റബര്‍ കയറ്റുമതിക്ക് കേന്ദ്രസഹായം

കേന്ദ്രസര്‍ക്കാറിന്‍െറ റബര്‍ കയറ്റുമതി പ്രോത്സാഹിപ്പിക്കാന്‍ ഷീറ്റ് റബറും ബ്ളോക് റബറും കയറ്റുമതി ചെയ്യുന്നതിന് രണ്ട് ശതമാനം ധനസഹായം നല്‍കും. ചൈന, അമേരിക്ക, ജര്‍മനി, ഇറ്റലി, പോളണ്ട്, യു.കെ, മലേഷ്യ, ബ്രസീല്‍, ഈജിപ്ത്, ഇറാന്‍, ജപ്പാന്‍, മെക്സിക്കോ, റഷ്യ, സിംഗപ്പൂര്‍, സൗതാഫ്രിക്ക, ടര്‍ക്കി, യു.എ.ഇ എന്നിവയടക്കം 169 രാജ്യങ്ങളിലേക്കുള്ള റബര്‍ കയറ്റുമതിക്ക് എം.ഇ.ഐ.എസ് (മെര്‍ക്കന്‍ഡൈസ് എക്സ്പോര്‍ട്ട് ഫ്രം ഇന്ത്യ സ്കീം) എന്ന പദ്ധതിയില്‍പെടുത്തി നല്‍കുന്ന ധനസഹായത്തിന് അര്‍ഹതയുണ്ട്.
2015 ഏപ്രില്‍ ഒന്നിന് 2015-20ലെ വിദേശ വ്യാപാരനയം പ്രഖ്യാപിക്കുമ്പോള്‍ പ്രകൃതിദത്ത റബറിന്‍െറ കയറ്റുമതിക്ക് ധനസഹായങ്ങള്‍ നല്‍കുന്നതിന് വ്യവസ്ഥ ചെയ്തിരുന്നില്ല. പ്രകൃതിദത്ത റബര്‍കൂടി പദ്ധതിയില്‍പെടുത്തുന്നതിന് അന്നുമുതല്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് ഫോറിന്‍ ട്രേഡിനോട് (ഡി.ജി.എഫ്.ടി) റബര്‍ ബോര്‍ഡ് ആവശ്യപ്പെട്ടുവരുകയായിരുന്നു. കേന്ദ്ര സര്‍ക്കാറിന്‍െറ ഒക്ടോബര്‍ 29ലെ പബ്ളിക് നോട്ടീസ് (44/2015-20) അനുസരിച്ചാണ് പ്രകൃതിദത്ത റബര്‍ എം.ഇ.ഐ.എസില്‍ 4976, 4977 എന്നീ നമ്പറുകളായി ഇപ്പോള്‍ ഉള്‍പ്പെടുത്തിയത്. ഇത് ഇന്ത്യയില്‍നിന്നുള്ള റബര്‍ കയറ്റുമതിയില്‍ വര്‍ധനയുണ്ടാക്കുമെന്ന് പ്രതീക്ഷിക്കുന്നു.
വിദേശ വ്യാപാരനയപ്രകാരം എടുത്ത തീരുമാനം ഇന്ത്യയിലെ കയറ്റുമതിക്കാരുടെ മത്സരക്ഷമത കൂട്ടുന്നതിന് ഉപകരിക്കുമെന്ന് കരുതാം. എം.ഇ.ഐ.എസ് പദ്ധതിയനുസരിച്ച് കയറ്റുമതിക്ക് ഡ്യൂട്ടി ക്രെഡിറ്റ് സ്ക്രിപ്സ് (ഡി.സി.എസ്.) നല്‍കും. ഇറക്കുമതി ചെയ്യപ്പെടുന്ന വസ്തുക്കളുടെ കസ്റ്റംസ് ഡ്യൂട്ടി, ആഭ്യന്തര വിപണിയില്‍നിന്ന് സംഭരിക്കുന്നവയുടെ എക്സൈസ് ഡ്യൂട്ടി, സര്‍വിസ് ടാക്സ് എന്നിവ അടക്കാനോ ഡി.സി.എസ് ഉപയോഗിക്കാം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.