കെ.ആർ. ഗൗരിയമ്മയും കെ.കെ. ശൈലജയും (ഫയൽചിത്രം)

മന്ത്രിസഭയിലെ തലമുറ മാറ്റം

ഈ പാർട്ടിയെക്കുറിച്ച്​ നമുക്ക് ഒരു ചുക്കുമറിയില്ലെന്ന് ഒരിക്കൽകൂടി നാം മനസ്സിലാക്കുന്നു. പുതുമുഖങ്ങളെ മാത്രം ഉൾക്കൊള്ളിച്ചുകൊണ്ടുള്ള ഒന്നാണ് പിണറായി വിജയ​​െൻറ രണ്ടാം മന്ത്രിസഭ. അതായത്, തുടർഭരണത്തിൽ സി.പി.എമ്മിൽ തുടർച്ച പിണറായിക്കു മാത്രം. കേരളത്തെ സംബന്ധിച്ചിടത്തോളം ഇതൊരു ചരിത്രസംഭവമാണ്.

രണ്ടു തവണ മ​ന്ത്രിമാരായിരുന്ന തോമസ് ഐസക്കും ജി. സുധാകരനും ഉൾപ്പെടെ നിരവധി എം.എൽ.എമാർക്ക് പാർട്ടി ടിക്കറ്റ് നൽകാതിരുന്നപ്പോൾതന്നെ പുതുമുഖങ്ങൾക്ക് കൂടുതൽ അവസരങ്ങൾ നൽകാനുദ്ദേശിക്കുന്നതായി വാർത്തയുണ്ടായിരുന്നു. ആ ഘട്ടത്തിൽ കെ.കെ. ശൈലജയെയും ഒഴിവാക്കുമെന്ന് കേട്ടിരുന്നു. അവരുടെ മണ്ഡലം പാർട്ടി ഒരു ഘടകകക്ഷിക്ക് വിട്ടുകൊടുക്കുകയും ചെയ്തു. പിന്നീട് പാർട്ടിയുടെ മറ്റൊരു ഉറച്ച മണ്ഡലത്തിൽ സ്ഥാനാർഥിയാക്കുകയും റെക്കോഡ് ഭൂരിപക്ഷത്തോടെ അവർ വിജയിക്കുകയും ചെയ്തു. അപ്പോൾ എല്ലാ മന്ത്രിമാരെയും ഒഴിവാക്കാനുള്ള തീരുമാനത്തിൽ ഇളവ് കൊടുത്തുകൊണ്ട് ആരോഗ്യമന്ത്രിയെന്ന നിലയിൽ മഹാമാരിക്കാലത്ത് നടത്തിയ മികച്ച പ്രകടനം കണക്കിലെടുത്ത് പിണറായി വിജയൻ ശൈലജയെ രണ്ടാം മന്ത്രിസഭയിലും ഉൾപ്പെടുത്തുമെന്ന ധാരണ പരന്നു. പ​േക്ഷ, അതുണ്ടായില്ല.

പിണറായിയുടെ ആദ്യ സർക്കാറി​െൻറ നല്ല പ്രവർത്തനത്തി​െൻറ പേരിലാണ് സി.പി.എം ഭരണത്തുടർച്ച ആവശ്യപ്പെട്ടത്. മഹാമാരി തുടരുന്ന സാഹചര്യത്തിൽ ആരോഗ്യവകുപ്പിനോളം തുടർച്ച ആവശ്യപ്പെടുന്ന മറ്റൊരു വകുപ്പില്ല. എന്നിട്ടും മുഖ്യമന്ത്രിയും പാർട്ടിയും ആ പ്രശ്നം കൈകാര്യം ചെയ്യുന്നതിൽ കാട്ടിയ മികവിന് രാജ്യത്തിനകത്തും പുറത്തും, എന്തിന്​ അന്തർദേശീയ തലത്തിൽതന്നെയും, പ്രശംസ നേടിയ മന്ത്രിയെ ഒഴിവാക്കിയതിനെ വിവേകത്തോടെയുള്ള തീരുമാനമായി കാണാനാകില്ല. അതിനു പിന്നിൽ ഭരണനൈപുണ്യബാഹ്യമായ ഏതോ ഘടകമുണ്ട്​.

മന്ത്രി ശൈലജ കാട്ടിയ മികവാണോ അവരെ ഒഴിവാക്കാൻ മേലാളരെ പ്രേരിപ്പിച്ചത്? ടേപ്​ അൽപം പിന്നോട്ടോടിച്ചാൽ ശൈലജ ലോകമാധ്യമങ്ങളിൽ നിറയുകയും ഐക്യരാഷ്​ട്ര സഭയുടെ ഒരു ഏജൻസി അവരെ അന്തർദേശീയ ഓൺലൈൻ സെമിനാറിൽ പങ്കെടുക്കാൻ ക്ഷണിക്കുകയും ചെയ്തശേഷം മുഖ്യമന്ത്രി കോവിഡ് സമരമുഖത്തിറങ്ങി പടയെ മുന്നിൽനിന്ന് നയിക്കാൻ തുടങ്ങിയതായി കാണാം. അദ്ദേഹം നിത്യവും ടെലിവിഷൻ കാമറകൾക്കു മുന്നിലെത്തി യുദ്ധവാർത്തകൾ നേരിട്ട് ജനങ്ങളിലെത്തിക്കാനും തുടങ്ങി. അണികൾ അദ്ദേഹത്തെ ക്യാപ്റ്റനായി വാഴ്ത്തി.

ശൈലജയുടെ ഒഴിവാക്കൽ ദിവസങ്ങൾക്കുമുമ്പേ എസ്. രാമചന്ദ്രൻ പിള്ള, പിണറായി വിജയൻ, കോടിയേരി ബാലകൃഷ്ണൻ, എം.എ. ബേബി എന്നീ 'ലഭ്യമായ പോളിറ്റ് ബ്യൂറോ' കൂടി തീരുമാനിക്കുകയായിരുന്നെന്ന് മാധ്യമങ്ങൾ പറയുന്നു. (ഓൺലൈൻ യോഗ കാലത്തും അവയ്‌ലബ്​ൾ പി.ബി പാരമ്പര്യം തുടരുന്നതെന്താണാവോ?) ഈ പുരുഷാധിപത്യ രാഷ്​ട്രീയ തീരുമാനം അവരിലാരും ഉടൻ ചോർത്തിക്കൊടുക്കാതിരുന്നത് അത് പറയാൻ കൊള്ളാവുന്ന കാര്യമല്ലെന്ന തിരിച്ചറിവുകൊണ്ടാകണം.

ശൈലജയുടെ ആരാധകർ സമൂഹമാധ്യമങ്ങളിലൂടെ അവരെ അടുത്ത മുഖ്യമന്ത്രിയാക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. കുറു പി.ബി തീരുമാനത്തെ അതിനോടുള്ള പ്രതികരണമായി കാണാം. പൊതുസമൂഹം ഇതിൽനിന്ന് മനസ്സിലാക്കേണ്ടത് ഇനിയൊരു ഗൗരിയമ്മ ഉയർന്നുവരാൻ പാർട്ടി അനുവദിക്കില്ലെന്നാണ്.

ശൈലജയില്ലെങ്കിലെന്ത്, ചരിത്രത്തിലാദ്യമായി കേരളത്തിൽ മൂന്നു വനിതകളുള്ള മന്ത്രിസഭ ഉണ്ടായിരിക്കുന്നു. അതിൽ രണ്ടു പേര് സി.പി.എം നോമിനികളാണ്. അതിനാൽ പാർട്ടിക്കെതിരെ ചിലർ ഉയർത്തുന്ന സ്ത്രീവിരുദ്ധതയാരോപണം നിലനിൽക്കുന്നതല്ല. സ്ത്രീകൾക്ക് മുന്നോട്ടുവരാം, പ​േക്ഷ ആര് വരണമെന്ന് ആൺകോയ്മ തീരുമാനിക്കും. കെ.ആർ. ഗൗരിയെ പാർട്ടിയിൽനിന്ന് പുറത്താക്കാൻ നേതൃത്വം നൽകിയ ഇ.എം.എസ് നമ്പൂതിരിപ്പാടും മറ്റൊരു വനിതയെ മുഖ്യമന്ത്രിപദത്തിലേക്ക് പരിഗണിക്കാൻ പിന്നീട് തയാറായല്ലോ.

രാഷ്​ട്രീയരംഗത്തെ ഉയർന്ന വയോജന സാന്നിധ്യം പല രാജ്യങ്ങളിലും നമ്മുടെ രാജ്യത്ത് പല സംസ്ഥാനങ്ങളിലും കണ്ടിട്ടുള്ള പ്രതിഭാസമാണ്. സാധാരണഗതിയിൽ പാർട്ടികൾ ഇങ്ങനെയൊരു അവസ്ഥ ഒഴിവാക്കുന്നത് ഒറ്റയടിക്കല്ല, ഓരോ തെരഞ്ഞെടുപ്പിലും യുവ തലമുറകളിൽപെട്ടവരെ ഉയർത്തിക്കൊണ്ടാണ്. മ​ന്ത്രിപദത്തിന്​ താഴെ സഹമന്ത്രി, പാർലമെൻററി സെക്രട്ടറി തുടങ്ങിയ സ്ഥാനങ്ങളുള്ള സംവിധാനങ്ങൾ ഉള്ളപ്പോൾ യുവാക്കളെ മെല്ലെ ഉയർത്തിക്കൊണ്ടുവരാനാകും. അതിനുള്ള അവസരം നമ്മുടെ രാജ്യത്ത് വിരളമാണ്.

യുവാക്കൾക്ക് അവസരം നൽകുന്ന നേതാക്കളും സാധാരണഗതിയിൽ മന്ത്രിസഭയെ അനുഭവത്തി​​െൻറയും യുവത്വത്തി​െൻറയും മിശ്രിതമായാണ് വിഭാവന ചെയ്യുക. ഒറ്റയടിക്ക് അടിമുടി മാറ്റാറില്ല. എങ്കിലും മുൻകൂട്ടി തീരുമാനിച്ചുള്ള ഈ തലമുറമാറ്റ നീക്കം സ്വാഗതാർഹമാണ്.

പുതുമുഖമായി ഇപ്പോൾ അവതരിപ്പിക്കപ്പെട്ടിട്ടുള്ള പലരും പാർട്ടി ജില്ല സെക്രട്ടറിമാരായും പോഷകസംഘടന നേതാക്കളായും പ്രവർത്തിച്ച പരിചയമുള്ളവരാണ്. ആ അനുഭവത്തെ വിലകുറച്ച് കാണുന്നില്ല. എന്നാൽ, അവർ ഒരു കാര്യം ഓർക്കണം. മന്ത്രിയെന്ന നിലയിൽ പ്രവർത്തിക്കുമ്പോൾ പിന്തുടരേണ്ടത് പാർട്ടി ഭരണഘടനയല്ല, എല്ലാ പൗരന്മാരും തുല്യരാണെന്നു പ്രഖ്യാപിക്കുന്ന ഇന്ത്യൻ ഭരണഘടനയാണ്.

ഈ മന്ത്രിസഭ രൂപവത്​കരണം സംബന്ധിച്ച് ഉയർന്നിട്ടുള്ള ഒരു വിമർശനം മുഖ്യമന്ത്രിയുടെ മരുമക​െൻറ നിയമനമാണ്. പി.എ. മുഹമ്മദ് റിയാസ് പിണറായി വിജയ​​െൻറ മകൾ വീണയെ വിവാഹം കഴിച്ചത് അടുത്ത കാലത്താണ്. ആ വിവാഹം നടക്കുന്നതിനു മുമ്പായിരുന്നു സർക്കാർ രൂപവത്​കരണമെങ്കിൽ തീർച്ചയായും പരിഗണിക്കപ്പെടുമായിരുന്നയാളാണ് റിയാസ്​. മുഖ്യമന്ത്രിയുമായുണ്ടായ കുടുംബബന്ധം അദ്ദേഹത്തെ അയോഗ്യനാക്കുന്നു എന്ന അഭിപ്രായം എനിക്കില്ല. നമ്മുടെ നാട്ടിൽ ഇതാദ്യമാണ്. എന്നാൽ, വലിയ ജനാധിപത്യ പാരമ്പര്യമുള്ള ബ്രിട്ടനിൽ പ്രധാനമന്ത്രിയുടെ മരുമകൻ മന്ത്രിസഭയിലുണ്ടായിരുന്ന അവസരങ്ങളുണ്ടായിട്ടുണ്ട്.

Tags:    
News Summary - generation change in Kerala cabinet

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.