കുരുമുളക് കര്‍ഷകരെ ചതിച്ചത് കാലാവസ്ഥാ വ്യതിയാനം

കാലാവസ്ഥ വ്യതിയാനം കുരുമുളക് കൃഷിക്ക് തിരിച്ചടിയാകുന്നു. കുരുമുളക് ഉല്‍പാദനത്തില്‍ സംസ്ഥാനത്ത് മുന്‍നിരയിലുള്ള ജില്ലയായ ഇടുക്കിയില്‍ കര്‍ഷകര്‍ ദുരിതത്തിലാണ്. എന്നാല്‍, കാലാവസ്ഥ വ്യതിയാനംമൂലം കുറച്ചുവര്‍ഷങ്ങളായി ഉല്‍പാദനം ഗണ്യമായി കുറഞ്ഞത് കര്‍ഷകനെ ബാധിച്ചിട്ടുണ്ട്. ക്രമംതെറ്റിയുള്ള മഴയും മഴയുടെ വലിയ തോതിലുള്ള കുറവും കുരുമുളക് കൃഷിയെയാണ് ഏറെ ബാധിക്കുന്നത്. മുമ്പ് വിളവെടുത്തതിന്‍െറ പകുതിപോലും ഇപ്പോള്‍ തോട്ടങ്ങളില്‍നിന്ന് ലഭിക്കുന്നില്ളെന്നാണ് കര്‍ഷകര്‍ പരാതിപ്പെടുന്നത്. കാലാവസ്ഥ ചതിച്ചതോടെ കുരുമുളകുവള്ളികള്‍ക്ക് രോഗബാധ കൂടുന്നതും പതിവായി. പുതിയ ഇനം കുരുമുളകിന് രോഗപ്രതിരോധ ശേഷി കുറവാണെന്ന് കര്‍ഷര്‍ പറയുന്നു. നല്ല ഉല്‍പാദനം ലഭിക്കുന്ന, ഇടുക്കിയുടെ കാലാവസ്ഥക്ക് യോജിക്കുന്ന നാടന്‍ ഇനങ്ങള്‍ അപ്രത്യക്ഷമായത് കര്‍ഷകര്‍ക്ക് വിനയായി. സങ്കരയിനം കുരുമുളക് കടന്നുവന്നതോടെ വ്യാപകമായി കര്‍ഷകര്‍ ഇതുവെച്ചുപിടിപ്പിച്ചു. കരിമുണ്ട ഇനത്തില്‍പെട്ട വള്ളികള്‍ക്കാണ് രോഗം കുറവുള്ളത്. ബാക്കിയെല്ലാം നാശത്തിലാണ്. പന്നിയൂര്‍ ഉള്‍പ്പെടെയുള്ളവക്കൊന്നും നാടന്‍ ഇനങ്ങള്‍ നിലനില്‍ക്കുന്നതുപോലെ മാറിയ കാലാവസ്ഥയില്‍ പിടിച്ചുനില്‍ക്കാന്‍ കഴിയുന്നില്ളെന്നാണ് കര്‍ഷകര്‍ അഭിപ്രായപ്പെടുന്നത്. 

ധാരാളം മഴ ലഭിക്കുകയും അന്തരീക്ഷം ഈര്‍പ്പമുള്ളതുമായാല്‍ മാത്രമേ കുരുമുളകിന് കൂടുതല്‍ വിളവുണ്ടാവുകയുള്ളൂ. വൈകി ലഭിക്കുന്ന തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍ മഴയും ഇടവിട്ട മഴയും കുരുമുളക് കൃഷിയെ ദോഷകരമായാണ് ബാധിക്കുന്നത്. ഇതോടൊപ്പം മണ്ണിന്‍െറ ഘടന മാറിയതും ഈ കൃഷിക്ക് തിരിച്ചടിയായി. ജൈവവസ്തുകള്‍ അടങ്ങിയതും അമ്ളത്വം ഇല്ലാത്തതുമായ മണ്ണാണ് കുരുമുളക് കൃഷിക്ക് അനുയോജ്യമായത്. എന്നാല്‍, അമിതമായ രാസവള രാസകീടനാശിനി പ്രയോഗവും ഇടുക്കിയില്‍ മണ്ണിന്‍െറ ഘടന താളംതെറ്റുന്നതിന് ഇടയാക്കിയിട്ടുണ്ട്. ജില്ലയില്‍ ഇതിനകം ഒട്ടേറെ കുരുമുളക് തോട്ടങ്ങളാണ് മാറിയ കാലാവസ്ഥയില്‍ പിടിച്ചു നില്‍ക്കാനാകാതെ നശിച്ചുപോയത്. ഏറ്റവും നാശനഷ്ടമുണ്ടാക്കുന്നത് ദ്രുതവാട്ടം മൂലമാണ്. ഒരു ചെടിക്ക് രോഗബാധയുണ്ടായാല്‍ ദിവസങ്ങള്‍ക്കുള്ളില്‍ അടുത്തതിനും പെട്ടെന്നു പടര്‍ന്ന് പിടിക്കും. സംസ്ഥാനത്തെ പ്രധാന കുരുമുളക് ഉല്‍പാദന കേന്ദ്രമായ ഇടുക്കി പതിയെ ഇതില്‍നിന്ന് മാറുകയാണ്. മാറിയ കാലാവസ്ഥയില്‍ രോഗപ്രതിരോധശേഷിയുള്ളതും ഏതു കാലാവസ്ഥയിലും വളരുന്നതുമായ പഴയ നാടന്‍ ഇനങ്ങള്‍ കൃഷി ചെയ്യുക മാത്രമാണ് കര്‍ഷകര്‍ക്ക് മുന്നിലുള്ള പോംവഴി. അതോടൊപ്പം മുരിക്കിനും രോഗം വന്നത് കര്‍ഷകരെ ബുദ്ധിമുട്ടിക്കുകയാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.