ന്യായവിലയില്ല; കണ്ണീരൊഴുക്കി കര്‍ഷകര്‍

ചാലക്കുടി: കര്‍ഷകര്‍ക്ക് ന്യായവില ലഭിക്കാന്‍ രൂപവത്കരിച്ച സ്വാശ്രയ കര്‍ഷകസമിതികളില്‍ പച്ചക്കറികള്‍ക്കും പഴങ്ങള്‍ക്കും തുച്ഛവില. നാളുകളായി വിയര്‍പ്പൊഴുക്കി ഉണ്ടാക്കിയ  സാധനങ്ങള്‍ കിട്ടിയ  വിലക്ക് കര്‍ഷകര്‍ വില്‍ക്കുകയാണ്. നട്ടുവളര്‍ത്തിയ അധ്വാനത്തിന്‍െറ തുക ലഭിക്കുന്നില്ളെന്നല്ല, വിത്തിനും വളത്തിനും ചെലവഴിച്ച തുകപോലും കര്‍ഷകര്‍ക്ക് തിരിച്ചു കിട്ടാത്ത അവസ്ഥയാണ്. ജില്ലയിലെ പല സ്വാശ്രയ കര്‍ഷകസമിതികളിലും കായയും മറ്റ് പച്ചക്കറികളും ലേലത്തില്‍ കൊള്ളാന്‍പോലും ആളില്ലാത്തതിനാല്‍ കര്‍ഷകര്‍ക്ക്  സ്വന്തം ഉല്‍പ്പന്നങ്ങള്‍ തിരിച്ചു കൊണ്ടുപോകേണ്ടിവരുന്നു. ജില്ലയിലെ പ്രധാന സ്വാശ്രയ കര്‍ഷകസംഘമായ പരിയാരത്തെ പൂവ്വത്തിങ്കല്‍ സ്വാശ്രയ കര്‍ഷകസമിതിയുടെ കഴിഞ്ഞ ദിവസം നടന്ന ചന്തയില്‍ നിന്ന് 5000 കിലോ പച്ചക്കായകളാണ് വിറ്റഴിക്കാന്‍ പറ്റാതെ കര്‍ഷകര്‍ തിരിച്ചുകൊണ്ടുപോയത്. പാളയംതോടനും കണ്ണനുമെല്ലാം ഇവിടെ നിസാര തുകയ്ക്കാണ് വിറ്റുപോയത്. പല കര്‍ഷകര്‍ക്കും  സാധനങ്ങള്‍ കൊണ്ടുവന്ന വാഹനങ്ങളുടെ വാടക പോലും നല്‍കാന്‍ ബുദ്ധിമുട്ടായി.

കൊമ്പൊടിഞ്ഞാമാക്കലിലെ ആളൂര്‍ സ്വാശ്രയ കര്‍ഷകസമിതിയുടെ ചന്തയില്‍ 28ന് പച്ചക്കറികളും പഴങ്ങളും ലേലത്തില്‍ പോയത് കര്‍ഷകരുടെ നെഞ്ച് തകര്‍ക്കുന്ന വിലക്കുറവോടെയാണ്. ചുരയ്ക്ക, വെള്ളരിക്ക, പടവലം പപ്പായ തുടങ്ങിയവക്ക് കിലോക്ക് ഒരു രൂപ മാത്രമാണ്  ലഭിച്ചത്. പാളയംതോടന്‍കായയ്ക്ക് രണ്ട് രൂപ,വെണ്ടയ്ക്ക അഞ്ചു രൂപ, പാവല്‍ 5.50 രൂപ എന്നിങ്ങനെയാണ് വില ലഭിച്ചത്. പയറിനും നേന്ത്ര കായയ്ക്കും  മാത്രമാണ്  ആശ്വാസവില ലഭിച്ചത്. പൊതുമാര്‍ക്കറ്റില്‍  ഉയര്‍ന്ന വിലയുള്ളപ്പോഴാണ് കര്‍ഷകര്‍ക്ക് സഹായമാവേണ്ട സ്വാശ്രയ കര്‍ഷക സമിതികളിലെ വിലയിടിവ്.
കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ക്ക് ന്യായമായ വില ലഭിക്കാനും ഇടത്തട്ടുകാരുടെ ചൂഷണത്തില്‍നിന്ന് കര്‍ഷകരെ രക്ഷിക്കാനുമാണ് സ്വാശ്രയ കര്‍ഷകസംഘങ്ങള്‍ രൂപവത്കരിച്ചത്. വിലയിടിവിന്‍െറ സാഹചര്യത്തില്‍ കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ക്ക് താങ്ങുവില കിട്ടാനുള്ള സാഹചര്യം ഒരുക്കണമെന്നാണ് കര്‍ഷകരുടെ ആവശ്യം. വിഷം തെളിക്കാത്ത പച്ചക്കറി നാട്ടില്‍തന്നെ നട്ടുവളര്‍ത്താനായി ജൈവപച്ചക്കറി കൃഷിക്ക് പ്രോല്‍സാഹനം നല്‍കി വളര്‍ത്തിയെടുക്കുന്ന സംരംഭങ്ങള്‍ക്ക് സംഘങ്ങളിലെ വിലയിടിവ് തിരിച്ചടിയായി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.