മൂന്നിലൊന്നായി എണ്ണവില; ഗുണം ലഭിക്കാതെ ഇന്ത്യക്കാര്‍

ക്രൂഡ് ഓയിലിന്‍െറ ഉല്‍പാദനവും അതിന്‍െറ വിലയും തമ്മിലുണ്ടായിരുന്ന ബന്ധം വേര്‍പെട്ടിട്ട് കാലം കുറെയായി. എണ്ണക്കിണറുകള്‍ മൂടിയാല്‍ വില കൂട്ടാമെന്നും കുത്തിയാല്‍ കുറക്കാമെന്നുമുള്ള ധാരണ ഇനി വേണ്ട. പറയുന്നത് എണ്ണയുല്‍പാദക രാജ്യങ്ങളുടെ പൊതുവേദിയായ ഒപെകാണ് എന്നതിനാല്‍ നമുക്ക് തല്‍ക്കാലം വിശ്വസിക്കാം. കാരണം റിസര്‍വിലായ സ്കൂട്ടര്‍ പോലെ മുക്കി മൂളി ഓടിക്കൊണ്ടിരിക്കുകയാണ് ഈ രാജ്യങ്ങള്‍. പിടിച്ചുനിര്‍ത്താനാവാത്ത വിധം എണ്ണ വില താഴേക്ക് കൂപ്പുകുത്തുന്നത് കണ്ടുനില്‍ക്കാന്‍ മാത്രമേ അവര്‍ക്ക് കഴിയുന്നുള്ളൂ. ഒപെകിന്‍െറ സെക്രട്ടറി ജനറല്‍ അബ്ദുല്ല അല്‍ബദ്രി പ്രമുഖ രാജ്യങ്ങളിലൂടെ ഓടിനടക്കുകയാണ്. എണ്ണയുല്‍പാദക രംഗത്തെ പ്രശ്നങ്ങള്‍ സംബന്ധിച്ച് പലവട്ടം നടന്ന ചര്‍ച്ചകള്‍ക്കുശേഷം അദ്ദേഹം ഉല്‍പാദകരാജ്യങ്ങളോട് പറഞ്ഞു. ‘ഏതാനും മാസങ്ങള്‍, അല്ളെങ്കില്‍ ഒരുവര്‍ഷം, ചിലപ്പോള്‍ അതിലും അധികം, ഈ സ്ഥിതി തുടരും. അതിനുശേഷം സ്ഥിഗതികള്‍ മാറും. വില ഉയരും’. 
ആശ്വാസവാചകങ്ങള്‍ പറയേണ്ടത് നയിക്കുന്നവരുടെ കടമയാണ് അത് അദ്ദേഹം ചെയ്തു. വില കുത്തനെ താഴുന്ന സ്ഥിതിക്ക് ഉല്‍പാദനം കുറക്കാനാണ് ആദ്യം തോന്നുക. ഇത് ചര്‍ച്ച ചെയ്യാന്‍ ഒപെക് രാജ്യങ്ങള്‍ ഏതാനും മാസംമുമ്പ് യോഗം ചേര്‍ന്നിരുന്നു. കൂട്ടലിനും കിഴിക്കലിനും ശേഷം അവര്‍ക്ക് മനസ്സിലായത് ഉല്‍പാദനം കുറച്ചത് കൊണ്ടുമാത്രം വില ഉയരില്ല എന്നാണ്. എണ്ണവിലയും ക്രൂഡോയില്‍ ഉല്‍പാദനവും തമ്മില്‍ മുമ്പുണ്ടായിരുന്ന ബന്ധം ഇപ്പോഴില്ളെന്ന കണ്ടത്തെലും അവിടെയുണ്ടായി. പിന്നെ എന്താണ് പ്രശ്നം. ക്രൂഡോയില്‍ ഉല്‍പാദനത്തിലുണ്ടാകുന്ന ഏറ്റക്കുറച്ചിലുകള്‍, എണ്ണക്ക് ആഗോളതലത്തിലുണ്ടാകുന്ന വര്‍ധനവും കുറവും ഓരോ രാജ്യവും ഏര്‍പ്പെടുത്തുന്ന വിവിധയിനം നികുതികള്‍, വിദേശനാണ്യ നിരക്കിലെ ഏറ്റക്കുറച്ചിലുകള്‍ ഇതൊക്കെ പരിഗണിച്ചാല്‍ മാത്രമേ ഇപ്പോഴത്തെ വിലയിടിവിന്‍െറ യഥാര്‍ഥകാരണം വ്യക്തമാകൂ എന്നും അവര്‍ പറയുന്നു. 
ആഗോളതലത്തില്‍ ക്രൂഡോയിലിന് ആവശ്യകത കുറഞ്ഞതാണ് നിലവില്‍ എണ്ണ വില കുത്തനെ താഴാന്‍ മുഖ്യകാരണം. എണ്ണയുല്‍പാദനം പശ്ചിമേഷ്യന്‍ രാജ്യങ്ങളിലാണെങ്കിലും എണ്ണവിപണിയെ നിയന്ത്രിക്കുന്നത് അമേരിക്കയാണ്. ലോകത്തെ ഏറ്റവുംവലിയ എണ്ണ ഉപഭോക്താക്കള്‍ കൂടിയാണ് അമേരിക്ക. അവര്‍ കഴിഞ്ഞ 10 വര്‍ഷത്തിനിടെ എണ്ണ ഇറക്കുമതി വന്‍തോതില്‍ വെട്ടിക്കുറച്ചു. 2005ല്‍ അമേരിക്കയില്‍ ഉപയോഗിച്ചിരുന്ന എണ്ണയുടെ 60 ശതമാനവും വിദേശത്തുനിന്ന് ഇറക്കുമതി ചെയ്യുകയായിരുന്നു. എന്നാല്‍, 2015 ആയപ്പോഴേക്കും അവര്‍ക്ക് ആവശ്യമുള്ള എണ്ണയുടെ  55 ശതമാനവും സ്വന്തമായി ഉല്‍പാദിപ്പിക്കാന്‍ തുടങ്ങി.  കഴിഞ്ഞ ആറുവര്‍ഷത്തിനിടെ അമേരിക്കയുടെ ആഭ്യന്തര എണ്ണയുല്‍പാദനം ഇരട്ടിയായി എന്ന് ഓര്‍ക്കണം. സൗദി, നൈജീരിയ, അള്‍ജീരിയ എന്നീ രാജ്യങ്ങള്‍ ഉല്‍പാദിപ്പിച്ചിരുന്ന എണ്ണയുടെ മുക്കാല്‍ പങ്കും  വാങ്ങിയിരുന്നത് അമേരിക്കയായിരുന്നു. അമേരിക്ക കച്ചവടം നിര്‍ത്തിയതോടെ  ഈ രാജ്യങ്ങള്‍ക്ക് എണ്ണ വില്‍ക്കാന്‍ മറ്റ് വിപണി കണ്ടെത്തേണ്ടിവന്നു. ഇതോടൊപ്പം, കാനഡ, ഇറാഖ്, റഷ്യ എന്നിവയും വര്‍ഷന്തോറും ഉല്‍പാദനം വര്‍ധിപ്പിക്കുകയാണ്. 
പാശ്ചാത്യരാജ്യങ്ങള്‍ ഇപ്പോള്‍ നേരിടുന്ന സാമ്പത്തിക പ്രതിസന്ധിയാണ് രണ്ടാമത്തെ കാരണം. പടിഞ്ഞാറന്‍ രാജ്യങ്ങളില്‍ എണ്ണ ഉപഭോഗം കുറയുകയാണ്. ആധുനിക സാങ്കേതികവിദ്യയുള്ള വാഹനങ്ങള്‍ കൂടുതല്‍ ഇന്ധനക്ഷമതയോടെ പുറത്തിറങ്ങുകയും ചെയ്യുന്നു. ഇക്കാരണത്താലും എണ്ണ ഉപഭോഗത്തില്‍ കുറവ് വന്നിട്ടുണ്ട്. സൂനാമിയെ തുടര്‍ന്ന് 2011ല്‍ ജപ്പാന്‍ ആണവകേന്ദ്രങ്ങള്‍ അടച്ചുപൂട്ടിയതോടെ മൂന്നുവര്‍ഷം ജപ്പാന്‍ ഇന്ധനത്തിന് എണ്ണയെ കൂടുതലായി ആശ്രയിക്കേണ്ടിവന്നിരുന്നു. എന്നാല്‍, 2014  ജൂലൈയോടെ കൂടുതല്‍ ക്ഷമതയോടെ റിയാക്ടറുകള്‍ തുറന്ന് പ്രവര്‍ത്തിക്കാന്‍ തുടങ്ങി. ഇതോടെ, ജപ്പാനിലും എണ്ണയുടെ ആവശ്യം കുറഞ്ഞു. 
സാധാരണഗതിയില്‍ എണ്ണവിപണിയില്‍ വിലയിടിവുണ്ടാകുമ്പോള്‍ ഒപെക് ഇടപെട്ട് എണ്ണയുല്‍പാദനം കുറക്കാറുണ്ട്. എന്നാല്‍, വില ബാരലിന് 40 ഡോളറിലും താഴ്ന്നിട്ടും ഉല്‍പാദകരാജ്യങ്ങള്‍ കുഴിച്ചെടുക്കല്‍ കുറക്കാന്‍ തയാറല്ല. ഇറാന്‍, ഇറാഖ്, ലിബിയ, അള്‍ജീരിയ തുടങ്ങിയ രാജ്യങ്ങള്‍ക്ക് വരുമാനം കുറയുന്നത് ആലോചിക്കാവുന്ന സ്ഥിതിയില്ല്ള.  നൈജീരിയയും വെനീസ്വേലയും ഇതേ നിലപാടില്‍തന്നെയാണ്. 


ഇന്ത്യ ഈ ഭൂമിയിലല്ല
ഈ കാര്യങ്ങളൊന്നും ഇന്ത്യക്കാര്‍ക്ക് ബാധകമല്ല. ലോകത്ത് ക്രൂഡോയില്‍ വില കൂടുമ്പോള്‍ നമ്മള്‍ ഇന്ധനവില കൂട്ടി അനുശോചനം അറിയിക്കും. പക്ഷേ, വിലയിടിഞ്ഞാല്‍ അതിനൊപ്പം നമ്മുടെ നാട്ടിലും വിലയിടിച്ച് അന്താഷ്ട്രവിപണിയിലുള്ളവരുടെ സങ്കടം കൂട്ടില്ല. ക്രൂഡോയിലിന്‍െറ വിലയുമായി താരതമ്യം ചെയ്താല്‍ ഇപ്പോള്‍ നമുക്ക് ഒരുലിറ്റര്‍ പെട്രോള്‍ 23.77 രൂപക്ക് കിട്ടേണ്ടതാണ്. പക്ഷേ, കൊച്ചി റിഫൈനറിയുടെ തൊട്ടിപ്പുറത്തെ പമ്പില്‍നിന്ന് ഒരുലിറ്റര്‍ പെട്രോള്‍ കിട്ടണമെങ്കില്‍ 63.53 രൂപ കൊടുക്കണം. 
23 രൂപ വിലയുള്ള പെട്രോളിന് 40 രൂപ കൂട്ടാന്‍ സര്‍ക്കാര്‍ കുറച്ചൊന്നുമല്ല ബുദ്ധിമുട്ടുന്നത്. ഒരുലിറ്റര്‍ പെട്രോളിന് 19.36 രൂപ എക്സൈസ് ഡ്യൂട്ടി ചുമത്തി. പിന്നെ 12.10 രൂപ വാറ്റ് ഏര്‍പ്പെടുത്തി. പാവപ്പെട്ട വിതരണക്കാര്‍ക്ക് കഞ്ഞികുടിക്കാന്‍  3.29 രൂപ വീതം ലാഭം നല്‍കി. കൈകാര്യ ചിലവ്, പലവക തുടങ്ങി രണ്ട് രൂപ വേറെയും കൂട്ടി. ഇതെല്ലാംകൂടി ചേര്‍ത്ത് നമ്മള്‍ കൊടുക്കേണ്ടിവരുന്നതാണ് 63.53 രൂപ. 
2011 ജൂണില്‍ ഒരു ബാരല്‍ ക്രൂഡോയിലിന് 113.76  ഡോളറായിരുന്നു വില. സമീപകാലത്തെ ഏറ്റവും ഉയര്‍ന്ന വിലയായിരുന്നു ഇത്. അന്ന് ഇന്ത്യയില്‍ ഒരുലിറ്റര്‍ പെട്രോളിന്‍െറ ശരാശരി വില 66.20 രൂപ. ഇപ്പോള്‍ ഒരുബാരല്‍ ക്രൂഡോയിലിന് വില 34.90 ഡോളര്‍. ഒരുലിറ്റര്‍ പെട്രോള്‍ കൊള്ളലാഭമെടുത്ത് വിറ്റാല്‍ പോലും 30 രൂപയൊക്കെയെ ആകാവൂ. ജനങ്ങളോട് സ്നേഹവും ഉത്തരവാദിത്തവുമുള്ള കേന്ദ്രസര്‍ക്കാര്‍ ഒരുവര്‍ഷത്തിനിടെ ആറുതവണ പെട്രോളിനും ഡീസലിനും എക്സൈസ് ഡ്യൂട്ടി കൂട്ടി. ഒന്നരവര്‍ഷം മുമ്പുള്ളതിനെക്കാള്‍ ഇരട്ടിയിലേറെ എക്സൈസ് ഡ്യൂട്ടി കൂടി. 2014 ഏപ്രിലില്‍ ഒരു ലിറ്റര്‍ പെട്രോളിന് 9.48 ആയിരുന്ന എക്സൈസ് ഡ്യൂട്ടി  ഇപ്പോള്‍ 19.36 രൂപയിലത്തെി.  2014 ഏപ്രിലില്‍ ഒരുലിറ്റര്‍ ഡീസലിന് 3.65 രൂപയായിരുന്ന എക്സൈസ് ഡ്യൂട്ടി ഇപ്പോള്‍ 11.83 രൂപയായി.  മൂന്നിരട്ടിയിലേറെ. കഴിഞ്ഞ സാമ്പത്തികവര്‍ഷം മാത്രം പെട്രോളിയം രംഗത്തുനിന്ന് കേന്ദ്ര ഖജനാവിലേക്ക് നികുതിയായി എത്തിയത്  99184 കോടി രൂപ. ഈ സാമ്പത്തിക വര്‍ഷം അത് ഒന്നേകാല്‍ ലക്ഷം കോടിയെങ്കിലും എത്തും. 
പെട്രോളിയം ഉല്‍പന്നങ്ങളുടെ വില നിയന്ത്രണം എണ്ണ കമ്പനികള്‍ക്ക് വിട്ടുകൊടുത്തപ്പോള്‍ അന്താരാഷ്ട്രവിപണിയിലെ ഏറ്റക്കുറച്ചില്‍ അനുസരിച്ച് രാജ്യത്തും വില കൂട്ടുകയും കുറക്കുകയും ചെയ്യുമെന്നായിരുന്നു പ്രഖ്യാപനം. വിപണിയില്‍ അസ്ഥിരതയില്ലാതിരിക്കാന്‍ എല്ലാ മാസവും 16നും 30നും വില വ്യത്യാസം വരുത്തണമെന്നും നിശ്ചയിച്ചു. ഇതനുസരിച്ച് ഓരോമാസവും രണ്ടുപ്രാവശ്യം എണ്ണക്കമ്പനികള്‍ വില പുതുക്കും. അന്താരാഷ്ട്ര വിപണിയില്‍ എണ്ണവില വര്‍ധിച്ചപ്പോഴൊക്കെ മൂന്നുംനാലും രൂപയൊക്കെ കൂട്ടി ഞെട്ടിപ്പിക്കുന്ന വര്‍ധനവും നടപ്പാക്കി. എന്നാല്‍, വില കുത്തനെ ഇടിയുമ്പോള്‍ പലപ്പോഴും ലിറ്ററിന് 50 പൈസ, ഒരു രൂപ എന്നിങ്ങനെ മാനസികാഘാതം ഉണ്ടാകാത്ത വിധത്തിലാണ് ഇന്ത്യന്‍ ആഭ്യന്തര വിപണിയില്‍ വില കുറക്കുക. 
മാത്രമല്ല  എക്സൈസ് തീരുവ ഉയര്‍ത്തി, വില കുറവിന്‍െറ നേട്ടം സാധാരണക്കാരന് കിട്ടാതെ കേന്ദ്രസര്‍ക്കാര്‍ നോക്കുകയും ചെയ്യും. മുന്‍കാലങ്ങളില്‍ സബ്സിഡി കൊടുത്തതുവഴിയുണ്ടായ നഷ്ടം കുറക്കാനാണ് എക്സൈസ് തീരുവ ഉയര്‍ത്തുന്നത്. 

ചിരിച്ചും കരഞ്ഞും മലയാളി
എണ്ണവില കുറയുന്നത് നാടന്‍ മലയാളിക്ക് സന്തോഷവും വിദേശ മലയാളിക്ക് സങ്കടവുമാണ്. വാഹനത്തിന് പെട്രോളും ഡീസലുമടിക്കാന്‍ കാശ് കുറച്ചുമതിയെന്നതാണ് നാടന്‍െറ ചിരിവിടരാന്‍ കാര്യം. അരിയും പയറും ചുവന്നുള്ളിയുമൊക്കെ മറുനാട്ടില്‍നിന്ന് കെട്ടിച്ചുമന്ന് എത്തിക്കുന്ന കീഴ്വഴക്കമായതിനാല്‍  ഡീസല്‍ വിലയിലുണ്ടാകുന്ന ഇടിവ് ചരക്കുകടത്ത് കൂലി കുറയാനും അതുവഴി അടുക്കളസാധനങ്ങളുടെ വില ഇടിയാനും ഇടയാക്കുമെന്ന വിശ്വാസവുമുണ്ട്. പക്ഷേ വിദേശ മലയാളിക്ക് ഇടിവത്ര രസിച്ചിട്ടില്ല. ഗള്‍ഫ് സമ്പദ് വ്യവസ്ഥയുടെ അടിത്തറ ഉറച്ചിരിക്കുന്നത് വഴുവഴുപ്പുള്ള എണ്ണയിലാണ്. എണ്ണവരുമാനത്തിലുള്ള കുറവ് ഗള്‍ഫ് രാജ്യങ്ങളുടെ സര്‍വമേഖലകളെയും ബാധിക്കും. ഏറ്റവുമാദ്യം ബാധിക്കുക നിര്‍മാണമേഖലയെയാണ്.  ക്രൂഡോയില്‍ വില കുറയാന്‍ തുടങ്ങിയതോടെ പല ഗള്‍ഫ് രാജ്യങ്ങളും നിര്‍മാണപ്രവര്‍ത്തനങ്ങളില്‍ നിയന്ത്രണമേര്‍പ്പെടുത്തിയിരുന്നു. ഇത് പുതിയ തൊഴിലവസരങ്ങളെ  ബാധിക്കുമെന്ന് മാത്രമല്ല, നിലവിലുള്ള തൊഴിലാളികള്‍ക്ക് കൂടി ഭീഷണിയാവുന്നുണ്ട്.  ഏറ്റവുമധികം പ്രവാസികള്‍ ജോലി ചെയ്യുന്നതും നിര്‍മാണമേഖലയിലാണ്.  23.66 ലക്ഷം മലയാളികള്‍ ഗള്‍ഫില്‍ ജോലി ചെയ്യുന്നുണ്ടെന്നാണ് കണക്ക്. ഗള്‍ഫ് പണത്തിന്‍െറ അടിസ്ഥാനത്തില്‍ കെട്ടിപ്പടുത്ത സാമ്പത്തിക സ്ഥിതിയുള്ള സംസ്ഥാനം എണ്ണവില കുത്തനെ ഇടിയുന്നത് കണ്ട് കണ്ണുതുടക്കുകയും ചിരിക്കുകയുമാണ്. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.