സൈമണ്‍ ജോര്‍ജിന്‍െറ ഉദ്യാന പരീക്ഷണങ്ങള്‍

പശുവിനോട് വാലാട്ടരുതെന്ന് പറയാനാകുമോ, പ്രത്യേകിച്ച് പാല്‍ കറക്കുന്ന വേളയില്‍. ഇതുകൊണ്ട് കറവക്കാര്‍ക്ക് എന്തുശല്യമാണെന്നോ? കൂടാതെ, കറന്നെടുത്ത പാലില്‍ പശുവിന്‍െറ രോമം, പൊടി, അഴുക്ക്, ചാണകത്തിന്‍െറ അവശിഷ്ടം എന്നിവ വീഴാനും സാധ്യതയേറെയാണ്. ഇതുകാരണം ചിലര്‍ പശുവിന്‍െറ വാലിലെ രോമങ്ങള്‍ മുറിച്ചുകളയാറുണ്ട്. ചിലര്‍ പാല്‍ കറക്കുന്ന സമയത്ത് പശുവിന്‍െറ വാല്‍ കെട്ടിയിടുകയാണ് പതിവ്. 
ഈ പ്രതിസന്ധിക്ക് പരിഹാരം കാണാന്‍ തളിപ്പറമ്പിനടുത്ത പെരുമ്പടവ് സ്വദേശി പാലമൂട്ടില്‍ സൈമണ്‍ ജോര്‍ജ് ഒരു പരീക്ഷണം നടത്തി. കറക്കുന്ന സമയത്ത് പശുവിന്‍െറ വാലില്‍ കെട്ടിയിടുന്ന ഒരു ഷീറ്റ്. 15x30 ഇഞ്ചാണ് വലുപ്പം. വേഗം പിടിപ്പിക്കുകയും കഴിഞ്ഞാലുടന്‍ ഇളക്കിമാറ്റുകയും ചെയ്യാം. ഫലത്തില്‍ പശുവിന് സ്വസ്ഥമായി വാലാട്ടാം. പാലില്‍ മറ്റു മാലിന്യങ്ങള്‍ വീഴുകയുമില്ല. ഈ ഉപകരണത്തിന് ‘കൗ ടെയില്‍ വാഗിങ് ഡിവൈസ്’ എന്നാണ് പേരിട്ടത്.

ബാഗില്‍ മണ്ണു നിറക്കാം
കാര്‍ഷിക മേഖലയില്‍ പുത്തന്‍ കാല്‍വെപ്പായിരുന്നു പത്താം ക്ളാസ് വിദ്യാഭ്യാസം മാത്രമുള്ള സൈമണിന്‍െറ സോയില്‍ ഫില്ലര്‍ കണ്ടുപിടിത്തം. നഴ്സറികളില്‍ വ്യാപകമായി ഉപയോഗിക്കപ്പെട്ടുവരുന്ന ഈ ഉപകരണത്തിന്‍െറ സഹായത്തോടെ റബര്‍, പോളിത്തീന്‍ ബാഗുകളില്‍ മണ്ണു നിറക്കാം. 10 ഇഞ്ച് ഉയരവും 15 ഇഞ്ച് സമചതുരാകൃതിയുമുള്ള ഒരു ഇരുമ്പ് മേശ. സൈഡില്‍ 37 ഇഞ്ച് ഉയരമുള്ള ജി.ഐ പൈപ്പ്. അതില്‍ ഉറപ്പിച്ച ഫണല്‍. ഇതിലൂടെ മണല്‍ മിശ്രിതം ഇടുന്നു. താഴെ പോളിത്തീന്‍ ബാഗില്‍ സംഭരിക്കുന്നു. പിന്നെ ഒരു മണ്ണുകോരി. ഇവ അടങ്ങിയതാണ് സൈമണിന്‍െറ ‘പോളിബാഗ് ഫില്ലിങ് ഡിവൈസ്’ എന്ന ഉപകരണം. മണ്ണുകോരി ഉപയോഗിച്ച് മണ്ണ് ഫണല്‍ വഴി താഴെക്കിടാം. താഴെ ഇത് കൂടുകളില്‍ ശേഖരിക്കും. ഈ യന്ത്രം ഉപയോഗിച്ച് രണ്ടുപേര്‍ക്ക് ഒരു ദിവസം ആയിരത്തിലധികം പാക്കറ്റുകളില്‍ മണ്ണു നിറക്കാനാകുമെന്ന് സൈമണ്‍ ജോര്‍ജ് അവകാശപ്പെടുന്നു. നിലവില്‍ തൊഴിലാളികള്‍ക്ക് ഒരു ദിവസം 500 പാക്കറ്റുകള്‍ മാത്രമേ നിറക്കാനാകുന്നുള്ളൂ. ഇത് പ്രവര്‍ത്തിപ്പിക്കാന്‍ വൈദ്യുതി ആവശ്യമില്ല. യന്ത്രത്തിന് പാറ്റന്‍റിനായി അപേക്ഷിച്ച് കാത്തിരിക്കുകയാണ് സൈമണ്‍. ഈ ഉപകരണം ഇന്ത്യന്‍ കാര്‍ഷിക ഗവേഷണ കൗണ്‍സിലിന്‍െറ പുരസ്കാരത്തിന് അര്‍ഹമായിട്ടുണ്ട്. രാജസ്ഥാനിലെ ഉദയ്പൂരില്‍ നടന്ന കൃഷിവിജ്ഞാന്‍ കേന്ദ്രങ്ങളുടെ ദേശീയ സമ്മേളനത്തിലായിരുന്നു അംഗീകാരം.

ചെടിച്ചട്ടി മാറ്റാം
ഉദ്യാനപരിപാലനത്തില്‍ 10 മുതല്‍ 40 കിലോ വരെ തൂക്കമുള്ള ചെടിച്ചട്ടികള്‍ ഉപയോഗിക്കുന്നുണ്ട്. ഇത് ഒരു സ്ഥലത്തുനിന്ന് മറ്റൊരുസ്ഥലത്തേക്ക് മാറ്റുകയെന്നത് പ്രയാസമുള്ള കാര്യമാണ്. ഈ പ്രയാസമാണ് ‘പോട്ട് മൂവര്‍’ എന്ന കണ്ടുപിടിത്തത്തിലത്തെിച്ചത്. ഒന്നരമീറ്റര്‍ നീളവും ഒന്നരയടി വീതിയുമുള്ള ദീര്‍ഘചതുരാകൃതിയിലുള്ള ഫ്രെയിമില്‍ ഘടിപ്പിച്ച രണ്ടു ചക്രങ്ങള്‍. അതില്‍ പ്രത്യേകരീതയില്‍ ഘടിപ്പിച്ച രണ്ടു ലിവറുകള്‍. ഇതാണ് പോട്ട് മൂവര്‍. ഉയരമുള്ളതും ചെറുതും വലുതുമായ ചെടിച്ചട്ടികള്‍ കേടുകൂടാതെ ഈ ഉപകരണമുപയോഗിച്ച് മാറ്റിവെക്കാം. 2008ല്‍ കര്‍ഷക ശാസ്ത്രകോണ്‍ഗ്രസില്‍ രണ്ടാമത്തെ മികച്ച കണ്ടുപിടിത്തമായി ഇതിനെ തെരഞ്ഞെടുത്തിരുന്നു.
മരുന്നുതളിക്കാം
കമുകിലും തെങ്ങിലും മരുന്നുതളിക്കാന്‍ ആളില്ലാതെവന്നതോടെയാണ് സൈമണ്‍ ജോര്‍ജ് ഹൈ റോക്കര്‍ സ്പ്രേ കണ്ടത്തെിയത്. 12 മീറ്റര്‍ നീളത്തിലുള്ള മുളങ്കമ്പാണ് സൈമണ്‍ ഇതിനായി ഉപയോഗിക്കുന്നത്. മോട്ടോര്‍ സൈക്കിളിന്‍െറ കേബിളും നൂല്‍ക്കമ്പിയുമാണ് സൈമണ്‍ ഉപയോഗിച്ച മറ്റു സാധനങ്ങള്‍. റോക്കര്‍ സ്പ്രേയറില്‍ ഘടിപ്പിച്ച ലിവറില്‍ രണ്ട് കേബിളുകള്‍ ഘടിപ്പിച്ച് താഴെനിന്നാണ് ഉപകരണം നിയന്ത്രിക്കുന്നത്. കേബിളിന്‍െറ ഹാന്‍ഡില്‍ ചലിപ്പിക്കുന്നതിനനുസരിച്ച് സ്പ്രേയര്‍ വ്യത്യസ്ത തരത്തില്‍ ഉപയോഗിക്കാം. ഒരാള്‍ മാത്രം പണിയെടുത്തുകൊണ്ട് നിലത്തുനിന്നുകൊണ്ടുതന്നെ 20 മീറ്റര്‍ ഉയരം വരെ മരുന്നുതളിക്കാന്‍ സാധിക്കുന്നതാണ് സൈമണ്‍ കണ്ടത്തെിയ ഹൈ റോക്കര്‍ സ്പ്രേയറിന്‍െറ പരിഷ്കരിച്ച രൂപം.

സോയില്‍ ഫില്ലറുപയോഗിച്ച് ഗ്രോബാഗുകളില്‍ മണ്ണുനിറക്കുന്നു
 

സ്പ്രിഗ്ളറും അടക്കാപൊളിയും
കൃഷിയിടം നനക്കുന്ന മൈക്രോസ്പ്രിഗ്ളര്‍, അടക്ക പൊളിക്കാനുള്ള യന്ത്രം എന്നിവയും സൈമണിന്‍െറ മറ്റു കണ്ടുപിടിത്തങ്ങളാണ്. മണിക്കൂറില്‍ ഒരു ക്വിന്‍റല്‍ അടക്ക തൊലിചതച്ച് വേര്‍തിരിക്കാവുന്നതാണ് അടക്കാപൊളി യന്ത്രം. താനുണ്ടാക്കിയ മൈക്രോസ്പ്രിഗ്ളര്‍ ഉപയോഗിച്ചാണ് തെങ്ങ്, കവുങ്ങ്, കുരുമുളക് എന്നിവയടങ്ങുന്ന തന്‍െറ തോട്ടത്തിലെ ജലസേചനം. ശാസ്ത്രീയ-ജൈവരീതികള്‍ സമന്വയിപ്പിച്ചാണ് കൃഷി. ഒന്നരയടി പൊക്കത്തില്‍ സി.പി.സി.ആര്‍.ഐ വികസിപ്പിച്ച മോഹിത് നഗര്‍ ഡ്വാര്‍ഫ് പെരുമ്പടവിലുള്ള സൈമണിന്‍െറ തോട്ടത്തിലുണ്ട്. ഇദ്ദേഹത്തിന്‍െറ കണ്ടുപിടിത്തങ്ങള്‍ക്ക് പന്നിയൂര്‍ കൃഷി വിജ്ഞാന കേന്ദ്രത്തിന്‍െറ അംഗീകാരം ലഭിച്ചിട്ടുണ്ട്. 2008ല്‍ കണ്ണൂര്‍ കൃഷി വിജ്ഞാന കേന്ദ്രം നടത്തിയ ഒന്നാം കര്‍ഷക ശാസ്ത്ര കോണ്‍ഗ്രസില്‍ രണ്ടാമത്തെ മികച്ച കര്‍ഷക ശാസ്ത്രജ്ഞനുള്ള അവാര്‍ഡ് ലഭിച്ചിരുന്നു. ആകാശവാണിയുടെ ഹരിത വാണി അവാര്‍ഡ്, കമുകു കര്‍ഷകനുള്ള അവാര്‍ഡ് എന്നിവയും ലഭിച്ചിട്ടുണ്ട്.

ഫോണ്‍: 9495728733

Tags:    
News Summary - http://54.186.233.57/node/add/article

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.