ഭിന്നശേഷിക്കാരനായ കര്‍ഷകന് പദ്മശ്രീ 

അഹ്മദാബാദ്: ഭിന്നശേഷിയെ അതിജീവിച്ച് കൃഷിയില്‍ വിജയംകൊയ്ത കര്‍ഷകന് പദ്മശ്രീ നല്‍കി രാജ്യത്തിന്‍െറ ആദരം. ഗുജറാത്തില്‍ ബനസ്കന്ത ജില്ലയിലെ മാതളം കര്‍ഷകന്‍ ഗണഭായ് പട്ടേലിനാണ് ആദരം. വിധിയുടെ വെല്ലുവിളികള്‍ക്കു മുന്നില്‍ പകച്ചുനില്‍ക്കുന്ന പതിനായിരങ്ങള്‍ക്ക് ആത്മവിശ്വാസം പകരുന്ന ആ കഥ ഇങ്ങനെ. ഇടത്തരം സാമ്പത്തിക കുടുംബത്തില്‍ ജനിച്ച ഗണഭായിയുടെ ഇരു കാലുകളെയും ചെറുപ്രായത്തില്‍തന്നെ പോളിയോ തളര്‍ത്തിയിരുന്നു. കരുത്തുള്ള കൈകളില്‍ ബാക്കിയുണ്ടായിരുന്നത് വരണ്ടുണങ്ങിയ അല്‍പം ഭൂമിയും അധ്വാനിക്കാനുള്ള മനസ്സും മാത്രം. ഏറെ കായികാധ്വാനം ആവശ്യമായതിനാല്‍ കൃഷി തനിക്ക് പറ്റില്ളെന്ന് പലരും പറഞ്ഞു. പക്ഷേ, അത് കേട്ട് പിന്മാറാന്‍ ഗണഭായ് തയാറല്ലായിരുന്നു. പച്ചക്കറികൃഷിയില്‍ നഷ്ടം നേരിടുന്ന കര്‍ഷകരുടെ കഥ ഏറെ വായിച്ചിട്ടുള്ള ഗണഭായ് വെള്ളം കുറച്ചു മാത്രം ആവശ്യം വരുന്ന മാതളം  കൃഷി ചെയ്യാന്‍തന്നെ തീരുമാനിച്ചു.
 
അഗ്രികള്‍ചര്‍ യൂനിവേഴ്സിറ്റിയില്‍നിന്നും സര്‍ക്കാറിന്‍െറ കൃഷിമേളയില്‍നിന്നും കൃഷിയുടെ ബാലപാഠം അഭ്യസിച്ചു. പരീക്ഷണാര്‍ഥം മാതളം കൃഷി തുടങ്ങി. ജലലഭ്യത കുറവായതിനാല്‍ തുള്ളിനന രീതിയാണ് കൃഷിയിടത്തില്‍  നടപ്പാക്കിയത്. കാലുകളെ വിധി തളര്‍ത്തിയെങ്കിലും കൃഷിയിടത്തില്‍ താങ്ങും തണലുമായി കൂടെ നിന്നുവെന്ന് പറയാം. 20 ഏക്കറില്‍ തുടങ്ങിയ കൃഷിയില്‍ വന്‍ വിളവ് ലഭിച്ചു. പക്ഷേ, തന്‍െറ വിളവിന് മികച്ച വില ലഭിക്കുകയെന്നത് മറ്റൊരു വെല്ലുവിളിയായി. ഇടനിലക്കാരുടെ ചൂഷണം തടയാന്‍ സ്വന്തമായി വില്‍പന ആരംഭിച്ചു. അതോടെ മികച്ച വിലയും ലഭ്യമായിത്തുടങ്ങി.

കര്‍ണാടക, ആന്ധ്രപ്രദേശ്, മഹാരാഷ്ട്ര എന്നിവിടങ്ങളില്‍നിന്നുവരെ മാതളത്തിന് ആവശ്യക്കാരത്തെുന്നുണ്ടെന്നാണ് ഗണഭായ് പറയുന്നത്. വിധിക്കു മുന്നില്‍ തളരാത്ത തന്‍െറ ആത്മവിശ്വാസത്തിന്‍െറ കഥ 52കാരനായ ഗണഭായ് 2013ല്‍ അഹ്മദാബാദിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്‍റിലെ വിദ്യാര്‍ഥികള്‍ക്കു മുന്നില്‍ അവതരിപ്പിച്ചു.അതോടെ  പുരസ്കാരങ്ങളുടെ പെരുമഴയും അദ്ദേഹത്തെ തേടിയത്തെി. മികച്ച കര്‍ഷകനുള്ള സംസ്ഥാന അവാര്‍ഡ് നല്‍കി ഗുജറാത്ത് സര്‍ക്കാര്‍ ഗണഭായിയെ ആദ്യം ആദരിച്ചു. സൃഷ്ടി സമ്മാന്‍ പുരസ്കാരം രാഷ്ട്രപതിയില്‍നിന്ന് ഏറ്റുവാങ്ങി. മഹാരാഷ്ട്ര സര്‍ക്കാറിന്‍െറയും നിരവധി കോര്‍പറേറ്റ് കമ്പനികളുടെയും പുരസ്കാരങ്ങളും ലഭിച്ചു. അവസാനമിതാ രാഷ്ട്രം പദ്മശ്രീ ബഹുമതി നല്‍കി ആ പ്രതിഭയെ ആദരിച്ചിരിക്കുന്നു.
Tags:    
News Summary - Genabhai Patel

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.