വനിതാ മുന്നേറ്റം

കേരളത്തിലെ പഞ്ചായത്തുകളില്‍ 51 ശതമാനവും ഭരിക്കുന്നത് വനിതകളാണ്. വനിതാ സംവരണ ബില്‍ പാര്‍ലമെന്‍റ് പാസാക്കിയതിന്‍െറ ഗുണം. പാര്‍ട്ടികളുടെ പിന്തുണയും വീട്ടില്‍നിന്നുള്ള സഹകരണവും കൊണ്ട് വനിതകള്‍ പരുക്കില്ലാതെ കാര്യങ്ങള്‍ കൊണ്ടുപോകുന്നുമുണ്ട്. എന്നാല്‍, കഴിവും പ്രാപ്തിയും തെളിയിക്കേണ്ട ബിസിനസ് രംഗത്ത് എന്താണ് വനിതകളുടെ സ്ഥിതി?
അവിടെയും വനിതാ മുന്നേറ്റംതന്നെയാണെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. പഞ്ചായത്തിലെപോലെ 51 ശതമാനമില്ളെങ്കിലും ഗണ്യമായ തോതില്‍ വനിതാ മുന്നേറ്റമുണ്ടെന്നാണ് സര്‍ക്കാര്‍ പുറത്തുവിട്ട കണക്കുകള്‍ പറയുന്നത്. 2014ലെ ഇക്കണോമിക് റിവ്യൂവില്‍ വ്യക്തമാക്കുന്നത് കേരളത്തില്‍ 2,34,251 ചെറുകിട സംരംഭങ്ങളുണ്ടെന്നാണ്. ഇതില്‍ 25 ശതമാനത്തിലേറെയും, കൃത്യമായ പറഞ്ഞാല്‍ 58,562 സംരംഭങ്ങള്‍ നയിക്കുന്നത് വനിതകളാണ്. തീര്‍ന്നില്ല, സംസ്ഥാനത്ത് വളര്‍ച്ച പ്രാപിച്ച കുടുംബശ്രീ യൂനിറ്റുകള്‍ക്ക് കീഴില്‍ 70,000 സംരംഭങ്ങളുണ്ടെന്നും ഇതുവഴി ആയിരക്കണക്കിന് കുടുംബങ്ങളുടെ ഉപജീവനം നടന്നുപോകുന്നുണ്ടെന്നുമാണ് സര്‍ക്കാര്‍ പറയുന്നത്. 
രണ്ട് പതിറ്റാണ്ടിനിടെ കേരളത്തില്‍ സ്വന്തമായി സംരംഭം നടത്തി വിജയിപ്പിച്ച് മാതൃക കാണിക്കുന്ന വനിതകളുടെ എണ്ണം കുതിച്ചുയരുകയുമാണ്. 1995 മുതലാണ് മടിയേതുമില്ലാതെ വനിതകള്‍ സ്വന്തം സംരംഭവുമായി മുന്നോട്ടുവരുന്നത്. ആദ്യം അച്ചാറ് കമ്പനികള്‍പോലെ കൈക്കൊതുങ്ങുന്ന സംരംഭങ്ങളായിരുന്നുവെങ്കില്‍ ഇപ്പോള്‍ വന്‍ കയറ്റുമതി സംരംഭങ്ങള്‍തന്നെ നടത്തുന്നുണ്ട്. സംസ്ഥാന വ്യവസായ വികസന കോര്‍പറേഷന്‍ (കെ.എസ്.ഐ.ഡി.സി)  ഏതാനും വനിതകളുടെ വിജയഗാഥ ഉയര്‍ത്തിക്കാട്ടുന്നു. 
വി സ്റ്റാര്‍ എന്ന പേരില്‍ സ്വന്തമായി ബ്രാന്‍ഡ് രൂപപ്പെടുത്തിയെടുത്ത് വസ്ത്രനിര്‍മാണ രംഗത്ത് കാലുറപ്പിച്ച ഷീല കൊച്ചൗസേഫ്, ഹെല്‍ത്ത്കെയര്‍ രംഗത്ത് വിജയഗാഥ രജിച്ച മലബാര്‍ ഹോസ്പിറ്റല്‍ എം.ഡി ഡോ. പി.എ. ലളിത, യോഗയില്‍ ബിസിനസ് സാധ്യതകള്‍ കണ്ടത്തെിയ നൂതന്‍ മനോഹര്‍, വീട്ടിലെ പാചകത്തിന് ‘മസാല ബോക്സ്’ എന്ന വെബ്സൈറ്റ് വഴി ദേശീയ തലത്തതില്‍ വിപണനസാധ്യതകള്‍ കണ്ടത്തെിയ ഹര്‍ഷ തച്ചേരി, ടി.വി ടോക്ഷോയില്‍നിന്ന് ഹോംസ്റ്റേ രംഗത്തേക്ക് തിരിഞ്ഞ രഞ്ജിനി മേനോന്‍, ഐ.ടി ജോലി ഉപേക്ഷിച്ച് ആനിമേഷന്‍ കഥാപാത്രങ്ങളില്‍ ഭാവി കണ്ടത്തെിയ ടിന തോമസ്, ഫാഷന്‍ രംഗത്തെ സാധ്യതകള്‍ തിരിച്ചറിഞ്ഞ് സ്വന്തം സംരംഭം തുടങ്ങിയ ശാലിനി ജെയിംസ്, രണ്ട് മുറികളിലായി കൂണ്‍ കൃഷി ആരംഭിച്ച് ഇന്ന് ഈ രംഗത്ത് ദക്ഷിണേന്ത്യയില്‍ പ്രമുഖയായി വളര്‍ന്ന വീട്ടമ്മയായ ജാനകി ശ്രീകുമാര്‍, 10 വര്‍ഷംകൊണ്ട് കേരളം, ഡല്‍ഹി, മുംബൈ, ഷോളാപുര്‍, ദുബൈ എന്നിവിടങ്ങില്‍ ഹെല്‍ത്ത്കെയര്‍ സംരംഭങ്ങള്‍ വളര്‍ത്തിയെടുത്ത സണ്‍റൈസ് ഹോസ്പിറ്റല്‍സ് മേധാവി പര്‍വീണ്‍ ഹഫീസ്, ഇന്ത്യയിലും വിദേശത്തുമുള്ള ഒട്ടനവധിപേരെ ആരോഗ്യമുള്ള ഭക്ഷണപാചകം പഠിപ്പിക്കുന്ന മാഹിയിലെ ഗ്രീന്‍സ് ആയുര്‍വേദ സെന്‍റര്‍ മേധാവി സുമൈജ അസ്ഗര്‍, ഫാഷന്‍ ഡിസൈന്‍ രംഗത്ത് പ്രാമുഖ്യം നേടിയ മിലാന്‍ ഡിസൈന്‍ മേധാവി ഷെര്‍ളി റെജിമോന്‍, ഫാഷന്‍ രംഗത്ത് ചുവടുറപ്പിക്കുന്ന ഹെഡ് ഓവര്‍ ഹീല്‍സ് (എച്ച്.ഒ.എച്ച്) കോഴിക്കോട്ടെ സഹോദരിമാരായ ടിനാസ് റഫീഖ്, ഫിദാന്‍ റഫീഖ് എന്നിവരുടെ വിജയഗാഥകള്‍ കെ.എസ്.ഐ.ഡി.സി ഉയര്‍ത്തിക്കാട്ടുന്നു. 

 

ഒരു കൈ സഹായവുമായി സര്‍ക്കാറും
കഴിഞ്ഞ ദിവസം കൊച്ചിയില്‍ വനിതാ സംരംഭകരുടെ സംഗമം സംഘടിപ്പിച്ചപ്പോള്‍ ഉയര്‍ന്നുകേട്ട പ്രായോഗിക തടസ്സങ്ങള്‍ കൗതുകകരമായിരുന്നു. ഒരു പൊതുവേദിയുണ്ടെങ്കില്‍ പരിഹാരം എളുപ്പം സാധ്യമാകുന്നതായിരുന്നു വനിതാ സംരംഭങ്ങള്‍ നേരിടുന്ന ബുദ്ധിമുട്ടുകളില്‍ പലതും. 
ഒരു ബുദ്ധിമുട്ട് ഇങ്ങനെ: കേരളത്തില്‍ വനിതാ സംരംഭകരില്‍ നല്ളൊരു പങ്കും ചെറുകിട യൂനിറ്റുകളിട്ട് വസ്ത്ര നിര്‍മാണത്തില്‍ ഏര്‍പ്പെടുന്നവരാണ്. ഇവര്‍ വസ്ത്രം നിര്‍മിച്ചുവരുമ്പോള്‍ ബാക്കിയാവുന്ന കട്പീസുകള്‍ എന്തുചെയ്യണമെന്നറിയാത്തതാണ് പ്രശ്നം. ഇത് വെറുതെ കളയാമെന്നുവെച്ചാല്‍ സാമ്പത്തിക നഷ്ടമാണ്. അതേസമയം, ഇത്തരം കട്പീസുകള്‍ കിട്ടാതെ വിഷമിക്കുന്നവരാണ് വേറൊരു വിഭാഗം സംരംഭകര്‍. 
കുട്ടിക്കുപ്പായം, പാവ നിര്‍മാണം തുടങ്ങിയവയില്‍ ഏര്‍പ്പെട്ടിരിക്കുന്ന സംരംഭകര്‍ക്കാണ് ഇത്തരം കട്പീസുകള്‍ ആവശ്യമുള്ളത്. പക്ഷേ, ഇവരെ പരസ്പരം ബന്ധിപ്പിക്കുന്ന പൊതുവേദിയില്ല എന്നതാണ് പ്രശ്നം. ഈ പ്രശ്നം ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്ന് ഇത്തരം വസ്തുക്കള്‍ കൈമാറുന്നതിന് വനിതാ സംരംഭകര്‍ക്ക് പരസ്പരം ബന്ധപ്പെടുന്നതിനായി കെ.എസ്്.ഐ.ഡി.സി ഒരു വെബ്സൈറ്റ്തന്നെ രൂപപ്പെടുത്തുന്നതിന് ധാരണയായി. വനിതാ സംരംഭങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനായി കെ.എസ്.ഐ.ഡി.സി തുടങ്ങിയ പദ്ധതിയായ ‘വി മിഷനു’ കീഴിലാണ് ഈ വെബ്സൈറ്റ് രൂപപ്പെടുത്തുക. 
പുതിയ സംരംഭകര്‍ക്ക് മാനേജ്മെന്‍റ് രംഗത്തുള്‍പ്പെടെ ആവശ്യമായ സഹായങ്ങള്‍ ലഭ്യമാക്കാന്‍ സംസ്ഥാനത്തെ എട്ട് ജില്ലകളില്‍ വി മിഷന്‍െറ ഭാഗമായി പങ്കാളിത്ത സ്ഥാപനങ്ങളെ കണ്ടത്തെിയിട്ടുണ്ട്. 
മറ്റു ജില്ലകളിലും ഉടന്‍ കണ്ടത്തെും. സംരംഭകര്‍ക്ക് ആവശ്യമായ സ്ഥാപന നടത്തിപ്പ് പിന്തുണ നല്‍കുകയാണ് ഈ സ്ഥാപനങ്ങളുടെ ഉത്തരവാദിത്തം. 
സര്‍ക്കാറില്‍നിന്ന് ലഭിക്കേണ്ട അനുമതികള്‍ നേടിയെടുക്കാന്‍  സഹായിക്കുന്നതിന് ജില്ലാ വ്യവസായ കേന്ദ്രങ്ങള്‍ക്ക് കീഴില്‍ നിയോഗിച്ചിട്ടുള്ള നോഡല്‍ ഓഫിസര്‍മാരെ ചുമതലപ്പെടുത്തിയിട്ടുമുണ്ട്. സാമ്പത്തിക സഹായം ലഭ്യമാക്കുന്നതിന് ഓരോ ജില്ലയിലെയും ലീഡ് ബാങ്കുകളുടെ സഹകരണവും സര്‍ക്കാര്‍ തേടുന്നുണ്ട്. 
 

 

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.