കോവിഡ് 19 ഗൾഫ് സമ്പദ്ഘടനയെ തകർക്കുമോ?

ഗൾഫ് സമ്പദ്‌ഘടന അതിന്‍റെ ചരിത്രത്തിലെ ഏറ്റവും വലിയ ആഘാതത്തിൽനിന്ന് ഉയർന്നു വരാനുള്ള ശ്രമത്തിലാണ്. വരും നാളുകളിൽ സാമ്പത്തിക, തൊഴിൽ മേഖലകളിൽ വൻ തോതിലുള്ള പരിഷ്‌കാരങ്ങൾ നടപ്പിലാക്കാൻ ഒരുങ്ങുന്നുവെന്ന സൂചനയാണ് ജി.സി.സി രാജ്യങ്ങൾ പ്രഖ്യാപിച്ച സാമ്പത്തിക പാക്കേജുകൾ സൂചിപ്പിക്കുന്നത്.

കോവിഡ് പ്രതിരോധത്തിന് വന്‍തുക ചിലവിടുന്ന പശ്ചാത്തലത്തില്‍ സൗദി വരുമാനം കൂട്ടുവാനും ചിലവ് ചുരുക്കുവാനും കര്‍ശന നടപടി തുടങ്ങി കഴിഞ്ഞിട്ടുണ്ട് . ജൂലൈ മുതല്‍ രാജ്യത്ത് നിലവിലുള്ള മൂല്യ വര്‍ധിത നികുതി 15 ശതമാനമായി ഉയര്‍ത്തുമെന്ന് ധനകാര്യ മന്ത്രാലയം ഇതിനകം പ്രഖ്യാപിച്ചു കഴിഞ്ഞു. നിലവില്‍ അഞ്ച് ശതമാനമാണ് രാജ്യത്തെ മൂല്യ വര്‍ധിത നികുതി. ഇതോടെ നികുതിയിലെ വര്‍ധനവ് രണ്ടു മടങ്ങാവും.

ഇതോടൊപ്പം വിവിധ വിഭാഗങ്ങള്‍ക്ക് നല്‍കി വന്നിരുന്ന സാമൂഹിക സാമ്പത്തിക സഹായ പദ്ധതികളും ജൂൺ മാസം മുതൽ താല്‍ക്കാലികമായി നിര്‍ത്തി വെക്കുമെന്നും അറിയിച്ചിട്ടുണ്ട് . കോവിഡ് സൃഷ്ടിച്ച സാമ്പത്തിക പ്രത്യാഘാതം മറികടക്കുന്നതിന്‍റെ ഭാഗമായാണ് നടപടി. പ്രധാന വരുമാനമായ എണ്ണയുടെ വിലയിടിഞ്ഞതാണ് ഇത്തരം കടുത്ത തീരുമാനത്തിന് കാരണമായത്. നേരത്തെ വന്‍കിട പദ്ധതികളുടെ പൂര്‍ത്തീകരണം വൈകിപ്പിക്കുമെന്ന് സൗദി ധനകാര്യ മന്ത്രി പറഞ്ഞിരുന്നു.

ഈ സാമ്പത്തിക വര്‍ഷത്തി​​​െൻറ ആദ്യം പ്രതീക്ഷിച്ച വരുമാനത്തില്‍ 9 ബില്യണ്‍ ഡോളറിന്‍റെ കുറവാണ് സൗദിക്കുണ്ടായത്. സാമ്പത്തിക പ്രത്യാഘാതം പരമാവധി കുറക്കുന്നതിന്‍റെ ഭാഗമായാണ് ഇപ്പോള്‍ പ്രഖ്യാപിച്ച നടപടികള്‍. നിലവില്‍ രാജ്യത്തി​​​െൻറ വലിയൊരു ശതമാനം ചെലവും കോവി‍ഡ് പ്രതിരോധത്തിന് നീക്കി വെച്ചിരിക്കുകയാണ്. പ്രധാന വരുമാനമായ എണ്ണയുടെ വില ഗള്‍ഫ് യുദ്ധാനന്തരമുള്ള ഏറ്റവും കുറഞ്ഞ നിരക്കിലാണ് നിലവിൽ ഉള്ളത്.

മറ്റു ജി സി സി രാജ്യങ്ങളായ യു.എ.ഇ, ഖത്തർ, ബഹ്‌റൈൻ, ഒമാൻ, കുവൈത്ത് എന്നീ രാജ്യങ്ങളും സാമ്പത്തിക മേഖലയിലും തൊഴിൽ രംഗത്തും സമാനമായ പരിഷ്കാരങ്ങൾക്ക് തുടക്കം കുറിച്ചിരിക്കുന്നു. ഒമാൻ തൊഴിൽ രംഗത്ത് വൻ തോതിലുള്ള പരിഷ്ക്കാരങ്ങൾ നടപ്പിലാക്കുമെന്ന് തൊഴിൽ മന്ത്രാലയം അറിയിച്ചിട്ടുണ്ട്. അതിനുള്ള രൂപരേഖ ഉടൻ പുറത്ത് വിടുമെന്നും കഴിഞ്ഞ ദിവസം അന്താരാഷ്ട്ര മാധ്യമങ്ങളോട് തൊഴിൽ മന്ത്രി അബ്ദുല്ല ബിൻ നാസർ പറയുകയുണ്ടായി .

പക്ഷെ ഈ സാമ്പത്തിക പരിഷ്‌കാരങ്ങൾ ഗൾഫ് രാജ്യങ്ങളുടെ സമ്പദ്‌ ഘടനയിൽ പ്രചരിപ്പിക്കപ്പെടുന്നത് പോലെ വലിയ തോതിലുള്ള ആഘാതം സൃഷ്ടിക്കില്ല എന്നാണ് പൊതുവെയുള്ള വിലയിരുത്തൽ. ഓരോ തവണ എണ്ണ വില ഇടിയുമ്പോഴും ഗൾഫ് മേഖല, പ്രത്യേകിച്ചും സൗദിയും യു.എ.ഇയും തകർന്നടിയുമെന്ന പ്രചാരണം ശക്തമാകും. 1986, 1998, 2014 വർഷങ്ങളിൽ സമാനമായ പ്രചാരണം നടക്കുകയുണ്ടായി. പക്ഷേ ഈ വർഷങ്ങളിൽ ഉണ്ടായ താത്കാലിക പ്രതിസന്ധിക്ക് ശേഷം ഗൾഫ് സമ്പദ്‌ ഘടന വീണ്ടും വളർച്ചയുടെ പാതയിലേക്കു തിരിച്ച് വരുന്നതാണ് ലോകം കണ്ടത്.കോവിഡ് കാല ഘട്ടത്തിൽ പ്രത്യേകിച്ചും അന്താരാഷ്‌ട്ര വിപണിയിൽ എണ്ണ വില ഇടിഞ്ഞതോടെ സമാനമായ അഭിപ്രായങ്ങൾ പലരും പങ്ക് വെച്ചിരുന്നു. ഇത്തരം അഭിപ്രായങ്ങൾ അടിസ്ഥാന രഹിതമാണെന്നും അടുത്ത ആറ് മാസങ്ങൾക്കകം ഗൾഫ് രാജ്യങ്ങൾക്ക് പൂർവ സ്ഥിതിയിലേക്കെത്താൻ സാധിക്കുമെന്നാണ് സൗദി ധനകാര്യ മന്ത്രി അന്താരാഷ്‌ട്ര മാധ്യമങ്ങളോട് പറഞ്ഞത്.

ആഗോള സമ്പദ്​വ്യവസ്ഥ ഗുരുതരമായ പ്രതിസന്ധിയിലൂടെയാണ് കടന്ന് പോവുന്നത് എന്നതിൽ ആർക്കും സംശയമില്ല. ഇത് മറ്റു സാധാരണ പ്രതിസന്ധികളിൽ നിന്ന് വ്യത്യസ്‍തമാണ് എന്നതിലും ആർക്കും തർക്കമില്ല. വൻ തോതിലുള്ള പ്രത്യാഘാതങ്ങളാണ് ലോക വ്യാപാര സംഘടനയടക്കമുള്ള ആഗോള സംഘടനകൾ പ്രതീക്ഷിക്കുന്നത് . പക്ഷെ സാമ്പത്തിക പരിഷ്കാരവും, തൊഴിൽ വിപണിയിലെ കാര്യക്ഷമമായ ഇടപെടലുകളും കാരണം ജി.സി.സി രാജ്യങ്ങൾക്ക് കൂടുതൽ വേഗതയിൽ ഇതിനെ മറികടക്കാനാവുമെന്നാണ് ബാർക്ലെസ്, മകെൻസി പോലുള്ള സാമ്പത്തിക ഗവേഷണ സ്ഥാപനങ്ങൾ കരുതുന്നു . മെയ് മാസം പുറത്തിറക്കിയ ജി.സി.സി സാമ്പത്തിക റിപ്പോർട്ടിൽ ബാർക്ലെസ് ഇത് പ്രത്യേകമായി സൂചിപ്പിക്കുകയും ചെയ്തു. സൗദി, യു.എ.ഇ എന്നീ രാജ്യങ്ങൾ ഇതിനകം പല സാമ്പത്തിക പരിഷ്‌കാരങ്ങൾ നടപ്പിലാക്കി തുടങ്ങിയിട്ടുണ്ട്. ഇതേ പാത മറ്റു ജി.സി.സി രാജ്യങ്ങളും പിൻതുടരും എന്നാണ് റിപ്പോർട്ട് സൂചിപ്പിക്കുന്നത്.

2004 മുതൽ 2014 വരെ യുള്ള കാലയളവിൽ ഏറ്റവും വലിയ സാമ്പത്തിക കരുതൽ സ്ഥാപിച്ച ഏഴ് രാജ്യങ്ങളിൽ രണ്ടെണ്ണം സൗദിയും, യു.എ.ഇയുമാണ്. ഇതോടൊപ്പം കഴിഞ്ഞ വർഷം നടപ്പിലാക്കിയ സാമ്പത്തിക പരിഷ്കാരങ്ങളും ജി.സി.സി രാജ്യങ്ങളെ മികച്ച ശ്രേണിയിലെത്തിക്കുന്നു. നടപ്പിലാക്കാൻ പോകുന്ന തൊഴിൽ പരിഷ്കാരങ്ങൾ കാരണം കൂടുതൽ തൊഴിൽ സൃഷ്ടിക്കപ്പെടുകയും വിദേശ നിക്ഷേപം വലിയ അളവിൽ വർധിക്കുമെന്നുമാണ് വിദഗ്ദർ കരുതുന്നത്. സ്വദേശികളോടൊപ്പം വിദേശികൾക്കും നിക്ഷേപ രംഗത്തും, തൊഴിൽ രംഗത്തും വലിയ സാധ്യതകളാണ് പല ഏജൻസികളും പ്രവചിക്കുന്നത്. 

അടുത്ത ഒരു വർഷം തൊഴിൽ മേഖലയിൽ ചില സമ്മർദം ഉണ്ടാവുമെങ്കിലും, അതിന് ശേഷം സ്ഥിതിഗതികൾ മാറുമെന്നാണ് ബാർക്ലെസ് റിപ്പോർട്ട് സൂചിപ്പിക്കുന്നത്. നിലവിലെ സാഹചര്യത്തിൽ എല്ലാ രാജ്യങ്ങളിലെയും പോലെ ജിസിസി സമ്പദ്‌വ്യവസ്ഥയും മാന്ദ്യവും ജിഡിപിയുടെ തകർച്ചയും അനുഭവിക്കും. ചില കമ്പനികൾ പാപ്പരാകുകയും തൊഴിലില്ലായ്മ നിരക്ക് വർദ്ധിക്കുകയും ചെയ്യാം.

കോവിഡ് പോലുള്ള സാഹചര്യങ്ങളിൽ ഇവ സാധാരണമാണ്. പക്ഷേ സ്വകാര്യമേഖലയെ സഹായിക്കാനും ധനകാര്യ സ്ഥാപനങ്ങൾക്ക് പിന്തുണ നൽകാനും സ്വീകരിച്ച ജി സി സി സർക്കാർ നടപടികൾ കാരണം ജിസിസിയുടെ സ്ഥിതി താരതമ്യേന മികച്ചതാവുമെന്നാണ് അന്താരാഷ്ട്ര സാമ്പത്തിക ഏജൻസികളും കരുതുന്നത്.

Tags:    
News Summary - Covid 19 and gulf economy-Business news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.