ഒരു പഞ്ചായത്ത് പ്രസിഡന്‍റിന്‍െറ കര്‍ഷക ജീവിതം

ദിയഡുക്ക പഞ്ചായത്തിന്‍െറ പുതിയ സാരഥി കെ.എന്‍. കൃഷ്ണഭട്ടിന്‍െറ  ദിനചര്യ തുടങ്ങുന്നത് കാലിത്തൊഴുത്തില്‍. തന്‍െറ കൃഷിഭൂമിയില്‍ ജൈവവളത്തിന് കാലികളെ വളര്‍ത്തുകയാണ് പഞ്ചായത്ത് പ്രസിഡന്‍റ് സായിറാംകൃഷ്ണഭട്ട്. രാവിലെ തന്‍െറ കാര്‍ഷിക വൃത്തി കഴിഞ്ഞ് ഇനി പഞ്ചായത്ത് കാര്യം നോക്കണം ഭട്ടിന്. 
ഭട്ടിനെ ഗ്രാമം അറിയുന്നത് പിതാവിന്‍െറ സേവനഖ്യാതിയിലൂടെയാണെന്ന പ്രത്യേകത കൂടിയുണ്ട്. ബദിയടുക്ക എന്ന കര്‍ഷക ഗ്രാമത്തിന് കര്‍ഷകനായ ഒരു സാരഥി എന്നതിനെക്കാള്‍ ഉപരിയാണ് സാരഥിയുടെ പാരമ്പര്യമായ ജനസേവന ചരിത്രം. സായിറാം ഗോപാലകൃഷ്ണ ഭട്ട്-ശാരദ ദമ്പതികളുടെ മൂന്ന് മക്കളില്‍ ഏക മകനാണ്  ഈ 57കാരന്‍. സായിറാംഭട്ടിന്‍െറ സേവനപ്പട്ടിക അറിയണോ? പാവപ്പെട്ട 231 പേര്‍ക്ക് വീട്, 23 സമൂഹ വിവാഹം,  219 പേര്‍ക്ക് തയ്യല്‍ മെഷീന്‍,  ആറുപേര്‍ക്ക് വീട് വെക്കാനുള്ള നാല് സെന്‍റ് ഭൂമി, 10 കുടിവെള്ള പദ്ധതി, ആഴ്ചതോറും മെഡിക്കല്‍ ക്യാമ്പുകള്‍, ബേള-കിളിങ്കാര്‍ വാര്‍ഡുകളില്‍ വൈദ്യുതീകരണം, 10 പേര്‍ക്ക് ഓട്ടോറിക്ഷ -ഇതെല്ലാം ദാനം ചെയ്ത പിതാവിന്‍െറ മകനാണ് കൃഷ്ണഭട്ട്. അതുകൊണ്ട് തന്നെ  സ്വന്തം കുടുംബസ്വത്ത് ദാനമായി നല്‍കുന്ന വീട്ടില്‍നിന്ന് കടന്നു വന്ന പ്രസിഡന്‍റില്‍ പഞ്ചായത്തിന്‍െറ ഖജനാവ് സുരക്ഷിതമാണെന്നും ഗ്രാമം വിശ്വസിക്കുന്നു. 
 35 വര്‍ഷമായി കൊക്കോ വ്യാപാരം നടത്തുന്ന കൃഷ്ണഭട്ടിനെ കൊക്കോ സാമിയെന്നും വിശേഷിപ്പിക്കപ്പെടുന്നു.  സായി കൊക്കോ ട്രാവല്‍സ് എന്ന പേരില്‍ ജില്ലയുടെ പ്രഥമ ബിസിനസുകാരനാണ്. കൊക്കോ കൃഷിയാണ് പ്രധാന വരുമാനമാര്‍ഗം. കൃഷിക്കാവശ്യമായ ജൈവ വളത്തിന് പശുക്കളെയും വളര്‍ത്തുന്ന ഭട്ടിന്‍െറ ദിനം തുടങ്ങുന്നത് പുലര്‍ച്ചെ അഞ്ചിന്. വ്യായാമത്തിന് ശേഷം കൃഷിയിടങ്ങളിലേക്കുള്ള വെള്ളവും പശുക്കള്‍ക്കുള്ള വെള്ളവും പുല്ലും നല്‍കി 10 മണിയോടെ പൊതുജന സേവനത്തിനിറങ്ങുന്നു. 1985ല്‍ സായിറാം മോട്ടോര്‍ ട്രാവല്‍സ് എന്ന പേരില്‍ കുമ്പള-ബദിയടുക്ക റൂട്ടില്‍ ബസ് സര്‍വിസും ഉണ്ടായിരുന്നു. സായിറാം എന്നുള്ള പേര് എല്ലാ പ്രദേശത്തും വിളിക്കപ്പെടണമെന്ന ഉദ്ദേശ്യത്തോടെയാണ് ബസ് സര്‍വിസ് നടത്തിയത്. മുന്‍മന്ത്രി സി.ടി. അഹമ്മദലിയാണ് രാഷ്ട്രീയ രംഗത്ത് ഈ കുടുംബത്തെ എത്തിച്ചത്. ഇപ്പോള്‍ കാറഡുക്ക കോണ്‍ഗ്രസ് കമ്മിറ്റി സെക്രട്ടറി, കിളിംഗാര്‍ എല്‍.പി സ്കൂള്‍ മാനേജര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിക്കുന്നു. സ്കൂളിലെ 100ഓളം വരുന്ന കുട്ടികള്‍ക്ക് പുസ്തകങ്ങളും മറ്റു ഉപകരണങ്ങളും സൗജന്യമായി നല്‍കുന്നു കര്‍ണാടക പി.യു.സിക്കാരനായ  ഇദ്ദേഹം. 
   കെ.എന്‍. കൃഷ്ണഭട്ട് ഭരണസമിതിയില്‍ എത്തുന്നത് മൂന്നാംതവണയാണ്. 2005ല്‍ യു.ഡി.എഫ് സ്വതന്ത്ര സ്ഥാനാര്‍ഥിയായി കലപ്പ അടയാളത്തില്‍ തെരഞ്ഞെടുക്കപ്പെട്ടു. 2010ല്‍ ഭാര്യ ഷീലയും പഞ്ചായത്തില്‍ ജയിച്ചു കയറി. യു.ഡി.എഫ് ഭരണസമിതിയില്‍ അന്ന് കൃഷ്ണഭട്ട് വൈസ് പ്രസിഡന്‍റായി. ഇത്തവണ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനും മുസ്ലിം ലീഗിനും അഞ്ച് വീതം സീറ്റ് ലഭിച്ചപ്പോള്‍ എതിര്‍പ്പില്ലാതെ യു.ഡി.എഫ് കൃഷ്ണഭട്ടിനെ തന്നെ  പ്രസിഡന്‍റാക്കി. 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.