വൈഷ്ണവ് ആടുകള്‍ക്കൊപ്പം

ക്ലാസില്ലെങ്കിലും വിരസതയില്ല, വൈഷ്ണവിന് കൂട്ടായി 117 ആട്ടിന്‍കുട്ടികള്‍

കോട്ടയം: സ്‌കൂളില്‍നിന്ന് കിട്ടിയ കിങ്ങിണി എന്ന ആടിനെ ഉത്തരവാദിത്വത്തോടെ വളര്‍ത്തുന്ന മൂന്നാം ക്ലാസുകാരന്‍ വൈഷ്ണവ് കഴിഞ്ഞ വര്‍ഷം വാര്‍ത്തയില്‍ ഇടം നേടിയിരുന്നു. നാലാം ക്ലാസിലെത്തിയപ്പോള്‍ കോവിഡ്കാല വിരസതയകറ്റാന്‍ രണ്ടു പേര്‍കൂടി വൈഷ്ണവിന് കൂട്ടുണ്ട്. കിങ്ങിണിയുടെ കുട്ടികള്‍.

ഇത് വൈഷ്ണവിന്റെ മാത്രം കഥയല്ല. പഠനത്തിനൊപ്പം ആടു വളര്‍ത്തലിലും ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്ന 83 വിദ്യാര്‍ഥികള്‍ വെളിയന്നൂര്‍ ഗ്രാമപഞ്ചായത്തിലുണ്ട്. പഞ്ചായത്തിന്‍റെ 2019-2020 ആടുഗ്രാമം മാതൃകാ പദ്ധതിയിലൂടെ പൂവക്കുളം ഗവണ്‍മെന്റ് യു.പി സ്‌കൂള്‍, വെളിയന്നൂര്‍ ഗവണ്‍മെന്‍റ് എല്‍.പി സ്‌കൂള്‍, പുതുവേലി ഗവണ്‍മെന്‍റ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ എന്നിവിടങ്ങളിലെ മൂന്നു മുതല്‍ ഒന്‍പതു വരെ ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ക്കാണ് ആറു മാസം പ്രായമുള്ള ആടുകളെ നല്‍കിയിരുന്നത്.

പദ്ധതി ഒരു വര്‍ഷം പിന്നിടുമ്പോള്‍ 83 പെണ്ണാടുകള്‍ക്കുമായി 117 കുട്ടികള്‍ പിറന്നു. ഇപ്പോള്‍ സ്‌കൂള്‍ വിദ്യാര്‍ഥികളുടെ നേതൃത്വത്തില്‍ ആകെ 200 ആടുകളെയാണ് വളര്‍ത്തുന്നത്. അഞ്ച് ലക്ഷം രൂപയായിരുന്നു പദ്ധതിചെലവ്.

ആടുകളെ വിതരണം ചെയ്ത ദിവസം മുതല്‍ വളര്‍ച്ചയുടെ ഓരോ ഘട്ടത്തിലും വിദ്യാര്‍ഥികള്‍ക്ക് സഹായത്തിനും സംശയനിവാരണത്തിനുമായി സ്‌കൂളുകളിലെ ഗോട്ട് ക്ലബ് സജീവമായുണ്ടായിരുന്നു. കുട്ടികള്‍ക്കും മാതാപിതാക്കള്‍ക്കുമൊപ്പം അധ്യാപകരും മൃഗസംരക്ഷണ വകുപ്പിലെ ഉദ്യോഗസ്ഥരുമാണ് ക്ലബ്ബിലുള്ളത്.

ഓണ്‍ലൈന്‍ ക്ലാസുകള്‍ക്കുശേഷമുള്ള സമയം എങ്ങനെ ചിലവഴിക്കണമെന്ന കാര്യത്തില്‍ ഇവിടുത്തെ കുട്ടികള്‍ക്ക് ആശങ്കയില്ല. കാരണം അവര്‍ ആടുകളെ പരിപാലിക്കുന്ന തിരക്കിലാണ്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.