മഴക്കാലമല്ലേ; പച്ചക്കറി കൃഷിയിൽ ഇത്തിരി ശ്രദ്ധ വേണം

ഴക്കാലത്ത് പച്ചക്കറി കൃഷി അൽപം ശ്രമകരമാണ്. അതുകൊണ്ടു തന്നെ പതിവിൽ കവിഞ്ഞ ശ്രദ്ധ മഴക്കാലത്തെ കൃഷിക്ക് ആവശ്യവുമാണ്. അതേസമയം, മഴക്കാലത്തിന് അനുയോജ്യമായ കൃഷികളിലൂടെ മികച്ച വിളവ് ഉറപ്പാക്കുകയും ചെയ്യാം.

മഴക്കാല കൃഷിക്കായി സ്ഥലം തിരഞ്ഞെടുക്കുമ്പോൾ പ്രത്യേകം ശ്രദ്ധിക്കണം. വെള്ളം കെട്ടിനിൽക്കാത്ത സ്ഥലമാണ് തെരഞ്ഞെടുക്കേണ്ടത്. അതേസമയം, സൂര്യപ്രകാശം ലഭിക്കുകയും വേണം.

മഴക്കാലത്ത് നടാവുന്ന പച്ചക്കറികളെ പ്രത്യേകമായി തിരഞ്ഞെടുക്കണം. പയർ, വെണ്ട, കോവൽ, നിത്യവഴുതന, ചുരയ്ക്ക, പച്ചച്ചീര തുടങ്ങിയവയെല്ലാം മഴക്കാലത്ത് കൃഷി ചെയ്യാൻ അനുയോജ്യമാണ്.

മണ്ണിൽ തടമെടുത്ത് അതിൽ പച്ചക്കറി തൈകൾ നടുന്ന രീതി മഴക്കാലത്ത് നന്നല്ല. മണ്ണിന്‍റെ കൂനയൊരുക്കി അതിൽ നടുകയാണ് ഉത്തമം. ഇങ്ങനെ ചെയ്യുമ്പോൾ വെള്ളം കെട്ടിനിൽക്കില്ല. കൂനയുടെ മുകളിൽ കരിയില ഇടാനും ശ്രദ്ധിക്കണം. ഇത് മണ്ണ് ഒലിച്ചുപോകുന്നത് തടയും.

കീടബാധയെ തടയാനും പ്രത്യേക ശ്രദ്ധ വേണം. മഴക്കാലത്ത് സൂര്യപ്രകാശം മതിയായി ലഭിക്കാത്തതിനാൽ വളർച്ചയും പതുക്കെയാവും. ജൈവ കീടനാശിനികൾ കീടങ്ങളെ തുരത്താനായി പ്രയോഗിക്കാം.


 


വെണ്ട

കേരളത്തിലെ മഴക്കാലത്ത് ഏറ്റവും നന്നായി വളർത്താൻ കഴിയുന്ന പച്ചക്കറിയാണ് വെണ്ട. വെണ്ടയുടെ പ്രധാന ഭീഷണിയായ മഞ്ഞളിപ്പ് രോഗം പരത്തുന്ന വെള്ളീച്ചകൾ മഴക്കാലത്ത് തീരെ കുറവായിരിക്കും. ധാരാളം അയഡിൻ അടങ്ങിയ പോഷക സമൃദ്ധമായ വെണ്ടയ്ക്കക്ക് വിപണിയിൽ നല്ല വിലയും ലഭിക്കാറുണ്ട്.

മെയ് മാസം പകുതിയോടെയാണ് വെണ്ടയുടെ മഴക്കാല കൃഷിയ്ക്കായി വിത്ത് പാകേണ്ടത്. വാരങ്ങളിലോ ഗ്രോബാഗുകളിലോ വിത്ത് നടാം. വാരങ്ങളിൽ ചെടികൾ തമ്മിൽ 45 സെമീയും വരികൾ തമ്മിൽ 60 സെമീയും ഇടയകലം പാലിക്കണം. നടുന്നതിന് 12 മണിക്കൂർ മുമ്പ് വെണ്ടവിത്തുകൾ വെള്ളത്തിൽ കുതിർത്താൻ ശ്രദ്ധിക്കണം.

ചെടികൾ വളരുന്നതോടെ ചെറിയ തോതിൽ നനയ്ക്കണം. ജൂണിൽ മഴ തുടങ്ങുന്നതോടെ ചെടികൾ തഴച്ചുവളാരാൻ തുടങ്ങും. നട്ട് 40 മുതൽ 45 വരെ ദിവസങ്ങൾക്കുള്ളിൽ വെണ്ട പൂവിടുകയും തുടർന്ന് മൂന്നു മാസത്തോളം കായ്ക്കുകയും ചെയ്യും. ചെറിയ തോതിൽ ജൈവവളം അടിവളമായി നൽകിയാൽ മികച്ച വിളവു നൽകുന്ന കൃഷിയാണ് വെണ്ടക്കൃഷി.


 


മുളക്

വെണ്ട കഴിഞ്ഞാൽ മുളകാണ് മഴക്കാല കൃഷിയിലെ പ്രധാനി. വെള്ളം കെട്ടിനിൽക്കാതെ ശ്രദ്ധിച്ചാൽ മഴക്കാലത്ത് മുളക് മികച്ച വിളവു നൽകും. നീരൂറ്റി കുടിക്കുന്ന പ്രാണികൾ മഴക്കാലത്ത് കുറവായിരിക്കുന്നതാണ് ഇതിന് കാരണം. സാധാരണ മുളകിനു പുറമേ കാന്താരി മുളകും വീട്ടിൽ കൃഷി ചെയ്യാം. വിത്തുകൾ പാകിമുളപ്പിച്ച തൈകളാണ് നടേണ്ടത്.

ഇതിനായി വിത്തുകൾ മെയ് പകുതിയോടെ തവാരണകളിലോ പ്രോട്രേകളിലോ ഇട്ട് മുളപ്പിച്ചെടുക്കാം. 20-25 ദിവസം പ്രായമായ തൈകൾ മാറ്റിനടണം. ചെടികള് തമ്മില് 45 സെ.മീറ്ററും വാരങ്ങൾ തമ്മിൽ 60 സെ.മീറ്ററും ഇടയകലം നല്കണം. തൈകള് നട്ട് അമ്പതാം ദിവസം മുതൽ വിളവെടുപ്പ് തുടങ്ങാം. നടുന്ന സമയത്ത് അടിവളമായി ചെടിയൊന്നിന് അരക്കിലോ ജൈവവളം നൽകാൻ മറക്കരുത്.



 


വഴുതന

മഴക്കാലത്ത് നന്നായി വിളയുന്ന മറ്റൊരു പച്ചക്കറി വഴുതനയാണ്. വിപണിയിൽ ലഭ്യമായ നിരവധി ഇനം വിത്തുകൾക്കു പുറമേ ധാരാളം നാടൻ വഴുതിന ഇനങ്ങളും വീടുകളിൽ കൃഷി ചെയ്തുവരുന്നു. മെയ് രണ്ടാം വാരത്തോടെ വിത്തിട്ട് 20 മുതൽ 25 ദിവസംവരെ പ്രായമാകുമ്പോൾ തൈകൾ മാറ്റിനടാവുന്നതാണ്. ചെടികൾ തമ്മിൽ 60 സെന്‍റീ മീറ്ററും വാരങ്ങൾ തമ്മിൽ 75 സെന്‍റീ മീറ്ററും ഇടയകലം നൽകണം.

നീർവാർച്ചയുള്ള സ്ഥലങ്ങളിലാണ് വഴുതിന നന്നായി വളരുന്നത്. തവാരണകളിലും പ്രധാന സ്ഥലത്തും സ്യൂഡോമോണസിന്‍റെ ഉപയോഗം വാട്ടരോഗത്തെ കുറയ്ക്കും. മാറ്റിനട്ട് 40 മുതൽ 45 വരെ ദിവസങ്ങൾക്കകം വഴുതിനയുടെ വിളവെടുപ്പ് തുടങ്ങാം. ഇവ കൂടാതെ പാവൽ, പയർ തുടങ്ങിയ പച്ചക്കറികളും ജൂൺ ആദ്യവാരം മഴക്കാലം എത്തുന്നതോടെ കൃഷി ചെയ്യാവുന്നതാണ്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.