കുടവെച്ചൂര്‍ ഇപ്പോള്‍ ‘ബന്തിവെച്ചൂര്‍’

കുടവെച്ചൂര്‍ ശാസ്തംകുളത്തേക്ക് വന്നാല്‍ ബന്തിപ്പൂവ് വിളവെടുപ്പ് നേരിട്ട് കാണാം. രണ്ടു വീട്ടമ്മമാരുടെ മനസ്സില്‍ തോന്നിയ ആശയമാണ് പൂവായി വിരിഞ്ഞത്.കിരണ്‍നിവാസില്‍ രാജേഷിന്‍െറ ഭാര്യ സി.കെ. ആശയും ഐക്കരത്തറ ബീമാ നൗഷാദിനും വ്യത്യസ്തമായി എന്തെങ്കിലും ചെയ്ത് വരുമാനം ഉണ്ടാക്കണമെന്ന ചിന്തയാണ് പൂകൃഷിയിലേക്ക് എത്തിച്ചത്. സ്വന്തമായി കൃഷിസ്ഥലമില്ലാത്ത കൂട്ടുകാരികളുടെ മനസ്സിന്‍െറ അഭിരുചി തൊട്ടറിഞ്ഞ അയല്‍പക്കത്തെ പത്മശ്രീയില്‍ ബീന ശശി ഒരേക്കര്‍ കൃഷിക്കായി വിട്ടുനല്‍കി.
പ്രത്യേകനിലം ഒരുക്കി പുളിപ്പില്ലാത്ത ഭൂമിയാക്കിയാണ് കൃഷിയിറക്കിയത്. ഇതിന് 16,000ത്തോളം രൂപ ചെലവായി. കോയമ്പത്തൂരില്‍നിന്ന് ആഫ്രിക്കന്‍ മാരിഗോള്‍ഡ് ഇനത്തില്‍പെട്ട 4000ത്തോളം വിത്തുപാകിയാണ് തൈകള്‍ നട്ടുവളര്‍ത്തിയത്. പ്രകൃതിയോട് ഇണങ്ങുന്നതും മണ്ണ് മലിനപ്പെടാത്തതുമായ സംരംഭം ജൈവകൃഷിയിലാണ് ആരംഭിച്ചത്.
നട്ടുവളര്‍ത്തിയ ചെടി 55ാം നാള്‍ തന്നെ പൂമൊട്ടിട്ടു. 70 ദിവസം പിന്നിട്ടതോടെ ചെടികള്‍ പൂര്‍ണവളര്‍ച്ചയിലത്തെി. കിലോക്ക് 32 പൂക്കള്‍ മതിയാകും.
പൂകൃഷിയെ തുടക്കത്തില്‍ തള്ളിപ്പറഞ്ഞവര്‍ അഭിനന്ദപ്രവാഹവുമായി ഒപ്പംചേര്‍ന്നു. ആശയുടെ മക്കളായ കീര്‍ത്തിനന്ദ, കിരണ്‍, ബീമയുടെ മക്കളായ ഷഹാന, ഷാഹിത് എന്നിവര്‍ക്കാണ്  പൂന്തോട്ടത്തിന്‍െറ കീടനിയന്ത്രണത്തിന്‍െറ ചുമതല.  കുട്ടികളെ സ്കൂളില്‍ അയച്ചുകഴിഞ്ഞാലുടന്‍ ആശയും ബീമയും പൂക്കളുടെ കളിക്കൂട്ടുകാരായി മാറും. അരൂര്‍, ആലപ്പുഴ, കോട്ടയം എന്നിവടങ്ങളിലെ പൂമൊത്തവ്യാപാരികള്‍ വിളവ് വാങ്ങാന്‍ സന്നദ്ധത അറിയിച്ചിട്ടുണ്ട്.  കിലോക്ക് 100 രൂപയാണ് വില. രണ്ടുമാസത്തെ മികച്ചവിളവ് ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഇരുകുടുംബവും. പൂകൃഷിയില്‍ നേട്ടം കൊയ്ത കൂട്ടുകെട്ട് ഇനി ജൈവപച്ചക്കറിയിലേക്ക് വഴിമാറും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.