ജിയോ ലിസ്റ്റിങ് വേദിയിൽ വികാരഭരിതനായി മുകേഷ് അംബാനി
ജിയോ പ്ലാറ്റ്‌ഫോംസിന്റെ ഐ.പി.ഒ ലിസ്റ്റിങ് ചടങ്ങിൽ വികാരഭരിതനായി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. തന്റെ പിതാവ് ധീരുഭായി അംബാനിയുടെ തുടക്കങ്ങളെക്കുറിച്ചും കുടുംബത്തിന്റെ ബിസിനസ് ജൈത്ര യാത്രയെക്കുറിച്ചും മകൻ ആനന്ദ് അംബാനി സംസാരിച്ചപ്പോഴാണ് മുകേഷ് അംബാനിയുടെ കണ്ണുകൾ നിറഞ്ഞത്.
മക്കളായ ആനന്ദ് അംബാനിയും ഇഷ അംബാനിയും സദസിൽ റിലയൻസ് ഗ്രൂപ്പിന് രൂപം നൽകിയ സ്വപ്നങ്ങളെക്കുറിച്ചും മൂല്യങ്ങളെക്കുറിച്ചും കഠിനാധ്വാനത്തെക്കുറിച്ചും സംസാരിച്ചു. ഇന്ന് സ്റ്റോക്ക് മാർക്കറ്റിൽ ജിയോ പ്ലാറ്റ്‌ഫോംസ് മികച്ച തുടക്കമാണ് കുറിച്ചത്. ബി.എസ്.ഇ.യിലും എൻ.എസ്.ഇയിലും ഐ.പി.ഒ വിലയായ 1,119 രൂപയേക്കാൾ 21.36% പ്രീമിയത്തോടെ 1,359 രൂപയിലാണ് ഓഹരികൾ ലിസ്റ്റ് ചെയ്തത്.
ഗുജറാത്തിലെ ചോർവാഡിലുള്ള മുത്തശ്ശന്റെ സ്വപ്നം ആരംഭിച്ച ഒരു ചെറിയ വീടിനെക്കുറിച്ചും പണമോ സ്വാധീനങ്ങളോ ഇല്ലാതെ ഏഥനിലെ ഒരു പെട്രോൾ പമ്പിൽ ധീരുഭായി ജോലി ചെയ്തിരുന്ന കാര്യവും ആനന്ദ് ഓർത്തു. ഇന്ത്യയെ ഒരു ആഗോള ശക്തിയാക്കി മാറ്റാനുള്ള തന്റെ പിതാവിന്റെ കാഴ്ചപ്പാടിനെക്കുറിച്ചും അനന്ത് സംസാരിച്ചു. ആഗ്രഹവും കഠിനാധ്വാനവും ഉണ്ടെങ്കിൽ രാജ്യത്തിന് എന്തെല്ലാം കൈവരിക്കാൻ കഴിയുമെന്നതിന്റെ ഉദാഹരണമായി ജാംനഗറിലെ ലോകത്തിലെ ഏറ്റവും വലിയ റിഫൈനറിയെ അദ്ദേഹം ചൂണ്ടിക്കാണിച്ചു. തുടർന്ന്, ഓരോ ഇന്ത്യക്കാരനിലേക്കും ഇന്റർനെറ്റ് സേവനം എത്തിക്കുക എന്ന സ്വപ്നത്തിന് ചുറ്റും പടുത്തുയർത്തിയ ജിയോയുടെ യാത്രയെക്കുറിച്ചും അദ്ദേഹം വിശദീകരിച്ചു.
ജിയോയുടെ ജീവനക്കാർ, എഞ്ചിനീയർമാർ, സാങ്കേതിക വിദഗ്ദർ, സർവീസ് ടീമുകൾ, റീട്ടെയിൽ പങ്കാളികൾ എന്നിവർക്ക് അനന്ത് നന്ദി അറിയിക്കുകയും കമ്പനിയുടെ വിജയത്തിന് അവരുടെ ശ്രമങ്ങളെ അഭിനന്ദിക്കുകയും ചെയ്തു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 'ഡിജിറ്റൽ ഇന്ത്യ' കാഴ്ചപ്പാടിനെയും അദ്ദേഹം സ്മരിച്ചു. സാധാരണക്കാരായ ഇന്ത്യക്കാർ രാജ്യത്തിന്റെ വളർച്ചയുടെ പങ്ക് അർഹിക്കുന്നുണ്ടെന്ന ധീരുഭായിയുടെ വിശ്വാസത്തെ ഇഷ അംബാനി അനുസ്മരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.