ഓറഞ്ച് തൊലി കൊണ്ട് വളമുണ്ടാക്കാം, കീടങ്ങളെയും നശിപ്പിക്കാം

ഓറഞ്ചിന്റെ തൊലി വലിച്ചെറിയാതെ മികച്ച വളവും കീടനാശിനിയുമാക്കിയാൽ പച്ചക്കറികൾ തഴച്ചുവളരും. ഓറഞ്ച് തൊലിയിൽ നിന്നുണ്ടാക്കുന്ന വളവും കീടനാശിനിയും വിളകളെ ബാധിക്കുന്ന വണ്ട്, ഉറുമ്പുകള്‍, ഈച്ച, മുഞ്ഞ, പ്രാണികള്‍ എന്നിവക്കെതിരെ പ്രവർത്തിക്കുന്നു. കൂടാതെ, ഇവ ചെടികൾക്ക് ആവശ്യമായ പോഷകങ്ങളും പ്രദാനം ചെയ്യുന്നു.

അതായത്, നൈട്രജന്‍, ഫോസ്ഫറസ്, പൊട്ടാസ്യം, സോഡിയം, കാല്‍സ്യം, മഗ്നീഷ്യം, കോപ്പര്‍, സള്‍ഫര്‍ എന്നിവയെല്ലാം ഓറഞ്ചിന്റെ തൊലിയിൽ വലിയ അളവിൽ കാണപ്പെടുന്നു. ഇവ വളർച്ചയെ പരിപോഷിപ്പിക്കുന്നു. ഓറഞ്ചിന്റെ തൊലി ഒരേ സമയം കീടനാശിനിയും വളർച്ചക്കുള്ള വളവുമാണ്.


ഓറഞ്ച് തൊലി വളം എങ്ങനെ ഉണ്ടാക്കാം

ഓറഞ്ച് തൊലി ചെറിയ കഷ്ണങ്ങളാക്കി ഒരു പാത്രത്തില്‍ വെള്ളമെടുത്ത് അതിലേക്ക് ഇടുക. തൊലികൾ മുങ്ങുന്ന പാകത്തിന് വെള്ളം വേണം. രണ്ട് മൂന്ന് ദിവസത്തിനുശേഷം ഈ തൊലികളെടുത്ത് ആ വെളളത്തിലേക്ക് തന്നെ പിഴിഞ്ഞെടുക്കുക. ഇത് മികച്ച ജൈവവളമാണ്. ചെടികളുടെ ഇലകളിലും ചുവട്ടിലും തണ്ടിലുമെല്ലാം നേരിട്ട് തളിച്ചു കൊടുക്കാം. ലായനിക്ക് കട്ടി കൂടുതലാണെങ്കില്‍ കുറച്ച് വെള്ളം ചേര്‍ത്ത് നേര്‍പ്പിക്കുന്നത് നല്ലതാണ്.


ഓറഞ്ച് തൊലി വെളളത്തിലിട്ട് വെക്കാൻ സമയമില്ലെങ്കിൽ കഷ്ണങ്ങളാക്കി അരിഞ്ഞ് വെള്ളത്തിലിട്ട ശേഷം 15 മിനിറ്റ് നേരത്തേക്ക് തിളപ്പിക്കുക. ഈ ലായനി തണുപ്പിച്ച് തൊലികള്‍ അതേ വെള്ളത്തിലേക്ക് പിഴിയുക. ഇത് വളമായി ഉപയോഗിക്കാം. ചെടികളുടെ ചുവട്ടിൽ ഒഴിച്ചുകൊടുക്കുന്നതും സ്പ്രേ ചെയ്യുന്നതും മികച്ച ഫലം തരും.


ഓറഞ്ചിന്റെ തൊലിയിൽ നിന്ന് നീര് പിഴിഞ്ഞെടുത്തശേഷമുള്ള തൊലി വളമാക്കാനാകും. ഇത് കമ്പോസ്റ്റ് നിർമാണത്തിലും അസംസ്കൃത വസ്തുവാക്കി ഉപയോഗിക്കാം. ഗ്രോബാഗിലും ചട്ടിയുലും നട്ട ചെടികൾക്കാണെങ്കിൽ അവയുടെ കുറച്ച് മണ്ണ് മാറ്റിയ ശേഷം അതിലേക്ക് ചണ്ടി ഇട്ടുകൊടുക്കുക.


ഓറഞ്ച് തൊലിയുടെ പൊടി ഗ്രോ ബാഗ് കൃഷിക്കാർക്ക് ഇണങ്ങുന്ന ജൈവവളമാണ്. ഓറഞ്ച് തൊലി രണ്ട് മൂന്ന് ദിവസം വെയിലത്ത് വച്ച് ഉണക്കി, മിക്സിയിലിട്ട് നന്നായി പൊടിച്ചെടുക്കുക. ഇത് ചെടിയുടെ ചുവട്ടില്‍ വളമാക്കി വിതറുക. ശേഷം കുറച്ച് മണ്ണ് മുകളിലിട്ട് കൊടുക്കണം. ഒച്ച്, വണ്ട് പോലുള്ള കീടങ്ങളെ തുരത്താൻ ഇത് നല്ലതാണ്. 

Tags:    
News Summary - orange peel fertiliser,

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.