മുയലുകൾ തരും നല്ല വരുമാനം

അടുത്തകാലത്തായി നിരവധി പേർ മുയൽവളർത്തലിലേക്ക്​ തിരിഞ്ഞിട്ടുണ്ട്​. ഫ്രാൻസ്​, അമേരിക്ക, ചൈന, റഷ്യ തുടങ്ങിയ രാജ്യങ്ങളിൽ വ്യാവസായികാടിസ്​ഥാനത്തിൽ മുയലുകളെ വളർത്തുന്നുണ്ടെങ്കിലും ഇന്ത്യയിൽ ഈ മേഖലക്ക്​ വേണ്ടത്ര പ്രചാരം ലഭിക്കുന്നില്ല. വ്യാവസായികാടിസ്​ഥാനത്തിൽ ആദ്യമായി മുയൽ വളർത്തൽ ആരംഭിച്ചത്​ കാലിഫോർണിയയിൽ ആണ്​.

ചുരുങ്ങിയ മുതൽമുടക്കിൽ ചെറിയ കാലാവധിയിൽ ഗണ്യമായ ലാഭമുണ്ടാക്കാവുന്ന ഒരു തൊഴിൽമേഖലയാണ്​ ഇത്​. വീട്ടമ്മമാർ, വിദ്യാർഥികൾ, അംഗപരിമിതർ തുടങ്ങി സമൂഹത്തിലെ എല്ലാത്തരം ആളുകൾക്കും മുയൽ വളർത്തലിൽ ഏർപ്പെടാം. ചെറിയതോതിലോ വൻതോതിലോ താൽപര്യാനുസരണം നടത്താം. മുയലിറച്ചി ഗുണമേന്മയും വിലക്കുറവുമുള്ള ഭക്ഷണമാണ്​. കൊഴുപ്പും കൊളസ്​ട്രോളും സോഡിയവും കുറവായതിനാൽ ഹൃദ്​രോഗികൾക്ക്​ പോലും ഉപയോഗിക്കാം. ശരാശരി ഒരുമാസം മാത്രം ഗർഭകാലാവധിയുള്ള മുയലുകൾ വർഷത്തിൽ അഞ്ചുതവണയെങ്കിലും പ്രസവിക്കുന്നു. ഇങ്ങനെ ശരാശരി 30 കുഞ്ഞുങ്ങളെയെങ്കിലും ഒരുവർഷം ലഭിക്കും. പെൺമുയലുകൾ ആറുമാസം പ്രായമാകുന്നതോടെ പ്രസവിച്ച്​ തുടങ്ങും. പെൺമുയലുകൾക്ക്​ വ്യക്​തമായ മദിചക്രമില്ലാത്തതിനാൽ പ്രായേണ ഏതവസരത്തിലും അവയെ ഇണചേർക്കാം. ഒരു പ്രസവത്തിൽ സാധാരണ ആറ്​ മുതൽ എട്ട്​ കുഞ്ഞുങ്ങൾ വരെയുണ്ടാവും. ചില അവസരത്തിൽ പത്തിൽ അധികം കുഞ്ഞുങ്ങളും ഉണ്ടാവാറുണ്ട്​. തള്ളമുയലുകൾ ക​ുഞ്ഞുങ്ങളെ ദിവസത്തിൽ ഒരിക്കലെങ്കിലും മുലയൂട്ടണം. ആറ്​ ആഴ്​ച പ്രായമാകു​േമ്പാൾ കുഞ്ഞുങ്ങളെ തള്ളയിൽനിന്ന്​ വേർപെടുത്താം. മുയലുകൾക്ക്​ തീറ്റച്ചെലവും കുറവാണ്​. മുതിർന്ന ഒരു മുയലിന്​ 120 ഗ്രാം ഖരാഹാരവും 200 ഗ്രാമോളം പച്ചിലകളും ആവശ്യമാണ്​.


ഇറച്ചിക്ക്​ പുറമേ മുയലി​െൻറ തുകലും വിലപിടിപ്പുള്ള ഉൽപന്നമാണ്​. മുയലി​െൻറ മൃദുരോമങ്ങൾ ഉപയോഗിച്ച്​ മനോഹരവും ഉറപ്പുള്ളതുമായ രോമക്കുപ്പായങ്ങൾ, തൊപ്പികൾ, വാനിറ്റി ബാഗുകൾ, കളിപ്പാട്ടങ്ങൾ എന്നിവർ നിർമിക്കുന്നു. മുയൽക്കാഷ്​ഠം നല്ല ജൈവവളവുമാണ്​. കുറഞ്ഞ സ്​ഥലത്ത്​ നടത്താവുന്ന മുയൽവളർത്തലിന്​ വൈദ്യുതിയുടെ ആവശ്യമില്ലാത്തതും അനുകൂലഘടകമാണ്​.

മുയൽവർഗങ്ങൾ

മുയൽവർഗങ്ങളെ നാലായി തിരിക്കാം. ഇറച്ചിക്ക്​ ഉപയോഗിക്കുന്നവ, രോമത്തിന്​ വേണ്ടി വളർത്തുന്നവ, ഓമനമൃഗങ്ങളായി വളർത്തുന്നവ, പരീക്ഷണാവശ്യത്തിന്​ വളർത്തുന്നവ എന്നിങ്ങനെ. ഇവയിൽ ഏറ്റവും പ്രധാനം ഇറച്ചിക്ക്​ വളർത്തുന്നവയാണ്​. ഇതിൽ വലിയതും ഇടത്തരം വലിപ്പമുള്ളതും ഉണ്ട്​. ഇന്ത്യയിൽ കാണുന്ന മുയലുകൾ ഇടത്തരം വലിപ്പമുള്ളവയാണ്​. ഇവക്ക്​ ശരാശരി അഞ്ച്​ കിലോ തൂക്കം കാണും. ഇവയിൽ ഗ്രേ ജയൻറ്​, വൈറ്റ്​ ജയൻറ്​, ന്യൂസിലൻഡ്​ വൈറ്റ്​, സോവിയറ്റ്​ ചിഞ്ചില എന്നിവ കേരളത്തിൽ സുലഭമാണ്​. വലിയ ഇറച്ചി മുയലുകളായ ഫ്ലമിഷ്​ ജയൻറ്​, ജയൻറ്​ ബ്ലാക്ക്​ എന്നിവക്ക്​ ഒമ്പത്​ കിലോയോളം തൂക്കം കാണും. രോമത്തിന്​ വേണ്ടി വളർത്തുന്നവയിൽ പ്രധാനം സാറ്റിൻ ഇനത്തിൽപെട്ട രോമമുള്ള അ​ങ്കോറഎന്നിവയാണ്​. കനംകുറഞ്ഞ മൃദുവായ കമ്പിളി ഇനത്തിൽപെട്ട രോമങ്ങളാണ്​ ഇവ ഉൽപാദിപ്പിക്കുന്നത്​. വളരെ നീണ്ട ചെവിയുള്ള ലോപ്​, ഡച്ച്​ ജനുസ്​, ഇംഗ്ലീഷ്​ ജനുസ്​ എന്നിവയെ ഓമനമൃഗങ്ങളായി വളർത്തുന്നവയാണ്​. ചെറിയ ന്യൂസിലൻഡ്​ വൈറ്റ്​ ജനുസിൽപെട്ടവയെ പരീക്ഷണാവശ്യത്തിനായി വളർത്തിവരുന്നു.



നാട്ടിൽ കാണുന്ന ​പ്രധാന ജനുസ്സുകൾ:

1. സോവിയറ്റ്​ ചിഞ്ചില

പഴയ സോവിയറ്റ്​ യൂനിയനിൽ സൃഷ്​ടിച്ച ഈ ജനുസ്സി​ന്​ ചാരനിറമാണ്​. ഇതി​െൻറ ചർമത്തിന്​ കൂടുതൽ വില ലഭിക്കുന്നു. പൂർണവളർച്ചയെത്തിയവക്ക്​ അഞ്ച്​ കിലോയോളം തൂക്കം കാണും. മാംസത്തിനും തുകലിനും വേണ്ടി വളർത്തുന്ന ഇനമാണിത്​.

2.ന്യൂസിലൻഡ്​ വൈറ്റ്​

ന്യൂസിലൻഡിൽ വികസിപ്പിച്ചെടുത്ത ഈ മുയലി​െൻറ നിറം തൂവെള്ളയാണ്​. കണ്ണുകൾ ചുവന്നതായിരിക്കും. കുറിയ കാലുകളുടെ അടിഭാഗത്ത്​ കട്ടിയുള്ള ചർമമുണ്ട്​. പൂർണ വളർച്ചയെത്തു​േമ്പാൾ അഞ്ച്​ കിലോയോളം ഭാരം വരുന്ന ഇവയെ ഇരുമ്പ്​ കൂടുകളിൽ വളർത്താൻ ഉചിതമാണ്​.

3. ഗ്രേ ജയൻറ്​

ഇവയുടെ തൊലി കറുപ്പാണെങ്കിലും രോമം കറുപ്പും തവിട്ടുനിറവും കലർന്നതായിരിക്കും. സാധാരണ പെൺ മുയലുകൾക്ക്​ അഞ്ചുകിലോയും ആൺ മുയലുകൾക്ക്​ നാലരക്കിലോയും തൂക്കം കാണും.

4. വൈറ്റ്​ ജയൻറ്​

ന്യൂസിലൻഡ്​ വൈറ്റുമായി സാമ്യമുള്ള ഒരിനമാണിത്​. വൈറ്റ്​ ജയൻറി​െൻറ ശരീരത്തിന്​ കൂടുതൽ നീളവും വലിപ്പവും കാണാം. കാലുകൾക്ക്​ നീളക്കൂടുതലുണ്ട്​. നീണ്ട്​ വെളുത്ത രോമങ്ങളും ചുവന്ന കണ്ണുകളുമാണ്​ ഇവക്കുണ്ടാവുക.

5. സിൽവർ ഫോക്​സ്​

പ്രതികൂല കാലാവസ്​ഥയെ അതിജീവിക്കാൻ കഴിവും സൗമ്യ സ്വഭാവവുമുള്ള വർഗമാണിത്​. മാംസാവശ്യത്തിനാണ്​ ഇവയെ വളർത്തുക. പ്രായപൂർത്തിയായവക്ക്​ അഞ്ചുകിലോ തൂക്കം കാണും സിൽവർ ഫോക്​സിൽ രണ്ടിനങ്ങളുണ്ട്​. കറുപ്പും നീലയും. ഇവയുടെ രോമങ്ങൾ നീളം കൂടിയവയാണ്​. തൊലിയുടെ ബാഹ്യഭാഗത്ത്​ കറുപ്പും അടിയിൽ ചാരനിറവുമായിരിക്കും. ചിലയിടങ്ങളിൽ വെളുത്ത രോമങ്ങളും കാണപ്പെടും.

6. അ​ങ്കോറ

രോമത്തിനും ചർമത്തിനും വേണ്ടിയാണ്​ ഇത്തരം മുയലുകളെ വളർത്തുന്നത്​. മാംസത്തിനും ഓമനമൃഗമായും വളർത്താറുണ്ട്​. സാധാരണ കണ്ടുവരുന്ന നിറം വെളുപ്പാണ്​. ഹിമാലയൻ താഴ്​വരയിൽ വൻതോതിൽ ഇവയെ വളർത്തിയിരുന്നു. ഒരു മുയലിൽനിന്ന്​ വർഷം ഒരു കിലോ രോമം ലഭിക്കും.


തീറ്റയിൽ ശ്രദ്ധിച്ചാൽമതി

കടല 35ശതമാനം, ഗോതമ്പ് 30 ശതമാനം, കടലപ്പിണ്ണാക്ക് 10 ശതമാനം, ബോൺമീൽ 10 ശതമാനം, തവിട് 13 ശതമാനം, ധാതുലവണം 15 ശതമാനം, ഉപ്പ് 0.5 ശതമാനം എന്നിവ ചേർത്തും കടല 10ശതമാനം, ഗോതമ്പ് 25 ശതമാനം, എള്ളിൻ പ്പിണ്ണാക്ക് 20 ശതമാനം, തവിട് 35 ശതമാനം, ധാതുലവണം 15 ശതമാനം, ഉപ്പ് 0.5 ശതമാനം എന്നിവ ചേർത്തും ​ മുയലുകൾക്കാവശ്യമായ രണ്ട്​ തരം സമീകൃത തീറ്റമിശ്രിതങ്ങൾ ഉണ്ടാക്കാം.

മുയലുകൾക്ക്​ നൽകേണ്ട ഭക്ഷണപദാർഥങ്ങളും രണ്ടിനത്തിൽപെടുന്നതാണ്​. പരുഷാഹാരവും ഖരാഹാരവും. കൂടുതൽ നാരുകളും കുറഞ്ഞ പോഷകഘടകങ്ങളും അടങ്ങിയതാണ്​ പരുഷാഹാരം. ഖരാഹാരം അഥവാ സാന്ദ്രിതാഹാരത്തിൽ പോഷക ഘടകങ്ങൾ കൂടുതലായിരിക്കും. മുയലുകൾക്ക്​ കൊടുക്കുന്ന പരുഷാഹാരങ്ങളെ നാലായി തരംതിരിക്കാം. പുല്ലുവർഗം, പയറുവർഗം, മരത്തി​െൻറ ഇലകൾ, മറ്റുള്ളവ എന്നിങ്ങനെ.

പുല്ല് വര്‍ഗത്തില്‍ പെട്ടവക്ക് പൊതുവെ കുറഞ്ഞ അസംസ്‌കൃത മാംസ്യവും കൂടിയ അളവില്‍ നാരുകളും ഉണ്ടാവും. നേപ്പിയര്‍, ഗിനി, കോംഗോ, പാര, സിഗ്​നല്‍ എന്നീ പുല്ലുകള്‍ മുയലുകള്‍ക്ക് നല്‍കാം. തീറ്റയില്‍ വേണ്ടത്ര നാരുകളില്ലെങ്കില്‍ മുയലുകള്‍ക്ക് രോഗം പിടിപെടും. ഇലകളില്‍ മുരിക്ക്, സുബാബൂള്‍, ശീമക്കൊന്ന, അഗത്തി എന്നിവ നല്‍കാം. വാഴയുടെ ഇലയും പോളയും ഉണ്ണിക്കാമ്പും കൊടുക്കാം.

പച്ചക്കറിയുടെ അവശിഷ്​ടങ്ങളും കൃഷിയിലെ ഉപോല്‍പന്നങ്ങളും വെള്ളത്തിലെ സസ്യങ്ങളും മുയലുകളുടെ തീറ്റയാണ്. കാബേജി​െൻറയും കോളിഫ്‌ളവറി​െൻറയും ഇലകള്‍, കായത്തൊലി, പയറി​െൻറ തൊലി എന്നിവയും നൽകാം. അസോള വെള്ളത്തില്‍ നിന്ന് വാരിയെടുത്ത് അതേപടിയോ സാന്ദ്രിതാഹാരവുമായി കൂട്ടിക്കലര്‍ത്തിയോ കൊടുക്കാം. സാധാരണ മുയലുകള്‍ക്ക് 600 ഗ്രാമും ഗര്‍ഭിണികള്‍ക്കും മുലയൂട്ടുന്നവക്കും 700 ഗ്രാമും പരുഷാഹാരം ദിനംപ്രതി കൊടുക്കാം. പരുഷാഹാരം കൂടാതെ പോഷക ഘടകങ്ങള്‍ കൂടുതലുള്ള സാന്ദ്രിതാഹാരവും മുയലുകള്‍ക്ക് നല്‍കണം. സാന്ദ്രിതാഹാരത്തില്‍ ധാന്യങ്ങളും ധാന്യകങ്ങളും പിണ്ണാക്കുകളും തവിടും മറ്റു പ്രാദേശികമായി ലഭ്യമായ വസ്തുക്കളും ഉള്‍പ്പെടുന്നു. മുയലുകള്‍ക്ക് കൊടുക്കാവുന്ന ഒരു പ്രധാന ധാന്യമാണ് ഗോതമ്പ്. ഗോതമ്പ് പൊടിച്ചോ വെള്ളത്തില്‍ കുതിര്‍ത്തോ നല്‍കാം.

ചോളത്തില്‍ കൂടിയ അളവില്‍ ഊർജമുള്ളതിനാല്‍ വളരുന്ന മുയലുകള്‍ക്ക് അനുയോജ്യമാണ്. വിലകുറഞ്ഞ മറ്റൊരു ഖരാഹാരമാണ് തവിട്. ഗോതമ്പ് തവിടിലാണ് ഏറ്റവും കൂടുതൽ പോഷകം. കൂടാതെ അരിത്തവിടും ചോളത്തവിടും മുയലുകള്‍ക്ക് കൊടുക്കാം. തീറ്റയില്‍ 10 മുതല്‍ 15 ശതമാനം വരെ ഉണക്കക്കപ്പയും അഞ്ചുമുതല്‍ പത്തു ശതമാനം വരെ പൊടിച്ച പുളിങ്കുരുവും ചേര്‍ക്കാം.


പെൺമുയലുകൾക്ക്​ തീറ്റ മിശ്രിതം 100 മുതൽ 150 ഗ്രാം വരെയും ഗർഭിണിയായ മുയലുകൾക്ക്​ 160 മുതൽ 200 ഗ്രാം വരെയും പാലൂട്ടുന്നവക്ക്​ 200 മുതൽ 250 ഗ്രാം വരെയും ആവശ്യമാണ്​. പെല്ലറ്റ്​ രൂപത്തിലുള്ള തീറ്റ ശ്വാസകോശ രോഗങ്ങൾ തടയുന്നു. മുയലുകൾക്ക്​ വേണ്ടത്ര തീറ്റ കൊടുക്കാം. ഖരാഹാരം മുയലുകൾക്ക്​ രാവിലെ എട്ട്​ മണിക്കും വൈകുന്നേരം അഞ്ചുമണിക്കും നൽകാം.

പരുഷാഹാരം കൂടുതലായി വൈകുന്നേരം കൊടുക്കാം. ഒരു ഭാഗം രാവിലെയും നൽകാം. മുയലുകൾ കൂടുതൽ ഉന്മേഷവാന്മാരായിരിക്കുക ​വൈകുന്നേരവും രാത്രിയും അതിരാവിലെയുമാണ്​. ഈ സമയത്ത്​ കൂടുതൽ തീറ്റ നൽകാം. തീറ്റകൊടുക്കു​േമ്പാൾ തലേന്നത്തെ അവശിഷ്​ങ്ങൾ ഒഴിവാക്കി പാത്രങ്ങൾ നന്നായി വൃത്തിയാക്കണം. പഴകിയതും പൂപ്പൽപിടിച്ചതുമായ തീറ്റ ഒഴിവാക്കണം.

തീറ്റക്ക്​ പുറമേ മുയലുകൾക്ക്​ വേണത്ര ശുദ്ധജലവും സദാസമയവും കൊടുക്കണം.


Tags:    
News Summary - rabits farm

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.