മാലിന്യം ഒഴിവാക്കാനും വളത്തിനും പൈപ്പ് കമ്പോസ്റ്റ്

അടുക്കള മാലിന്യം വളമാക്കി അടുക്കളത്തോട്ടം വളർത്തിയാൽ ​നേട്ടമേറെയാണ്​. പലരും പ്ലാസ്​റ്റിക്​ കൂടുകളിൽ കെട്ടി വഴിയരികിൽ തള്ളുന്നത്​ പതിവാണ്​. ഇനിയതു വേണ്ട. അൽപം മനസ്സുവെച്ചാൽ വീട്ടിലെയും നാട്ടിലെയും മാലിന്യം ഒഴിവാക്കാനും പച്ചക്കറികൾക്ക്​ വേണ്ട വളം ഉൽപാദിപ്പിക്കാനും പൈപ്പ്​ ക​േമ്പാസ്​റ്റ്​ ഒരെണ്ണം നിർമിച്ചുനോക്കാം. തദ്ദേശ സ്ഥാപനങ്ങൾ 90 ശതമാനം സബ്​സിഡിക്ക്​ പൈപ്പ്​ ക​​േമ്പാസ്​റ്റ്​ വിതരണം ചെയ്യുന്നുണ്ട്​.

ആവശ്യമായവ

1.3 മീറ്റര്‍ നീളവും എട്ട് ഇഞ്ച് വ്യാസവുമുള്ള രണ്ട്​ പി.വി.സി പൈപ്പ്​. 6, 12 ഇഞ്ച്​ വ്യാസമുള്ള പൈപ്പായാലും കുഴപ്പമില്ല. അടപ്പുകള്‍ രണ്ടെണ്ണം.

സ്ഥാപിക്കൽ

അടുക്കളക്ക്​ സമീപം 30 സെ. മീറ്റര്‍ താഴ്​ത്തി മണ്ണില്‍ കുത്തനെ പൈപ്പ് ഉറപ്പിക്കണം. മണ്ണിനോട്​ ചേരുന്ന ഭാഗത്ത് പൈപ്പില്‍ 20 സെ.മി ഉയരത്തിൽ മൂന്നോ നാലോ ദ്വാരമിടണം. മുകള്‍ ഭാഗം അടപ്പ് ഉപയോഗിച്ച് അടക്കാം. അടപ്പില്ലെങ്കിൽ മാർബ്​ൾ, മുറ്റത്തിടുന്ന ടൈൽ എന്നിവയുടെ കഷണം മതി. ഉറച്ച നിലമാണെങ്കില്‍ മണ്ണുനിറച്ച 35 സെ.മീ പൊക്കമുള്ള ബക്കറ്റിലും പൈപ്പ് താഴ്ത്തിവെക്കാം. ശരാശരി 800 ഗ്രാം മാലിന്യമാണ് സാധാരണ ഒരു കുടുംബത്തിൽ ഉണ്ടാകുക. അത് ഈ കുഴലിൽ ഇട്ടാൽ വെള്ളം മണ്ണിലേക്ക് വാർന്നുപോയി അരക്കിലോയാകും.

മാലിന്യസംസ്‌കരണം

ഒരുലിറ്റര്‍ വെള്ളത്തില്‍ 300 ഗ്രാം പച്ചച്ചാണകം കലക്കുക. ഈ ലായനി ആണ്​ ആദ്യമായി പൈപ്പി​െൻറ അടിത്തട്ടില്‍ ഒഴിക്കേണ്ടത്​. പിന്നീട്​ അഴുകുന്ന പാഴ്​വസ്തുക്കള്‍ പൈപ്പിലേക്കിടുക. പാകംചെയ്തതും അല്ലാത്തതുമായ മിച്ചംവരുന്ന ഭക്ഷണങ്ങൾ, പച്ചക്കറി അവശിഷ്​ടങ്ങള്‍, പൂവ്, ഇലകള്‍, അഴുകുന്ന അടുക്കളമാലിന്യങ്ങള്‍ തുടങ്ങിയവ ജലാംശം കളഞ്ഞ് എന്നും പൈപ്പിലിടാം. വലുപ്പമുള്ളവ ചെറിയ കഷണങ്ങളാക്കണം. പൈപ്പിനുള്ളില്‍ ജലാംശം ചെറുതായി വേണം. കൂടരുത്​.


ചാണകം, ശര്‍ക്കര, പുളിച്ച തൈര്, നന്നായി പുളിപ്പിച്ച മോര്, വേപ്പിന്‍ പിണ്ണാക്ക് എന്നിവയില്‍ ഒന്ന് കലക്കി പൈപ്പിനകത്ത് തളിച്ചുകൊടുക്കണം. വായുസഞ്ചാരത്തിന്​ ഇടക്കിടെ ഇളക്കണം. ആഴ്ചയിലൊരിക്കൽ അവശിഷ്​ടങ്ങള്‍ ഇടുന്നസമയത്ത്​ ചെറിയ ചുള്ളിക്കമ്പുകളോ കുറ​ച്ചു പുല്ലോ ഇട്ടുകൊടുക്കാം. പച്ചച്ചാണക ലായനി രണ്ട് അടപ്പുവീതം ദിവസവും ഒഴിച്ചാല്‍ സൂക്ഷ്​മാണുക്കള്‍ പെരുകി വിഘടനം വേഗത്തിലാക്കും. ഇടക്കിടെ അടപ്പ് പാതി തുറന്നിടാം. ഒരുമാസം കഴിഞ്ഞാൽ പൈപ്പ് നിറയും. ഇതുപോലെ അടുത്ത പൈപ്പും വെച്ച്​ അവശിഷ്​ടങ്ങള്‍ ഇടാം.

രണ്ടുമാസം ആയാൽ ആദ്യത്തെ പൈപ്പില്‍ മാലിന്യം വിഘടിച്ച് വളമായിട്ടുണ്ടാകും. ആദ്യത്തെ കുഴൽ ഇളക്കിയെടുത്ത് തലതിരിച്ച് ഒരു കുട്ടയിലേക്ക് തട്ടിയിട്ടാൽ വളപ്പൊടി ലഭിക്കും. ഇത്​ ടെറസിലോ മുറ്റ​േത്താ ഉണക്കി എല്ലാ കൃഷിക്കും ഏതു പ്രായത്തിലുള്ള ചെടികൾക്കും വളമായി നല്‍കാം.

ദുർഗന്ധം ഒഴിവാക്കാം

ഒരിക്കല്‍ നിറഞ്ഞ പൈപ്പില്‍ വിഘടനം നടക്കുമ്പോള്‍ സ്ഥലം ഒഴിവു വരും. അവിടെ വീണ്ടും മാലിന്യം നിറക്കരുത്. ജൈവവളം ആയി മാറിയാല്‍ പൂര്‍ണമായും ഒഴിവാക്കി ചാണക ലായനി ആദ്യം ഒഴിച്ച് മാത്രം മാലിന്യം നിറച്ചുതുടങ്ങുക.

പൈപ്പ് കമ്പോസ്​റ്റിൽനിന്നുള്ള ദുര്‍ഗന്ധം ഒഴിവാക്കാന്‍ പല ബാക്ടീരിയ ലായനികളും ഇ.എം ലായനികളും ലഭ്യമാണ്. ഇടക്കിടെ ഇവ നേര്‍പ്പിച്ച് നേരിയ അളവില്‍ ഒഴിച്ചുകൊടുക്കണം. കാര്‍ബണി​െൻറയും നൈട്രജ​െൻറയും അഭാവത്തില്‍ വിഘടനം നടക്കാതെ വരുമ്പോഴാണ് അവശിഷ്​ടങ്ങള്‍ മഞ്ഞ സ്ലറി രൂപത്തില്‍ കാണുക. ഓക്‌സിജനും വേഗം സംസ്‌കരിക്കാൻ സഹായിക്കും. അകത്ത് വായുഅറകള്‍ വേണം. ഇതിന്​ കമ്പ് ഉപയോഗിച്ച് ഇളക്കിക്കൊടുക്കാം.

മാലിന്യം ജൈവവളമാകാൻ മഴക്കാലത്ത്​ കൂടുതല്‍ സമയം (ഒന്നരമാസം) വേണം. അങ്ങനെ വന്നാൽ മൂന്നാമത് ഒരു പൈപ്പ് കൂടി ഉപയോഗിക്കേണ്ടിവരും. പൈപ്പില്‍നിന്ന് ജൈവവളം എടുക്കുമ്പോള്‍ എവിടേക്ക് മാറ്റണമെന്ന കാര്യം തീരുമാനിച്ചുവെക്കണം. വിഘടനം നടക്കാതെവന്നാല്‍ ദുര്‍ഗന്ധം കലര്‍ന്ന മാലിന്യം പുറത്തേക്കുവരും. അത് വേഗം കുഴിച്ചിടാന്‍ വേണ്ട ഒരുക്കം നടത്തിയിരിക്കണം.


ഖരമാലിന്യം വേണ്ട

പ്ലാസ്​റ്റിക്, ഖരമാലിന്യം എന്നിവ ഇടു​കയേ അരുത്​. കഞ്ഞിവെള്ളവും പൈപ്പില്‍ ഒഴിക്കരുത്​. അടുക്കളയില്‍ മാലിന്യങ്ങള്‍ വേര്‍തിരിക്കാൻ മൂന്നു പാത്രങ്ങള്‍ വേണം.

1. പ്ലാസ്​റ്റിക് മാലിന്യങ്ങള്‍, അജൈവ മാലിന്യങ്ങള്‍.

2. കട്ടികൂടിയ ജൈവ മാലിന്യങ്ങള്‍

3. പച്ചക്കറി, ഭക്ഷണാവശിഷ്​ടങ്ങള്‍

ഇതിൽ മൂന്നാമത്തെത്​ മാത്രമേ പൈപ്പില്‍ ഇടാവൂ.  

Tags:    
News Summary - Pipe compost for waste disposal and manure

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.