മൈ​തീ​ൻ കൃഷിത്തോട്ടത്തിൽ

കോതമംഗലം: വൈവിധ്യങ്ങളെ കണ്ടറിഞ്ഞ് മണ്ണൊരുക്കി പൊന്ന് വിളയിക്കുകയാണ് ഇഞ്ചക്കുടി മൈതീൻ എന്ന കർഷകൻ. ചെറുപ്പം മുതലെ കൃഷിയോടുള്ള താൽപര്യമാണ് മുഴുസമയ കർഷകനായി മാറുന്നതിലേക്ക് നയിച്ചത്. ഓടയ്ക്കാലിക്ക് സമീപം മേതലയിൽ താമസിക്കുന്ന മൈതീൻ പിണ്ടിമന പഞ്ചായത്തിലെ വേട്ടാമ്പാറയിൽ 12 വർഷങ്ങൾക്ക് മുമ്പ് വാങ്ങിയ മൂന്നരയേക്കർ സ്ഥലത്താണ് കൃഷിത്തോട്ടം ഒരുക്കിയത്. റബർ തോട്ടമായിരുന്ന ഭൂമി ഉരുളൻ കല്ലുകൾ നിറഞ്ഞതും നിരപ്പല്ലാത്ത നിലയിലുമായിരുന്നു.കല്ലുകൾ മാറ്റി കൃഷിക്കനുയോജ്യമാക്കി മാറ്റുകയും പരീക്ഷണ കൃഷികൾക്ക് തയാറാവുകയും ചെയ്തു. കാബേജ്, തക്കാളി, മല്ലി, കുക്കുമ്പർ, കോളിഫ്ലവർ, കാരറ്റ് തുടങ്ങിയവയാണ് വിജയകരമായി കൃഷി ചെയ്തത്. സാലഡ് വെള്ളരി, വെണ്ട, ചീര, പയർ, പച്ചമുളക്, ചുരക്ക തുടങ്ങിയവയും കൃഷി ചെയ്തു. കിരൺ തണ്ണിമത്തൻ കൃഷി നഷ്ടമായിരുന്നു എങ്കിൽ ഇത്തവണ ചെയ്ത ഷുഗർ ബേബി നല്ല വിളവ് ലഭിക്കുകയും ചെയ്തു.

ജൈവവളമാണ് കൃഷിയിടത്തിൽ ഉപയോഗിക്കുന്നത്. സ്വന്തമായുള്ള കോഴിഫാമിലെയും ആടുകളുടെയും വളങ്ങളാണ് കൃഷിക്ക് അടിസ്ഥാന വളമായി ഉപയോഗിക്കുന്നത്. വേപ്പിൻ പിണ്ണാക്കും കുമ്മായവും ചേർക്കും. സ്വന്തമായി നിർമിക്കുന്ന ജൈവ കീടനാശിനികളും കൃഷിഭവനിൽനിന്ന് ലഭിക്കുന്നവയുമാണ് കീടങ്ങളെ അകറ്റാൻ ഉപയോഗിക്കുന്നത്.

രാസവളങ്ങളും കീടനാശിനികളും ഉപയോഗിച്ച് കൃഷി ലാഭകരമാകില്ലെന്നാണ് മൈതീനിക്കയുടെ കണക്ക് കൂട്ടൽ. പഞ്ചക്കറികൾ സമീപ പഞ്ചായത്തുകളിലെ ആഴ്ചച്ചന്തകൾ വഴിയും ചെറുകിട കച്ചവടക്കാർ വഴിയും വിറ്റഴിക്കാൻ കഴിഞ്ഞതിനാൽ നഷ്ടം സംഭവിക്കാതിരുന്നത്. മണ്ണിനെ അറിഞ്ഞ് കൃഷിയൊരുക്കിയ മൈതീനിക്കയെ തേടി ജില്ലയിലെ മികച്ച കർഷകനുള്ള കൃഷി വകുപ്പിന്‍റെ അവാർഡും എത്തി. മഴക്കാലം കഴിഞ്ഞാൽ ക്യാരറ്റ്, ബീറ്റ്റൂട്ട്, ഉരുളക്കിഴങ്ങ് എന്നിവ കൃഷി ചെയ്യുന്നതിന്ന് സ്ഥലം ഒരുക്കി കൊണ്ടിരിക്കുകയാണിപ്പോൾ. വൈവിധ്യമുള്ള ചെടികൾ എന്തും സ്വന്തമാക്കണമെന്ന ആഗ്രഹമുള്ള ഇദ്ദേഹത്തിന്‍റെ വീടിനോട് ചേർന്ന് വിവിധ ഫലവൃക്ഷങ്ങളും വളരുന്നുണ്ട്.

Tags:    
News Summary - The life of a farmer named Maitheen

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.