ആശയങ്ങൾ സംരഭമാക്കാൻ കേരള സ്റ്റാർട് അപ് മിഷൻ ഗ്രാന്‍റ്

സ്റ്റാർട്ടപ്പുകൾ, സംരംഭകർ എന്നിവർക്ക് നൂതന ആശയങ്ങൾ സംരംഭങ്ങളാക്കി മാറ്റാൻ സാമ്പത്തിക സഹായവും മറ്റും നൽകുന്നതിനായി സംസ്ഥാന സർക്കാർ ആവിഷ്കരിച്ച പദ്ധതിയാണ്‌ ഇന്നൊവേഷൻ ഗ്രാന്റ് പദ്ധതി. എയ്ഞ്ചൽ ഇൻവെസ്റ്റേഴ്‌സ്‌, വെഞ്ച്വര്‍ കാപിറ്റല്‍ ഫണ്ട്‌ പോലുള്ള ഫണ്ടിങ് സ്റ്റാർട്ടപ്പുകൾ പ്രാരംഭഘട്ടത്തില്‍ നേരിടുന്നത് വെല്ലുവിളിയാണ്. ധനകാര്യ സ്ഥാപനങ്ങളിൽനിന്ന് ബിസിനസ് ലോൺ നേടുന്നതും എളുപ്പമല്ല. സ്റ്റാർട്ടപ്പുകളും സംരംഭകരും നേരിടുന്ന ഈ വെല്ലുവിളി പരിഹരിക്കുന്നതിനാണ് കേരളം ഇന്നൊവേഷൻ ഗ്രാന്റ് പദ്ധതി അവതരിപ്പിച്ചത്.

ഇന്നൊവേഷൻ ഗ്രാന്റ് എന്നത് ഒരു ആശയത്തിന്‌ നല്‍കുന്ന സമ്മാനത്തുകയല്ല. നവീകരണക്കാര്‍ക്കും സ്റ്റാർട്ടപ്പുകള്‍ക്കും അവരുടെ ആശയങ്ങളുടെ പ്രോട്ടോടൈപ് നിര്‍മിക്കുന്നതിനും ഉൽപന്നം വികസിപ്പിക്കുന്നതിനും മാർക്കറ്റ് വ്യാപിപ്പിക്കുന്നതിനും സഹായിക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യം. 15 ലക്ഷം രൂപ വരെയാണ് ഇന്നൊവേഷൻ ഗ്രാന്റായി നല്‍കുക. സ്റ്റാർട്ടപ്പുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്കും പദ്ധതികൾക്കും കേരള സർക്കാറിന്റെ നോഡൽ ഏജൻസിയായ കേരള സ്റ്റാർട്ടപ് മിഷൻ വഴിയാണ് ഈ പദ്ധതി നടപ്പാക്കുന്നത്.

ഇന്നൊവേഷൻ ഗ്രാന്റുകൾ ഐഡിയ ഗ്രാന്‍റ്: ആശയഘട്ടത്തിലോ ഡിസൈന്‍ ഘട്ടത്തിലോ ഉള്ള സ്റ്റാർട്ടപ്പുകൾക്ക് അവരുടെ ആശയത്തിന്റെ പ്രോട്ടോടൈപ് വികസിപ്പിക്കുന്ന ഘട്ടത്തില്‍ നല്‍കുന്ന ഗ്രാന്റാണിത്. മൂന്നു ലക്ഷം രൂപ വരെയാണ് ഗ്രാന്റ്. പ്രൊഡക്‌ടൈസേഷൻ ഗ്രാന്റ്: സ്റ്റാര്‍ട്ടപ്പുകളുടെ പ്രോട്ടോടൈപ്പുകള്‍ ഫൈനല്‍ ഉൽപന്നമായി പരിവര്‍ത്തനം ചെയ്യുന്ന ഘട്ടത്തില്‍ ലഭിക്കുന്ന ഗ്രാന്റാണിത്‌. ഏഴു ലക്ഷം രൂപ വരെ ലഭിക്കും.

മാർക്കറ്റ് ആക്സിലറേഷൻ ഗ്രാന്റ് സ്റ്റാർട്ടപ്പ്‌: മാര്‍ക്കറ്റ്‌ വിപുലീകരിച്ച്‌ വരുമാനം ത്വരിതപ്പെടുത്താൻ ആഗ്രഹിക്കുന്ന സ്റ്റാർട്ടപ്പുകൾക്കുള്ള ഗ്രാന്റ്. 10 ലക്ഷം വരെ. സ്കെയിൽ-അപ് ഗ്രാന്റ്: ബിസിനസ് സ്കെയിൽ അപ് ചെയ്യാനും വരുമാനം പരമാവധി വർധിപ്പിക്കാനും ആഗ്രഹിക്കുന്ന സ്റ്റാർട്ടപ്പുകൾക്കായുള്ളത്‌. 15 ലക്ഷം വരെ.

ഗവേഷണ-വികസന ഗ്രാന്റ്: ഭാവിയില്‍ വളരെ മികച്ച നേട്ടമുണ്ടാക്കാന്‍ സാധ്യതയുള്ള സ്റ്റാര്‍ട്ടപ്പുകള്‍ക്ക്‌ വിപുലമായ ആര്‍.ഡി സൗകര്യം ഉപയോഗിച്ച് ഫൈനൽ ഉൽപന്നമായി വികസിപ്പിക്കുന്നതിനുള്ള ഗ്രാന്റ്. 30 ലക്ഷം രൂപ വരെ.ഐഡിയ ഗ്രാന്റ്: ആശയഘട്ടത്തിലോ ഡിസൈന്‍ ഘട്ടത്തിലോ ഉള്ള വിദ്യാർഥി ഇന്നൊവേറ്റർ സ്റ്റാർട്ടപ്പുകൾക്ക്‌ അതിന്റെ മാതൃകകള്‍ വികസിപ്പിക്കുന്ന ഘട്ടത്തില്‍ നല്‍കുന്ന ഗ്രാന്റ്. രണ്ടു ലക്ഷം വരെ.

വിമൻ പ്രൊഡക്‌ടൈസേഷൻ ഗ്രാന്റ്: വനിത സ്റ്റാർട്ടപ്പുകളുടെ പ്രോട്ടോടൈപ്പുകള്‍ ഫൈനല്‍ ഉൽപന്നമായി പരിവര്‍ത്തനം ചെയ്യുന്ന ഘട്ടത്തില്‍ നൽക്കുന്ന ഗ്രാന്റ്. അഞ്ചു ലക്ഷം വരെ.ശമ്പളം, ആസ്തികൾ വാങ്ങൽ, വാടകയും മറ്റു യൂട്ടിലിറ്റി ചാർജുകൾ, വിലകൂടിയ ഉപകരണങ്ങൾ വാങ്ങൽ, ഭൂമി, കെട്ടിടം, ഫർണിഷിങ്, ലാബ് സജ്ജീകരിക്കൽ, ഉയർന്ന വിലയുള്ള സോഫ്റ്റ്‌വെയർ വാങ്ങൽ തുടങ്ങിയ സ്ഥിര ആസ്തികൾ, പേറ്റന്റിങ് ചെലവുകൾ തുടങ്ങിയവ ആവശ്യങ്ങൾക്ക് ഇന്നൊവേഷൻ ഗ്രാന്റ് ഉപയോഗിക്കാൻ കഴിയില്ല.

യോഗ്യർ ആരൊക്കെ?

ഐഡിയ ഗ്രാന്റ് ലഭിക്കുന്നതിന്‌ കേരളത്തിനകത്തോ പുറത്തോ ഉള്ള ഒരു ഇന്നൊവേറ്റർ ആയിരിക്കണം. കമ്പനി രജിസ്ട്രേഡും കേരള സ്റ്റാര്‍ട്ടപ് മിഷന്റെ (കെ.എസ്‌.യു.എം) യുനീക് ഐഡിയും ഫണ്ട് വിതരണത്തിന്‌ നിർബന്ധമാണ്. മറ്റെല്ലാ ഗ്രാന്റുകൾക്കും സ്റ്റാർട്ടപ് കമ്പനി രജിസ്ട്രേഷൻ പ്രക്രിയ പൂർത്തിയാക്കണം, കൂടാതെ കേരള സ്റ്റാര്‍ട്ടപ് മിഷന്റെ യുനീക് ഐഡി സർട്ടിഫിക്കേഷനും വേണം.

സേവനപദ്ധതികളോ അസറ്റ് സൃഷ്ടിക്കുന്നതിനോ ഇന്നൊവേഷൻ ഗ്രാന്റിന് ലഭിക്കില്ല. മുഴുവൻ ഉൽപന്ന വികസന പ്രവർത്തനങ്ങളുടെയും അല്ലെങ്കിൽ ഏതെങ്കിലും പ്രധാന പ്രവർത്തനങ്ങൾ ഔട്ട്‌സോഴ്‌സിങ് ചെയ്തവര്‍, സെല്‍ഫ്‌ സര്‍വിസ്‌ വാങ്ങൽ, സി.എസ്‌.ആര്‍ പ്രവർത്തനങ്ങൾക്ക് ഗ്രാന്റ് വിനിയോഗിക്കുന്നവര്‍ എന്നിവരെ പരിഗണിക്കില്ല. 20 ശതമാനത്തിൽ കൂടുതൽ ഓഹരി കൈവശമുള്ള ഏതെങ്കിലും ഡയറക്ടർമാർ, ഇതിനകം കെ.എസ്‌.യു.എമ്മിൽനിന്നുള്ള എന്തെങ്കിലും ഗ്രാന്റ് അവരുടെ മറ്റ് കമ്പനികൾക്ക് ലഭിച്ചിട്ടുള്ളവരും യോഗ്യരല്ല.

ആശയങ്ങൾ സംരഭമാക്കാൻകെ.എസ്‌.യു.എം വർഷത്തിൽ അല്ലെങ്കിൽ ആവശ്യാനുസരണം ഗ്രാന്റുകള്‍ക്കായി അപേക്ഷകൾ വിളിക്കും. അപേക്ഷയും സമയപരിധിയും www.startupmission.kerala.gov.in എന്ന വെബ്‌സൈറ്റ് വഴി പ്രസിദ്ധീകരിക്കും. ബന്ധപ്പെട്ട എല്ലാ സംശയങ്ങൾക്കും ideas@startupmission.in എന്ന ഇ-മെയിൽ വിലാസത്തിൽ ബന്ധപ്പെടാം.

Tags:    
News Summary - Kerala Start Up Mission Grant to initiate ideas

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.