യു.പി.ഐ എം.ഡി.ആർ നിരക്കുകൾ വീണ്ടും വൈകിയേക്കും: നടപ്പിലാക്കുന്ന തീയതിയിൽ സമവായത്തിലെത്താതെ സർക്കാറും ആർ.ബി.ഐയും

ന്യൂഡൽഹി: യു.പി.ഐ എം.ഡി.ആർ ഫീസ് നടപ്പിലാക്കുന്നതിനായി ഇനിയും കുറച്ചുനാൾ കൂടി കാത്തിരിക്കേണ്ടി വന്നേക്കും. ഇത് നടപ്പിലാക്കുന്നതിനുള്ള തീയതിയിൽ ഇതുവരെ അന്തിമ തീരുമാനമായില്ല.വിഷയത്തിൽ കേന്ദ്ര സർക്കാറും റിസർവ് ബാങ്ക് ഓഫ് ഇന്ത്യയും നാഷനൽ പേയ്‌മെന്‍റ്സ് കോർപ്പറേഷൻ ഓഫ് ഇന്ത്യയും തമ്മിൽ ഇതുവരെ സമവായത്തിലെത്തിയിട്ടില്ലെന്നാണ് സൂചന.

ആദ്യം 2026 ഒക്ടോബറിൽ എം.ഡി.ആർ പ്രാബല്യത്തിൽ വരുമെന്നാണ് കരുതിയിരുന്നതെങ്കിലും ഉത്സവ സീസൺ കണക്കിലെടുത്ത് തീരുമാനം മാറ്റിവെയ്ക്കുകയായിരുന്നു. വ്യാപാരികളുടെ ഭാഗത്തുനിന്നുള്ള എതിർപ്പും വിവിധ സംസ്ഥാനങ്ങളിലെ വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പുകളുമാണ് സർക്കാറിന്‍റെ നിലപാടിനെ സ്വാധീനിക്കുന്ന പ്രധാന ഘടകങ്ങളെന്ന് റിപ്പോർട്ടുകൾ പറയുന്നു. 2027ലെ നിയമസഭാ തെരഞ്ഞെടുപ്പുകൾക്ക് ശേഷമേ ഇത് നടപ്പിലാക്കാൻ സാധ്യതയുള്ളൂ എന്നും സൂചനയുണ്ട്.

ഡിജിറ്റൽ പേയ്‌മെന്‍റുകൾ സ്വീകരിക്കുന്നതിന് അധിക ചെലവ് വരുന്നതിനാൽ വ്യാപാരി സംഘടനകൾ നിർദ്ദിഷ്ട എം.ഡി.ആർ രീതിയോട് എതിർപ്പ് പ്രകടിപ്പിച്ചിട്ടുണ്ട്. 2027ൽ ഉത്തർപ്രദേശ്, പഞ്ചാബ്, ഉത്തരാഖണ്ഡ്, ഗോവ, മണിപ്പൂർ എന്നീ സംസ്ഥാനങ്ങളിൽ നിയമസഭാ തെരഞ്ഞെടുപ്പുകൾ നടക്കാനിരിക്കുകയാണ്. ഈ സമയത്ത് വ്യാപാരികൾക്ക് മേൽ അധിക ഫീസ് ചുമത്തുന്നത് രാഷ്ട്രീയമായി ഏറെ നിർണായകമാകും.

ഡിജിറ്റൽ ഇടപാടുകൾ പ്രോസസ് ചെയ്യുന്നതിനായി വ്യാപാരികളിൽ നിന്ന് ഈടാക്കുന്ന ഫീസാണ് എം.ഡി.ആർ. ഉയർന്ന തുകയ്ക്കുള്ള യു.പി.ഐ ഇടപാടുകളിൽ ബിസിനസുകാരിൽ നിന്ന് പ്രോസസിങ് ഫീസ് ഈടാക്കാനാണ് പുതിയ നിർദ്ദേശം. 2,000 രൂപയ്ക്ക് മുകളിലുള്ള എല്ലാ വ്യക്തി-വ്യാപാര ഇടപാടുകൾക്കും 0.4% എം.ഡി.ആർ ആണ് നിർദ്ദേശിച്ചിരിക്കുന്നത്. പരമാവധി ഈടാക്കാവുന്ന തുക 300 രൂപയായി പരിമിതപ്പെടുത്തിയിട്ടുണ്ട്. ഉദാഹരണത്തിന്, പുതിയ നിരക്ക് ബാധകമായ ഒരു വ്യാപാരിക്ക് 5,000 രൂപയുടെ യു.പി.ഐ പേയ്‌മെന്‍റ് ലഭിച്ചാൽ പ്രോസസിങ് ഫീസായി 20 രൂപ നൽകേണ്ടിവരും.

ചില ബിസിനസുകൾക്ക് വ്യത്യസ്ത ഫീസ് ഘടനയാണുള്ളത്. റെയിൽവേ സേവനങ്ങൾ, ടെലികോം, ഇൻഷുറൻസ്, ഇന്ധന സേവനങ്ങൾ എന്നിവയിൽ 2,000 രൂപക്ക് മുകളിലുള്ള ഓരോ ഇടപാടിനും 5 രൂപ എന്ന നിരക്കിൽ ഫ്ലാറ്റ് ഫീസ് ഈടാക്കാനാണ് സാധ്യത. മറുവശത്ത്, മ്യൂച്വൽ ഫണ്ടുകൾ, ഓഹരി വിപണികൾ, സ്റ്റോക്ക് ബ്രോക്കർമാർ എന്നിവയുമായുള്ള ഇടപാടുകൾക്ക് നിർദ്ദിഷ്ട എംഡിആർ 0.02% ആയിരിക്കും (പരമാവധി 300 രൂപ).

ചെറുകിട വ്യാപാരികൾക്ക് ആശ്വാസം നൽകുന്ന വ്യവസ്ഥകളും ഇതിലുണ്ട്. പ്രതിമാസ ഇടപാട് പരിധി 1 ലക്ഷം രൂപയോ അതിൽ താഴെയോ ഉള്ള ബിസിനസുകൾ യു.പി.ഐ ക്യു.ആർ പേയ്‌മെന്റുകൾക്ക് എം.ഡി.ആർ നൽകേണ്ടതില്ല. കൂടാതെ 2,000 രൂപ വരെയുള്ള ഇടപാടുകളെയും ഈ ഫീസിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. സാധാരണ യു.പി.ഐ ഉപയോക്താക്കൾക്ക് ഇടപാടുകളിൽ നേരിട്ട് യാതൊരു ഫീസും നൽകേണ്ടി വരില്ല.

Tags:    
News Summary - UPI MDR rates may be delayed again

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.