രാമച്ച പാടത്ത് കര്‍ഷകന്‍െറ കണ്ണീര്‍

പൊതുവിപണിയില്‍ രാമച്ചത്തിന് വിലയിടിഞ്ഞത് നാട്ടിലെ കര്‍ഷകരെ കണ്ണീരിലാക്കുന്നു. സംസ്ഥാനത്ത്  കൂടിയ തോതില്‍ രാമച്ചം കൃഷിചെയ്യുന്ന കയ്പമംഗലം മുതല്‍  വെളിയങ്കോട് വരെയുള്ള തീരദേശ മേഖലകളിലെ കര്‍ഷകരാണ് രാമച്ച പാടത്ത് കണ്ണീരൊഴുക്കുന്നത്. നേരത്തേ വ്യാവസായികാടിസ്ഥാനത്തില്‍  കേരളത്തില്‍ മാത്രമായിരുന്ന രാമച്ച കൃഷി അടുത്തിടെ തമിഴ്നാട്ടിലും  തുടങ്ങി. മുമ്പ് ഇവിടെ കൃഷി ചെയ്തിരുന്നവരാണ് തമിഴ്നാട്ടില്‍ പരീക്ഷണകൃഷി നടത്തിയത്. കൂലിക്കുറവും മഴ ലഭിക്കുന്നതും അനുകൂല ഘടകങ്ങളായി. കേരളത്തില്‍ വര്‍ഷത്തില്‍ ഒരു തവണയാണ് കൃഷിയെങ്കില്‍ അവിടെ രണ്ട് പ്രാവശ്യം നടത്താം. കാലാവസ്ഥ അനുകൂലമായതിനാല്‍ തമിഴ്നാട്ടില്‍ നേരത്തേ വിളവെടുക്കാനും കഴിയുന്നുണ്ട്.  ഇതോടെ ആവശ്യക്കാര്‍  കൂട്ടത്തോടെ എത്തുന്നത് അവിടേക്കായി. സംസ്ഥാനത്തെ രാമച്ചം പൊതുവിപണിയിലത്തെുതിനുമുമ്പേ കര്‍ണാടക, തമിഴ്നാട് തുടങ്ങിയ സംസ്ഥാനങ്ങളില്‍നിന്ന് എത്തിയതോടെ ഇവിടെ രാമച്ചത്തിന് വിലയിടിഞ്ഞു. കേരളത്തില്‍  പൊതുവിപണിയില്‍ രാമച്ചത്തിന്‍െറ വില പകുതിയായതിനാല്‍ കഴിഞ്ഞ വര്‍ഷം വിളവെടുക്കാന്‍   ആരും മെനക്കെട്ടില്ല. മേഖലയിലെ പ്രമുഖ വ്യാപാരികളായ അല്‍ ഹദീര്‍ ഗ്രൂപ് ഉള്‍പ്പെടെ വിളവെടുത്ത രാമച്ച വേര് കെട്ടിവെക്കുകയായിരുന്നു. രണ്ട് വര്‍ഷം മുമ്പ്  ഒരു കിലോ രാമച്ചത്തിന് 140 രൂപയായിരുന്നു വില. 150 വരെ ഉയര്‍ന്ന സമയവുമുണ്ടായിരുന്നു. അത് ഇത്തവണ  50, 55 രൂപയായി. നവംബര്‍, ഡിസംബര്‍ മാസങ്ങളാണ് രാമച്ചം  വിളവെടുപ്പ് കാലം.  
എടക്കഴിയൂര്‍, അകലാട്, മന്ദലാംകുന്ന്, പാപ്പാളി, കുമാരന്‍പടി, അണ്ടത്തോട്, തങ്ങള്‍പടി,  പെരിയമ്പലം,  കാപ്പിരിക്കാട്, പാലപ്പെട്ടി തീരമേഖലകളിലാണ് രാമച്ചം വിളവെടുക്കാനുള്ളത്. 400 ഏക്കറിലെ 1,600 ടണ്‍ രാമച്ചമാണ് വര്‍ഷംതോറും ഇവിടെ നിന്ന് കയറ്റിപ്പോകുന്നത്. സുഗന്ധ തൈലത്തിനും ആയുര്‍വേദ മരുന്നുകള്‍ക്കും സോപ്പ് നിര്‍മാണത്തിനും ഉപയോഗിക്കുന്ന രാമച്ചവേര് ഇപ്പോള്‍ കരകൗശല വസ്തു നിര്‍മാണത്തിനും ശയ്യോപകരണങ്ങള്‍ക്കുമാണ് ഉപയോഗിക്കുന്നത്. വിളവെടുത്താല്‍ സൂക്ഷിച്ചു വെക്കാന്‍ ഇടമില്ലാത്തവരാണ് പലരും. അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ മികവില്‍ മുന്നിലുള്ള കേരള രാമച്ചം വേണ്ട സമയത്ത് വിപണിയിലത്തെിക്കാന്‍ പ്രയാസമായത് കാലാവസ്ഥാ മാറ്റമാണ്. സംസ്ഥാന സര്‍ക്കാറാണെങ്കില്‍ ഇത്തരം ഒരു കൃഷി ഈ നാട്ടിലുണ്ടെന്നുപോലും അറിയാത്ത സ്ഥിതിയിലാണ്. മറ്റു കര്‍ഷകര്‍ക്ക് ലഭിക്കുന്ന ആനുകൂല്യം രാമച്ചകര്‍ഷകര്‍ക്ക് ലഭിക്കാറില്ല. പുന്നയൂര്‍ക്കുളം പഞ്ചായത്തില്‍ മാത്രമാണ് രാമച്ചത്തിന് വളം സബ്സിഡി നല്‍കുന്നത്. ഇപ്പോള്‍ ഇതരസംസ്ഥാന തൊഴിലാളികളാണ് രാമച്ചപ്പാടത്തിറങ്ങുന്നത്. ഇവര്‍ക്ക് ഒപ്പം ഇത്തവണ രാമച്ച പാടത്ത് മണ്ണുമാന്തിയും ഇറക്കിയിട്ടുണ്ട്. 
ഈ യന്ത്രം വേരെടുക്കുമ്പോള്‍ സമയലാഭം കിട്ടുമെങ്കിലും 10 ശതമാനത്തോളം വേര് മണ്ണിനടിയിലാകുന്നത് നഷ്ടമുണ്ടാക്കുമെന്നാണ് പരമ്പരാഗത രാമച്ച കര്‍ഷകരായ പാലപ്പെട്ടി  കാഞ്ഞിരപ്പള്ളി വിനോദിന്‍െറയും സഹോദരങ്ങളുടേയും അഭിപ്രായം. 
 
Tags:    
News Summary - http://54.186.233.57/node/add/article

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.