാര്‍ നയം കൂടിയായതോടെ കമ്പനിയുടെ ഭാവി പ്രതിസന്ധിയിലാണ്. 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.