കയറ്റുമതിയിൽ വൻ മുന്നേറ്റം: 2030ഓടെ ഇന്ത്യൻ വസ്ത്രവ്യവസായ മേഖല ലക്ഷ്യമിടുന്നത് 350 ബില്യൺ ഡോളർ

ന്യൂഡൽഹി: ആഭ്യന്തര ഡിമാൻഡ്, ഉൽപ്പാദന മേഖലയിലെ നിക്ഷേപങ്ങൾ, കയറ്റുമതി അവസരങ്ങൾ എന്നിവയുടെ പിൻബലത്തിൽ 2026 സാമ്പത്തിക വർഷത്തിൽ ഇന്ത്യൻ വസ്ത്രവ്യവസായ മേഖല 190 ബില്യൺ ഡോളറായി ഉയർന്നു. 2030ഓടെ ഇത് 350 ബില്യൺ ഡോളറിലെത്തിക്കുകയാണ് ലക്ഷ്യമെന്ന് റൂബിക്സ് ഡാറ്റാ സയൻസസിന്‍റെ ഏറ്റവും പുതിയ റിപ്പോർട്ട് വ്യക്തമാക്കുന്നു.

രാജ്യത്ത് വൻതോതിൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിൽ വസ്ത്രവ്യവസായ മേഖല മുൻപന്തിയിൽ നിൽക്കുന്നു. യന്ത്രസാമഗ്രികൾ നവീകരിക്കുന്നതിനും ആധുനിക സാങ്കേതികവിദ്യ നടപ്പിലാക്കുന്നതിനും പരമ്പരാഗത വസ്ത്ര നിർമാണ കേന്ദ്രങ്ങളെ മെച്ചപ്പെടുത്തുന്നതിനുമായി 400 ശതകോടി രൂപ വകയിരുത്തുന്ന അഞ്ചുവർഷത്തെ 'ടെക്സ്റ്റൈൽ എക്സ്പാൻഷൻ ആൻഡ് എംപ്ലോയ്മെന്‍റ്' പദ്ധതി കേന്ദ്ര സർക്കാറിന്‍റെ പരിഗണനയിലാണ്. കയറ്റുമതിയിലുണ്ടായ തിരിച്ചുവരവോടെയാണ് ഈ വിപുലീകരണം സാധ്യമാകുന്നത്.

കൈത്തറി ഉൽപ്പന്നങ്ങൾ അടക്കമുള്ള വസ്ത്ര കയറ്റുമതിയിൽ 2026 ഏപ്രിൽ-ആഗസ്റ്റ് കാലയളവിൽ മുൻവർഷത്തെ അപേക്ഷിച്ച് 10.3 ശതമാനം വളർച്ചയാണ് രേഖപ്പെടുത്തിയിട്ടുള്ളത്. 2026 സാമ്പത്തിക വർഷത്തിൽ കയറ്റുമതിയിൽ 2.7 ശതമാനം ഇടിവുണ്ടായി 35.8 ബില്യൺ ഡോളറിലെത്തുകയും ഇറക്കുമതി 17.1 ശതമാനം ഉയർന്ന് 9.6 ബില്യൺ ഡോളറിലെത്തുകയും ചെയ്ത പ്രതിസന്ധിക്ക് ശേഷമാണ് ഈ മുന്നേറ്റം. ഈ വ്യത്യാസങ്ങൾക്കിടയിലും, രാജ്യത്തേക്ക് ഇറക്കുമതി ചെയ്തതിനേക്കാൾ 3.7 ഇരട്ടി മൂല്യമുള്ള ഉൽപ്പന്നങ്ങൾ പുറത്തേക്ക് കയറ്റി അയച്ചുകൊണ്ട് ഇന്ത്യ തങ്ങളുടെ ശക്തമായ കയറ്റുമതി സ്ഥാനം നിലനിർത്തി. റെഡിമെയ്ഡ് വസ്ത്രങ്ങൾ കയറ്റുമതിയുടെ 44 ശതമാനവും, മാൻ-മെയ്ഡ് ഫൈബർ (കൃത്രിമ നാരുകൾ കൊണ്ടുള്ള) വസ്ത്രങ്ങൾ 15 ശതമാനവും പങ്കുവഹിച്ചു.

ആഭ്യന്തര വളർച്ചക്കൊപ്പം ബാഹ്യ വെല്ലുവിളികളെയും അതിജീവിച്ചാണ് ഈ മേഖല മുന്നേറുന്നതെന്ന് റൂബിക്സ് ഡാറ്റാ സയൻസസ് പ്രസിഡന്‍റ് തുഷാർ ഭാസ്കർ ചൂണ്ടിക്കാട്ടി.  

"യു.എസ് വിപണിയിലെ വ്യാപാര അനിശ്ചിതത്വങ്ങൾ, പരുത്തി നൂൽ വിലയിലുണ്ടായ 60 ശതമാനത്തോളം വർധനവ്, ചരക്കുകൂലിയിലെ തടസങ്ങൾ എന്നിവ മേഖലക്ക് വലിയ സമ്മർദ്ദമുണ്ടാക്കുന്നുണ്ട്. ഇത് ഇന്ത്യയുടെ കയറ്റുമതി വിപണികൾ വൈവിധ്യവൽക്കരിക്കേണ്ടതിന്റെയും ഉൽപ്പാദനച്ചെലവ് കുറയ്ക്കേണ്ടതിന്റെയും പ്രാധാന്യം വർധിപ്പിക്കുന്നു," അദ്ദേഹം കൂട്ടിച്ചേർത്തു.

റിപ്പോർട്ട് അനുസരിച്ച്, 2026 സാമ്പത്തിക വർഷത്തിൽ ഇന്ത്യയുടെ കയറ്റുമതിയുടെ 31 ശതമാനവും വാങ്ങിയ അമേരിക്ക തന്നെയാണ് ഏറ്റവും വലിയ വിപണി. യൂറോപ്യൻ യൂണിയൻ ആണ് തൊട്ടുപിന്നിൽ. എന്നാൽ, നിർബന്ധിത തൊഴിൽ വിരുദ്ധ നിയമങ്ങൾ നടപ്പിലാക്കുന്നതിന്റെ ഭാഗമായി 2026 ജൂലൈയിൽ സെക്ഷൻ 301 പ്രകാരം അമേരിക്ക 10 ശതമാനം അധിക തീരുവ ചുമത്തിയതോടെ വ്യാപാര ബന്ധങ്ങളിൽ മാറ്റമുണ്ടായി. ഇതിന് മറുപടിയായി ഇന്ത്യൻ നിർമാതാക്കൾ മറ്റ് വിപണികളിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ചു. 2026 സാമ്പത്തിക വർഷത്തിൽ യു.എസിലേക്കുള്ള കയറ്റുമതിയിൽ ഏകദേശം 7 ശതമാനം കുറവുണ്ടായപ്പോൾ, പ്രധാന യൂറോപ്യൻ വിപണികളിലേക്കുള്ള വിതരണം 9 ശതമാനം വർധിച്ചു. 

അസംസ്കൃത വസ്തുക്കളുടെ വിലക്കയറ്റവും ആഭ്യന്തര വിപണിയെ ബാധിച്ചു. 2026ന്‍റെ തുടക്കത്തിൽ കിലോഗ്രാമിന് 250 രൂപയായിരുന്ന പരുത്തി നൂലിന്‍റെ വില 2026 സെപ്റ്റംബറോടെ 60 ശതമാനത്തോളം ഉയർന്ന് 400 രൂപയിലെത്തി. 2020-21 കാലയളവിൽ 352.48 ലക്ഷം ബെയിലുകൾ ആയിരുന്ന ആഭ്യന്തര പരുത്തി ഉൽപ്പാദനം 2025-26 സീസണിൽ 290.91 ലക്ഷം ബെയ്ലുകളായി കുറഞ്ഞതാണ് വിലവർദ്ധനവിന് കാരണമായത്. വസ്ത്ര മില്ലുകളെ സഹായിക്കുന്നതിനായി പരുത്തിയുടെ 11 ശതമാനം ഇറക്കുമതി തീരുവയിൽ നിന്ന് അധികൃതർ 2026 ഒക്ടോബർ 31 വരെ ഇളവ് അനുവദിച്ചിട്ടുണ്ട്.

വ്യാവസായിക അടിസ്ഥാന സൗകര്യ വികസന പ്രവൃത്തികളും വലിയ നിക്ഷേപങ്ങൾ ആകർഷിച്ചു. അംഗീകാരം ലഭിച്ച ഏഴ് 'പി.എം മിത്ര' പാർക്കുകൾക്ക് കീഴിലുള്ള നിക്ഷേപ നിർദ്ദേശങ്ങൾ 2026 ആഗസ്റ്റോടെ 685.9 ബില്യൺ രൂപയിലെത്തി. ഗ്രാസിം ഇൻഡസ്ട്രീസ്, വർദ്ധമാൻ ടെക്സ്റ്റൈൽസ് തുടങ്ങിയ പ്രമുഖ കോർപ്പറേറ്റ് ഉൽപ്പാദകരുടെ വൻകിട വിപുലീകരണ പദ്ധതികളാണ് ഇതിൽ പ്രധാനം.

Tags:    
News Summary - Indian apparel sector aims to reach 350 billion dollar by 2030

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.