പോളിഹൗസിനായി നമ്മുടെ സ്വന്തം ഹൈബ്രിഡ് കക്കിരി

കേരള കാര്‍ഷിക സര്‍വകലാശാലയുടെ വെള്ളാനിക്കരയിലെ പച്ചക്കറി ഗവേഷണ വിഭാഗം വികസിപ്പിച്ച കെ.പി.സി.എച്ച്-ഒന്ന് ഹൈബ്രിഡ് കക്കിരി ഇനത്തിന് പോളിഹൗസ് കര്‍ഷകര്‍ക്കിടയില്‍ ഹിറ്റ്. സംരക്ഷിത കൃഷിക്ക് അനുയോജ്യമായ ഇനങ്ങള്‍ ഇന്ത്യയില്‍ വേണ്ടത്ര ലഭ്യമല്ല. സംരക്ഷിത കൃഷിയില്‍ ഏറ്റവും പ്രചാരത്തിലുള്ള സാലഡ് കക്കിരിയില്‍ സ്വകാര്യ കമ്പനികളില്‍ നിന്നുള്ള ഹില്‍ട്ടണ്‍, ഫാന്‍സി, കിയാന്‍ തുടങ്ങിയ ഹൈബ്രിഡ് ഇനങ്ങളാണ് പോളിഹൗസില്‍ കൃഷി ചെയ്യുന്നത്. വിത്തൊന്നിന് അഞ്ച് രൂപയോളം ഈടാക്കുന്ന ഹൈബ്രിഡുകള്‍ കൃഷി ചെയ്യാന്‍ 10 സെന്‍റ് വിസ്താരമുള്ള പോളിഹൗസില്‍ 5,000 രൂപയുടെ വിത്ത് വേണം. കാര്‍ഷിക സര്‍വകലാശാലായുടെ ഹൈബ്രിഡ് വിത്തിന് ഇതിന്‍െറ പത്തിലൊന്ന് വിലയേ ഉള്ളൂ.
തെക്കേ ഇന്ത്യയിലെ മറ്റു പൊതുമേഖലാ സ്ഥാപനങ്ങളൊന്നും പോളിഹൗസിന് യോജിച്ച കക്കിരി ഹൈബ്രിഡുകള്‍ വികസിപ്പിച്ചിട്ടില്ല. പരാഗണമില്ലാതെ കായയുണ്ടാകുന്ന ഇത്തരം കക്കിരി ഇനങ്ങള്‍ ഇതുവരെ ബഹുരാഷ്ട്ര കുത്തകകളുടെ കൈവശം മാത്രമായിരുന്നു. 
10 സെന്‍റ് വിസ്താരമുള്ള പോളിഹൗസില്‍ നിന്ന് ഈ സങ്കരയിനം അഞ്ച് ടണ്ണോളം വിളവ് നല്‍കും. കടും പച്ചനിറത്തിലുള്ള കായകള്‍ക്ക് 24 സെ.മീ നീളവും 220 ഗ്രാം ശരാശരി തൂക്കവുമുണ്ടാകും. കേരളത്തിലെ പോളിഹൗസുകളില്‍ വ്യാപകമായ മൃദുചൂര്‍ണ പൂപ്പിനോട് ഈ സങ്കരയിനത്തിന് പ്രതിരോധ ശേഷിയുണ്ട്. വിത്ത് വിതരണത്തിന് തയാറായതായി ഒളരിക്കള്‍ച്ചര്‍ വിഭാഗം മേധാവി ഡോ. സാലിക്കുട്ടി ജോസഫ് അറിയിച്ചു. 500 വിത്ത് ആവശ്യമുള്ള കര്‍ഷകര്‍ 525 രൂപയും 1,000 വിത്ത് ആവശ്യമുള്ളവര്‍ 1035 രൂപയും  മണി ഓര്‍ഡറായി അയച്ചാല്‍ രജിസ്ട്രേഡായി അയച്ചുകൊടുക്കും. വിവരങ്ങള്‍ക്ക്: 0487 2438482. 
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.