അങ്ങനെ ദേശീയ വ്യോമ നയവും പ്രഖ്യാപിച്ചു. വ്യോമ നയം പ്രഖ്യാപിക്കുമ്പോള്‍ പ്രവാസികളുടെ സ്വപ്ന പദ്ധതിയായ ‘എയര്‍ കേരള’ ചിറക് വിരിക്കുമെന്നും അങ്ങനെ കുറഞ്ഞ ചെലവില്‍ നാട്ടിലേക്ക് പറക്കാന്‍ അവസരം ലഭിക്കുമെന്നുമൊക്കെ പ്രതീക്ഷിച്ച പ്രവാസി മലയാളിക്ക് ഇപ്പോഴും കഞ്ഞി കുമ്പിളില്‍തന്നെ.
തിരക്ക് കൂടുന്നത് അനുസരിച്ച് ടിക്കറ്റ് നിരക്കും വര്‍ധിപ്പിക്കുന്ന വിമാനക്കമ്പനികളുടെ നിലപാടില്‍ ഇടപെടാനാവില്ളെന്ന് കേന്ദ്രമന്ത്രി ദിവസങ്ങള്‍ക്ക് മുമ്പ് പ്രഖ്യാപിക്കുക കൂടി ചെയ്തതോടെ ഈ അവധിക്കാലത്തെങ്കിലും താങ്ങാവുന്ന നിരക്കി നാട്ടില്‍ പോയിമടങ്ങാമെന്ന പ്രവാസി പ്രതീക്ഷയുടെ കടക്കലാണ് കത്തിവെക്കപ്പെട്ടത്.
പെരുന്നാള്‍, ഗള്‍ഫിലെ വേനലവധിക്കാലം, ഓണം തുടങ്ങി വിമാനക്കമ്പനികള്‍ മലയാളികളെ കൊള്ളയടിക്കുന്ന സീസണാണ് മുമ്പിലത്തെിനില്‍ക്കുന്നത്. ജുലൈ, ആഗസ്റ്റ് മാസങ്ങളിലെ ഗള്‍ഫിലെ അവധിക്കാലത്ത് കുടുംബ സമേതം നാട്ടിലത്തെുന്നതിന് ടിക്കറ്റ് ബുക്കുചെയ്യാന്‍ ശ്രമിച്ചവര്‍ക്ക് പൊള്ളുന്ന നിരക്കാണ് കാണാന്‍ കഴിഞ്ഞതും.
കഴിഞ്ഞ സാമ്പത്തിക വര്‍ഷം വിമാന ഇന്ധനമായ ഏവിയേഷന ടര്‍ബൈര്‍ ഫ്യൂവലിന് (എ.ടി.എഫ്) രണ്ടുവര്‍ഷം മുമ്പുള്ളതിനെ അപേക്ഷിച്ച് 40 ശതമാനം വില കുറവാണ് രേഖപ്പെടുത്തിയിരുന്നത്.
ഒറ്റവര്‍ഷംകൊണ്ട് ഇന്ധന വിലയില്‍  20 ശതമാനമാണ് കുറവുണ്ടായി. അതോടെ, വിമാനക്കമ്പനികള്‍ മിക്കതും ലാഭത്തിലേക്ക് കയറുകയും ചെയ്തിരുന്നു. പക്ഷേ, ഇതിന്‍െറ ആനുകൂല്യമൊന്നും ഗള്‍ഫ് സെക്ടറിിലെ യാത്രക്കാര്‍ക്ക് കിട്ടിയില്ല. ആഭ്യന്തര യാത്രക്കാരെ ആകര്‍ഷിക്കുന്നതിനായി പ്രമുഖ എയര്‍ലൈന്‍ കമ്പനികളെല്ലാം ആഭ്യന്തര സര്‍വീസ് ടിക്കറ്റ് നിരക്കില്‍ 12 ശതമാനം വരെ കുറവ് അനുവദിച്ചപ്പോള്‍ ഗള്‍ഫ് സെക്ടറില്‍ അവധിക്കാലത്ത് മൂന്നും നാലും മടങ്ങായി നിരക്ക് വര്‍ധിപ്പിക്കുകയാണ് ചെയ്തത്. ഈ വര്‍ഷമാകട്ടെ മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് ക്രൂഡ് ഓയില്‍ വില വര്‍ധിച്ചിട്ടുണ്ട്. ഇതിന് അനുബന്ധമായി വിമാന ഇന്ധന വിലയും വര്‍ധിച്ചു. ഇന്ധന വില കുറഞ്ഞ സമയത്ത് നിരക്ക് വര്‍ധിപ്പിച്ച കമ്പനികള്‍ ഇന്ധന വില കൂടി നില്‍ക്കുന്ന സമയത്ത് എത്രമാത്രം നിരക്ക് വര്‍ധിപ്പിക്കുമെന്ന ആശങ്കയാണ് ഉയര്‍ന്നിരിക്കുന്നത്.
ആഭ്യന്തര സര്‍വീസില്‍ നിരക്ക് വര്‍ധിപ്പിച്ചാല്‍ അതനുസരിച്ച് യാത്രക്കാരുടെ എണ്ണം കുറയുമെന്ന് വിമാന കമ്പനികള്‍ക്ക് അറിയാം. നിരക്ക് കുറച്ചതിന്‍െറ ഭാഗമായി കഴിഞ്ഞ സാമ്പത്തിക വര്‍ഷം ആഭ്യന്തര യാത്രക്കാരുടെ എണ്ണം 8.10 കോടിയായി വര്‍ധിച്ചിരുന്നു;, 2014-15 സാമ്പത്തിക വര്‍ഷത്തെ അപേക്ഷിച്ച് 20 ശതമാനമാണ് വര്‍ധന. നിരക്ക് വര്‍ധിപ്പിച്ചാല്‍ ആഭ്യന്തര യാത്രക്കാര്‍, റോഡ്, റെയില്‍ തുടങ്ങിയ ബദല്‍ മാര്‍ഗങ്ങള്‍ തേടുമെന്നും വിമാന കമ്പനികള്‍ക്ക് അറിയാം. അതുകൊണ്ടുതന്നെ ആഭ്യന്തര നിരക്ക് നിശ്ചയിക്കുന്ന കാര്യത്തില്‍ കരുതലോടെയാണ് അവര്‍ തീരുമാനമെടുക്കുക.
ഗള്‍ഫ് ഉള്‍പ്പെടെയുള്ള വിദേശ സെക്ടറുകളുടെ കാര്യത്തില്‍ ഈ ആശങ്കക്ക് അടിസ്ഥാനമില്ല. നിരക്ക് എത്ര ഉയര്‍ത്തിയാലും വിമാനത്തെ ആശ്രയിക്കുകയല്ലാതെ അവര്‍ക്ക് മറ്റ് മാര്‍ഗ്ഗങ്ങളില്ല. അതിനാല്‍ തന്നെ, അവധിക്കാലത്ത് നിരക്ക് മൂന്നും നാലും മടങ്ങായി വര്‍ധിപ്പിച്ചാലും കുടുംസമേതം നാട്ടിലെത്തേണ്ടവര്‍ പൊള്ളുന്ന നിരക്ക് നല്‍കി ടിക്കറ്റെടുക്കുമെന്ന് അവര്‍ക്ക് ഉറപ്പുമുണ്ട്.
വിമാന കമ്പനികളുടെ നിരക്ക് കൊള്ളയില്‍ നിന്ന് രക്ഷിക്കാന്‍ സംസ്ഥാന ഗവണ്‍മെന്‍റ് ആവിഷ്കരിച്ച പദ്ധതിയായിരുന്നു എയര്‍ കേരളാ പദ്ധതി. നെടുമ്പാശ്ശേരി വിമാനത്താവളത്തിന്‍െറ വിജയമാണ് ഈ ദിശയില്‍ ചിന്തിക്കാന്‍ സംസ്ഥാന ഗവണ്‍മെന്‍റിനെ പ്രേരിപ്പിച്ചതും. പ്രവാസികളടക്കമുള്ളവരില്‍ നിന്ന് നിക്ഷേപം സ്വീകരിച്ചാണ് നെടുമ്പാശ്ശേരിയില്‍ കൊച്ചിന്‍ ഇന്‍റര്‍നാഷണല്‍ എയര്‍പോര്‍ട്ട് (സിയാല്‍) നിര്‍മിച്ചത്.
ഈ മാതൃകയില്‍ പ്രവാസി നിക്ഷേപം സ്വീകരിച്ച് എയര്‍ കേരളാ പദ്ധതിയും നടപ്പാക്കാനായിരുന്നു ധാരണ. ഇതിനായി സിയാലിന് കീഴില്‍ പ്രത്യേക കമ്പനിയും രൂപവത്കരിച്ചു. പക്ഷേ, പദ്ധതിക്ക് തടസമായി നിന്നത് കേന്ദ്ര ഗവണ്‍മെന്‍റിന്‍െറ 5/20’ നയമായിരുന്നു. അതായത് സ്വന്തമായോ അല്ലാതെയോ 20 വിമാനങ്ങള്‍ ഉണ്ടായിരിക്കുകയും അഞ്ചുവര്‍ഷമെങ്കിലും ആഭ്യന്തര സര്‍വീസ് നടത്തി പരിചയവുമുള്ള കമ്പനികള്‍ക്കേ വിദേശ സര്‍വീസിന് അനുമതി നല്‍കു എന്ന ചട്ടമാണിത്. 2004ലാണ് ഈ ചട്ടം രൂപവത്കരിച്ചത്.
ഈ വ്യവസ്ഥകള്‍ ഒഴിവാക്കി വിദേശ സര്‍വീസിന് അനുമതി തേടി സംസ്ഥാനം ഭരിച്ചിരുന്ന യു.ഡി.എഫ് ഗവണ്‍മെന്‍റ് അന്ന് കേന്ദ്രം ഭരിച്ചിരുന്ന യു.പി.എ ഗവണ്‍മെന്‍റിന് പലവട്ടം നിവേദനം നല്‍കിയിരുന്നു. അതൊന്നും നടപ്പായില്ല. തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം ചേര്‍ന്ന എയര്‍ കേരളാ ഡയറക്ടര്‍ബോര്‍ഡ് യോഗം അനുകൂല നിലപാടുണ്ടാകുംവരെ പദ്ധതി നീട്ടിവെച്ചു. എന്‍.ഡി.എ ഗവണ്‍മെന്‍റ് പ്രഖ്യാപിക്കാനിരിക്കുന്ന വ്യോമ നയത്തില്‍ പ്രതീക്ഷയര്‍പ്പിച്ചായിരുന്നു ഇത്.
കഴിഞ്ഞദിവസം പുതിയ നയം പ്രഖ്യാപിച്ചപ്പോള്‍, അഞ്ചുവര്‍ഷം ആഭ്യന്തര സര്‍വീസ് നടത്തി പരിചയം വേണമെന്ന നിബന്ധന എടുത്തുകളഞ്ഞെങ്കിലും 20 വിമാനം സ്വന്തമായി വേണമെന്ന നിബന്ധനയില്‍ ഇളവ് നല്‍കിയില്ല. ഇതോടെ, ഈയിടെ സര്‍വീസ് ആരംഭിച്ച വിസ്താര, എയര്‍ ഏഷ്യ തുടങ്ങിയ വിമാന കമ്പനികള്‍ക്ക് വിദേശ സര്‍വീസിന് അവസരമൊരുങ്ങി എന്നല്ലാതെ എയര്‍ കേരളക്ക് ചിറവ് വിരിക്കാനാവില്ല.
തുടക്കത്തില്‍തന്നെ 20 വിമാനങ്ങള്‍ ലീസിനെടുത്ത് സര്‍വീസ് നടത്താന്‍ കഴിയില്ളെന്നും അതിന് ശ്രമിച്ചാല്‍ തുടക്കത്തില്‍തന്നെ കമ്പനി ഊര്‍ധശ്വാസം വലിക്കുമെന്നും കമ്പനി വൃത്തങ്ങള്‍ സൂചന നല്‍കുന്നു.
വിമാന സര്‍വീസ് രംഗത്തെ വമ്പന്മാരുടെ താല്‍പര്യമായിരുന്നു ഇത്തരം  മാനദണ്ഡങ്ങള്‍ എടുത്തകളയരുത് എന്നത്. ഈ രംഗത്ത് മല്‍സരം കടുത്താല്‍ ആഭ്യന്തര സര്‍വീസില്‍ എന്നതുപോലെ നിരക്ക് കുറച്ച് യാത്രക്കാരെ ആകര്‍ഷിക്കേണ്ടിവരും എന്നതുതന്നെ കാരണം.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.