ആശ്വാസമായി വളംവില 

കാര്‍ഷിക രംഗത്തുനിന്ന് കണ്ണീര്‍ക്കഥകള്‍ മാത്രമാണ് അടുത്തകാലത്ത് കേള്‍ക്കുന്നത്. കാലാവസ്ഥാ വ്യതിയാനം കാരണമുള്ള കൃഷിപ്പിഴ മുതല്‍ ആറ്റുനോറ്റ് കിട്ടുന്ന ഉല്‍പന്നത്തിന് വിലയില്ലാത്തതുവരെയാണ് വാര്‍ത്തകളായി നിറഞ്ഞിരുന്നത്. എന്നാല്‍, 15 വര്‍ഷത്തിനുശേഷം വളം വിലയില്‍ ആശ്വാസത്തിന്‍െറ വര്‍ത്തമാനമാണ് വിപണിയില്‍നിന്ന് കേള്‍ക്കുന്നത്. ചില പ്രമുഖ രാസവളങ്ങളുടെ വില ടണ്ണിന് 4,000 രൂപവരെ കുറക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചതാണ് കര്‍ഷകര്‍ക്ക് ആശ്വാസമായത്. 
ഡൈഅമോണിയം ഫോസ്ഫേറ്റ് (ഡി.എ.പി), മ്യൂറേറ്റ് ഓഫ് പൊട്ടാഷ് (എം.ഒ.പി), നൈട്രജന്‍ ഫോസ്ഫേറ്റ് ആന്‍ഡ് പൊട്ടാഷ് കോമ്പോസിഷന്‍ (എന്‍.പി.കെ) തുടങ്ങിയവയുടെ വില കുറക്കാനാണ് ജൂലൈ ആദ്യവാരം കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചത്. കര്‍ഷകര്‍ക്ക് ഏറ്റവുമധികം ആവശ്യമുള്ള ഇനങ്ങളാണ് ഇവ. കൃഷിപ്പിഴയുടെയും കാര്‍ഷിക രംഗത്തെ പരാജയത്തിന്‍െറയും കാലത്ത് വളം വിലയെങ്കിലും കുറച്ച് സഹായിക്കണമെന്നത് കര്‍ഷകരുടെ ഏറെ നാളായുള്ള ആവശ്യമായിരുന്നു. 
കേന്ദ്ര സര്‍ക്കാര്‍ തീരുമാനം പ്രാബല്യത്തിലായതോടെ ഈ ഗണത്തില്‍പെട്ട വളങ്ങളുടെ 50 കിലോഗ്രാം ബാഗിന് 100 രൂപയുടെവരെ ഇളവാണ് ഉണ്ടായതെന്ന് വിപണിവൃത്തങ്ങള്‍ പറയുന്നു. 
ഇന്ത്യയില്‍ കര്‍ഷകര്‍ കാര്യമായി ആശ്രയിക്കുന്നത് യൂറിയയെയാണ്. യൂറിയക്ക് ക്ഷാമമില്ലാതെ നോക്കാനും അതേസമയം, യൂറിയയുടെ അമിത ഉപയോഗം കുറക്കാന്‍ ഫോസ്ഫേറ്റ് മിശ്രിത അടിസ്ഥാനത്തിലുള്ള വളത്തിന്‍െറ ഉപയോഗം പ്രോത്സാഹിപ്പിക്കാനുമാണ് സര്‍ക്കാറിന്‍െറ ശ്രമം. 
കഴിഞ്ഞ അഞ്ചുകൊല്ലത്തിനിടെ വളംവില കുതിച്ചുയരുകയായിരുന്നു. 2010ല്‍ 375 രൂപയുണ്ടായിരുന്ന 50 കിലോ പാക്കറ്റ് ഫാക്ടം ഫോസിന് അഞ്ചുവര്‍ഷംകൊണ്ട് 910 രൂപവരെ വില ഉയര്‍ന്നു. 
പൊട്ടാഷിന് ഈ കാലയളവില്‍ 255 രൂപയില്‍നിന്ന് 810 ആയും സ്റ്റെറാമിലിന് 855ല്‍ നിന്ന് 1075 രൂപയായും മിക്സ്ചറിന് 370ല്‍നിന്ന് 640 ആയുമൊക്കെയാണ് വില കുതിച്ചുയര്‍ന്നത്. ഈ നിലയില്‍നിന്നാണ് ഇപ്പോള്‍ അല്‍പം ആശ്വാസം ലഭിച്ചത്. 
എന്നാല്‍, ഇപ്പോഴത്തെ വിലയിളവ് കൊണ്ടുമാത്രം കൃഷിക്കാരന്‍െറ പ്രശ്നങ്ങള്‍ അവസാനിക്കുന്നില്ളെന്ന് കര്‍ഷകര്‍ പറയുന്നു. 

കാരണങ്ങള്‍ പലത്
രാഷ്ട്രീയവും അന്താരാഷ്ട്രവുമായ കാരണങ്ങളാണ് വളം വില കുറക്കുന്നതിന് അവസരമൊരുക്കിയത്. 
പ്രകൃതി വാതക വില കുറഞ്ഞതാണ് അന്താരാഷ്ട്ര കാരണം. 
രാജ്യാന്തര വിപണിയില്‍ പ്രകൃതി വാതകത്തിന്‍െറ വില കുറഞ്ഞതോടെ ആഭ്യന്തര പ്രകൃതിവാതകത്തിന്‍െറ  വിലയില്‍ ഒമ്പത് ശതമാനം കുറവ് വരുത്താന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു. പ്രകൃതിവാതകത്തിന്‍െറ മുഖ്യ ഉപഭോക്താക്കള്‍ വളം നിര്‍മാണ കമ്പനികളാണ്. 
ഉത്തര്‍ പ്രദേശ്, പഞ്ചാബ്, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പ് വരുകയാണ് എന്നതാണ് രാഷ്ട്രീയ കാരണം. 
ഈ സംസ്ഥാനങ്ങളിലെല്ലാം കര്‍ഷക വോട്ടുബാങ്ക് നിര്‍ണായകമാണ്. 

വിലകുറക്കാന്‍ നിര്‍ബന്ധിതരായി 
സ്വകാര്യ മേഖലയും

കേന്ദ്ര സര്‍ക്കാര്‍ വളം വില കുറവ് പ്രഖ്യാപിച്ചെങ്കിലും സ്വകാര്യ വളം നിര്‍മാണ കമ്പനികള്‍ അതിന് തയാറായിരുന്നില്ല. യൂറിയ അധിഷ്ടിതമല്ലാത്ത വളങ്ങളുടെ വില ഈ വര്‍ഷം തങ്ങള്‍ രണ്ടുപ്രാവശ്യം കുറച്ചെന്നും അതിനാല്‍ ഇനി കുറക്കാനാവില്ളെന്നുമുള്ള നിലപാടാണ് അവര്‍ ആദ്യം സ്വീകരിച്ചത്. 
സര്‍ക്കാര്‍ ആഭിമുഖ്യത്തിലുള്ള കമ്പനികള്‍ വില്‍ക്കുന്നതിനേക്കാള്‍ കുറഞ്ഞ വിലക്കാണ് തങ്ങള്‍ വളം വില്‍ക്കുന്നതെന്നും അവര്‍ വാദിച്ചു. ഡയമോണിയം ഫോസ്ഫറ്റേറ് ടണ്ണിന് 24,000 രൂപയുള്ളപ്പോഴാണ് കേന്ദ്രം 2500 രൂപ കുറച്ചതെന്നും അതേസമയം തങ്ങള്‍ അത് 22,000 രൂപക്കാണ് വിറ്റുകൊണ്ടിരുന്നതെന്നും ഫെര്‍ട്ടിലൈസേഴ്സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ വക്താക്കള്‍ വിശദീകരിക്കുന്നു. മാത്രമല്ല, വളം സബ്സിഡി നല്‍കിയ ഇനത്തില്‍ തങ്ങള്‍ക്ക് സര്‍ക്കാര്‍ നല്‍കാനുള്ള കുടിശ്ശിക പൂര്‍ണമായി നല്‍കിയാല്‍ ഇനിയും വില കുറക്കാന്‍ തയാറാണെന്നും അവര്‍ നിലപാട് സ്വീകരിച്ചു. 40,000 കോടി രൂപയാണ് കുടിശ്ശിക. ഈ തുക കിട്ടിയാല്‍ ബാങ്കുകളിലെ വായ്പയടച്ചുതീര്‍ക്കാനാകുമെന്നും ഇപ്പോള്‍ പലിശയിനത്തില്‍ നല്‍കുന്ന തുക വിലക്കുറവായി കര്‍ഷകര്‍ക്ക് കൈമാറാമെന്നുമായിരുന്നു അവരുടെ നിലപാട്.
എന്നാല്‍, വിവിധ വകുപ്പുകളുടെ ചുമതലയുള്ള  കേന്ദ്ര മന്ത്രിമാര്‍ യോഗം ചേര്‍ന്ന് വിലകുറക്കുന്നതിന് കമ്പനികളെ നിര്‍ബന്ധിക്കുകയായിരുന്നു. കൂടാതെ, കുറഞ്ഞ നിരക്കില്‍ കര്‍ഷകര്‍ക്ക് വളം ലഭ്യമാക്കുന്നുവെന്ന് ഉറപ്പുവരുത്താന്‍ നടപടി സ്വീകരിക്കാന്‍ നിര്‍ദ്ദേശിച്ച് സംസ്ഥാന മുഖ്യമന്ത്രിമാര്‍ക്ക് കേന്ദ്രം കത്തയക്കുകയും ചെയ്തു. തുടര്‍ന്നാണ് വില കുറക്കാന്‍ സ്വകാര്യ കമ്പനികളും നിര്‍ബന്ധിതരായത്. 
പൊട്ടാസ്യം ഇതര വളങ്ങളില്‍ ടണ്ണിന് 1400 രൂപ വരെയും പൊട്ടാസ്യം അധിഷ്ഠിത വളങ്ങളില്‍  ടണ്ണിന് നാലായിരം രൂപവരെയുമാണ് സ്വകാര്യ കമ്പനികള്‍ കുറച്ചത്.


വിപണിയില്‍ സജീവമായി 
ജൈവ വളങ്ങളും

ജൈവ കൃഷിയില്‍ ജനങ്ങള്‍ക്ക് പൊതുവെ താല്‍പര്യം വര്‍ധിച്ചിരിക്കുകയാണ്. എറണാകുളം നഗരത്തില്‍ സജീവമായി പ്രവര്‍ത്തിക്കുന്ന സൂപ്പര്‍ മാര്‍ക്കറ്റുകളില്‍ ഒന്ന് ജൈവ കാര്‍ഷികോപകരണ മാര്‍ക്കറ്റാണ് എന്നതുതന്നെ  ഇതിനുതെളിവാണ്. കഴിഞ്ഞ ദിവസം കേന്ദ്ര മത്സ്യ ഗവേഷണ കേന്ദ്രത്തില്‍ (സി.എം.എഫ്.ആര്‍.ഐ) കേരള കൃഷിവിജ്ഞാന കേന്ദ്ര (കെ.വി.കെ) രണ്ടു ദിവസത്തെ പച്ചക്കറി തൈ വില്‍പന സംഘടിപ്പിച്ചിരുന്നു. ആദ്യദിവസം എത്തിച്ച രണ്ട് ലോഡ് തൈകള്‍ ഉച്ചക്കുമുമ്പേ വിറ്റഴിഞ്ഞു. കാറിലും ബൈക്കിലും ബസിലുമൊക്കെ ഉച്ചയോടെ എത്തിയവര്‍ നിരാശരായി. അടുത്ത ദിവസത്തേക്ക് തൈ ബുക് ചെയ്താണ് ഇവര്‍ മടങ്ങിയത്. ജൈവ പച്ചക്കറിയാണ് ഇതില്‍ മിക്കവരുടെയും ലക്ഷ്യം. ജൈവകൃഷി താല്‍പര്യത്തിന് അനുസൃതമായി ജൈവവള വിപണിയും സജീവമാവുകയാണ്. ചകിരിച്ചോറുകൊണ്ടുള്ള പാന്‍ കേക്ക്, ഗോ മൂത്രം, ചാണകപ്പൊടി, മത്സ്യവളം തുടങ്ങിയവയെല്ലാം വന്‍തോതിലാണ് വിറ്റഴിയുന്നത്. പശുവിന്‍െറ പാല്‍, നെയ്യ്, ചാണകം, മൂത്രം, തൈര് തുടങ്ങിയവ സംയോജിപ്പിച്ചുണ്ടാക്കുന്ന ജീവാമൃതം, പഞ്ചഗവ്യം തുടങ്ങിയവക്കും ആവശ്യക്കാരേറെ. മത്തി (ചാള)യും ശര്‍ക്കരയും ചേര്‍ത്തുണ്ടാക്കുന്ന ജൈവ വളം കുപ്പിയിലാക്കിയതും വന്‍തോതിലാണ് വിറ്റുപോകുന്നത്. 
 

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.