ഇവിടെ പശുപാലനം ‘ഹൈടെക്’

ചൂടില്‍നിന്നും കൊതുകുകടിയില്‍നിന്നും രക്ഷനേടാന്‍ സദാസമയവും കറങ്ങുന്ന ഫാന്‍. ദാഹമകറ്റാന്‍ 24 മണിക്കൂറും മുന്നില്‍ ശുദ്ധജലം. കുളിക്കാന്‍ പ്രഷര്‍ വാഷര്‍. ആര്‍ഭാട ജീവിതം നയിക്കുന്നവരുടെ കഥയല്ല. യുവാക്കള്‍ക്ക് മാതൃകയായ പെരിഞ്ചേരി രഞ്ജിത്ത് എന്ന ബിരുദധാരിയുടെ പശുഫാമിലെ ഹൈടെക് സംവിധാനങ്ങളാണിത്.
 രഞ്ജിത്തിന് പശുവളര്‍ത്തല്‍ ജീവിതചര്യയാണ്. പെരിഞ്ചേരി കുമാരന്‍ നായരുടെ ചെറുമകനായ രഞ്ജിത്തിന്‍െറ ചെറുപ്പകാലത്ത്  പെരിഞ്ചേരി തറവാട് ഒരു ഗോകുലംതന്നെയായിരുന്നു. ചെറുപ്പത്തിലേ പശുക്കളെ കണ്ടും പരിപാലിച്ചും വളര്‍ന്ന രഞ്ജിത്തിന് വലിയച്ഛനില്‍നിന്നുള്ള പാഠങ്ങള്‍ തുണയായി. മുതിര്‍ന്നപ്പോള്‍ നന്മണ്ട പൊയില്‍താഴം രഞ്ജിത്ത് എന്ന ക്ഷീരകര്‍ഷകന്‍ പശുക്കള്‍ക്ക് സ്വര്‍ഗീയ ജീവിതം നല്‍കി വിജയഗാഥ തീര്‍ക്കുകയായിരുന്നു. സംസ്ഥാന ക്ഷീരകര്‍ഷക അവാര്‍ഡ് ജേതാവ് എ.കെ. ജയപ്രകാശും കാര്‍ഷിക ട്രെയിനിങ് കോളജ് പ്രിന്‍സിപ്പല്‍ പ്രകാശനും വഴികാട്ടിയായി ഉപദേശങ്ങളും പ്രോത്സാഹനങ്ങളും നല്‍കി. ഇത് ജീവിതത്തിലെ വഴിത്തിരിവായി. എറണാകുളം ഫ്യൂച്ചര്‍ ഗ്രൂപ്പിലെ അഡ്മിനിസ്ട്രേറ്റര്‍ ജോലി രാജിവെച്ച് 2016 ജനുവരിയിലാണ് ഈ ഹിസ്റ്ററി ബിരുദധാരി പശുവളര്‍ത്തലിലേക്ക് തിരിയുന്നത്. ഏഴ് പശുക്കള്‍ എച്ച്.എഫ് വിഭാഗത്തിലും മൂന്നെണ്ണം ജഴ്സിയുമാണ്. പശുക്കള്‍ക്ക് കിടന്നുറങ്ങാന്‍ റബര്‍മാറ്റുകളും തൊഴുത്തിലുണ്ട്. പശുക്കളെ ശാസ്ത്രീയമായി പരിപാലിക്കണമെന്ന അഭിപ്രായക്കാരനാണ് ഇദ്ദേഹം. ഇതിനകംതന്നെ ഒട്ടേറെ ഫാമുകള്‍ സന്ദര്‍ശിച്ചു. ക്ഷീരവികസന രംഗത്തെ വിദഗ്ധരുമായി അനുഭവങ്ങള്‍ പങ്കിട്ടു. അവരില്‍നിന്ന് പല പാഠങ്ങളും ഉള്‍ക്കൊണ്ടു. അങ്ങനെ പശുക്കള്‍ക്ക് സുഖകരമായ അന്തരീക്ഷം ഒരുക്കി മികച്ചരീതിയില്‍ പരിപാലിച്ച് ചുരുങ്ങിയ മാസങ്ങള്‍കൊണ്ട് പാല്‍ ഉല്‍പാദനം വര്‍ധിപ്പിക്കാനാകുമെന്നും തെളിയിച്ചിരിക്കുകയാണ്. ചേളന്നൂര്‍ ബ്ളോക്ക് ഏറ്റവും നല്ല ക്ഷീരകര്‍ഷകനായി തെരഞ്ഞെടുത്തത് രഞ്ജിത്തിനെയാണ്. കള്ളങ്ങാട്ടുതാഴം ക്ഷീരസംഘത്തില്‍ പാല്‍ നല്‍കുന്നു. ഫാമിനോട് ചേര്‍ന്ന് ബയോഗ്യാസ് പ്ളാന്‍റും മലിനജല ശുദ്ധീകരണ പ്ളാന്‍റുമുണ്ട്.
കാലിത്തീറ്റയുടെയും വയ്ക്കോലിന്‍െറയും വില ക്ഷീരകര്‍ഷകനെ തളര്‍ത്തുന്നു. ഒരു ലിറ്റര്‍ പാലിന് കര്‍ഷകന് കിട്ടുന്ന വിലയാവട്ടെ 29 രൂപയാണ്. എന്നാല്‍, മില്‍മ വാങ്ങുന്നതാവട്ടെ 40 രൂപയും. വയല്‍ പാട്ടത്തിനെടുത്ത് പശുക്കള്‍ക്കുള്ള  സി.ഒ.ത്രി തീറ്റപ്പുല്ലും അസോളയും ഉണ്ടാക്കുന്നു. നേപ്പാളിയായ സോനാര്‍ ആചാര്യ എന്ന യുവാവും രഞ്ജിത്തിനെ സഹായിക്കാനുണ്ട്. കറവയന്ത്രവും തൊഴുത്ത് വൃത്തിയാക്കലും ഈ യുവാവിന്‍െറ ജോലിയാണ്. പശുവിനെ നേപ്പാളികള്‍ ദൈവതുല്യമായി കാണുന്നതിനാല്‍ ഉപദ്രവിക്കില്ളെന്നും രഞ്ജിത്ത്.
 
Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.