ഹരിത സ്വർണമെന്നറിയപ്പെടുന്ന മുളയുടെ വിശേഷങ്ങൾ

കാലാവസ്ഥാ വ്യതിയാനവും വിലകുറവും കാർഷിക മേഖലയിൽ പ്രതിസന്ധി സൃഷ്ടിക്കുമ്പോൾ കർഷകർക്ക് പ്രതീക്ഷ നൽകുകയാണ് മുളകൃഷി. ചുരുങ്ങിയ ചിലവിലും മിതമായ പരിചരണത്താലും നല്ല ആദായം ലഭിക്കുന്ന ഒന്നാണ് ഹരിത സ്വർണ്ണം എന്നറിയപ്പെടുന്ന മുളയുടെ കൃഷി.പരിസ്ഥിതി സംരക്ഷണത്തിനും ജല സ്രോതസ്സുകളുടെ നിലനിൽപ്പിനും മാത്രമല്ല ഇന്ന് കർഷകർക്ക് നല്ലൊരു വരുമാന മാർഗ്ഗം കൂടിയാണിന്ന് മുള .

മുള സൗഹൃദ ജീവിതശൈലിയും സംസ്‌കാരവും വളര്‍ത്തിയെടുക്കുന്നതിന് പതിറ്റാണ്ടുകളായി ശ്രമം നടത്തിവരികയാണ് വയനാട് ജില്ലയിലെ തൃക്കൈപ്പറ്റ ഉറവ് നാടന്‍ ശാസ്ത്രസാങ്കേതിക പഠനകേന്ദ്രം. മുളകൊണ്ട് ജീവിതം നെയ്ത് ചേര്‍ക്കുന്നവരാണ് ഇന്ന് തൃക്കൈപ്പറ്റയിലെ ഗ്രാമവാസികള്‍. ഭൂമിശാസ്ത്രപരമായും ചരിത്രപരമായും ഒട്ടേറെ പ്രാധാന്യം തൃക്കൈപ്പറ്റയ്ക്കുണ്ടെങ്കിലും ഇന്ന് ഈ ഗ്രാമം ലോകപ്രശസ്തമാകുന്നത് ഉറവിന്റെയും മുളയുടെയും പേരിലാണ്. മുളയെപ്പറ്റി ആധികാരികമായി പഠിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കുള്ള ഉത്തമ പഠനകേന്ദ്രമാണ് ഉറവ്.

1996ലാണ് കല്‍പ്പറ്റയ്ക്കടുത്ത തൃക്കൈപ്പറ്റയില്‍ ഉറവ് പ്രവര്‍ത്തനമാരംഭിക്കുന്നത്. സുസ്ഥിരമായ പരിഹാരമാര്‍ഗങ്ങളിലൂടെ ഗ്രാമീണ ജനതയുടെ ശാക്തീകരണം എന്ന ലക്ഷ്യത്തോടെയായിരുന്നു ഇത് സ്ഥാപിതമായത്. അതിനുള്ള വിവിധങ്ങളായ പദ്ധതികള്‍ ആവിഷ്‌ക്കരിച്ച് നടപ്പാക്കിത്തുടങ്ങിയ കൂട്ടത്തിലാണ് സാന്ദര്‍ഭികമായി മുളത്തൈകള്‍ വച്ചുപിടിപ്പിക്കുന്നതും മുളകൊണ്ടുള്ള ഉത്പന്ന നിര്‍മ്മാണം ആരംഭിക്കുന്നതും. ഇവിടുത്തെ ഓരോ വീട്ടിലും ഇന്ന് എന്തെങ്കിലും ഒരു ഉത്പന്നമെങ്കിലും മുളയില്‍ നിന്ന് നിര്‍മ്മിക്കുന്നുണ്ട്. ആദ്യകാലഘട്ടങ്ങളില്‍ വെറും 20 രൂപയോ 30 രൂപയോ മാത്രം പ്രതിദിനം വരുമാനമുണ്ടായിരുന്ന കുടുംബങ്ങളില്‍ ഇന്ന് 175 രൂപ മുതല്‍ ആയിരം രൂപ വരെ വരുമാനമുണ്ടായിത്തുടങ്ങിയിരിക്കുന്നു.. പദ്ധതി ആരംഭിക്കുമ്പോള്‍ വെറും 8 കുടുംബങ്ങളായിരുന്നു ഉറവിനോടനുബന്ധിച്ച് ഉണ്ടായിരുന്നതെങ്കില്‍ ഇന്ന് ഗ്രാമവാസികളായ 100 കുടുംബങ്ങള്‍ ഇതില്‍ കണ്ണിചേര്‍ന്നിരിക്കുന്നു. കേരളത്തിലെ ഏക പൈതൃക മുളഗ്രാമമാണ് തൃക്കൈപ്പറ്റ.


മുളനേഴ്‌സറി, മുളത്തോട്ടം, ജീവിതോപാധി കണ്ടെത്തുന്നതിനുള്ള സഹായങ്ങള്‍, നിത്യജീവിതത്തില്‍ മുളയുടെ ഉപയോഗശീലം, മുളകൃഷിയിലും ഉത്പന്ന നിര്‍മ്മാണത്തിലും പരിശീലനം, ഗൃഹാന്തര്‍ഭാഗങ്ങളിലും മറ്റും മുളകൊണ്ടുള്ള അലങ്കാരങ്ങള്‍, മുളയും കലയും, വാദ്യോപകരണങ്ങളുടെയും ഗൃഹോപകരണങ്ങളുടെയും നിര്‍മ്മാണം, ഉത്തരവാദിത്വ ടൂറിസം തുടങ്ങി നിരവധി വൈവിധ്യമാര്‍ന്ന മേഖലകളായി ഇന്ന് ഉറവിന്റെ പ്രവര്‍ത്തനം വ്യാപിച്ചിരിക്കുന്നു. കൂടാതെ ഇവിടെ പരിശീലനത്തിനായും സന്ദര്‍ശനത്തിനായും എത്തുന്നവര്‍ക്കായി മുളകൊണ്ട് നിര്‍മ്മിച്ച കോമ്മണ്‍ ഫെസിലിറ്റേഷന്‍ സെന്റര്‍ ഏറെ ആകര്‍ഷണീയമാണ്.

വിവിധങ്ങളായ 600ല്‍പരം ഉല്‍പന്നങ്ങളും അത്രതന്നെ ഡിസൈനുകളും ഇന്ന് ഉറവില്‍ നിന്ന് മുളയുമായി ബന്ധപ്പെട്ടുണ്ട്. സാമ്പത്തികവും പാരിസ്ഥിതികവുമായ ഒരു സന്തുലിതാവസ്ഥ നിലനിര്‍ത്തുന്നതിന് മുള നിര്‍ണ്ണായക പങ്ക് വഹിക്കുന്നുണ്ടെന്ന് ഉറവിന് ഇപ്പോള്‍ നേതൃത്വം കൊടുക്കുന്ന ഡോ. എ.കെ. അബ്ദുള്ള പറഞ്ഞു. പരിസ്ഥിതി സംരക്ഷണം, സാമ്പത്തിക സുസ്ഥിരത എന്നിവയ്ക്ക് പ്രാധാന്യം നല്‍കിയുള്ള പദ്ധതികളും പ്രവര്‍ത്തനങ്ങളും മാത്രമേ ഉറവ് നടത്താറുള്ളൂ. ഇതിന്റെ ഭാഗമായി ഗ്രാമീണ മേഖലകളിലെ സ്ത്രീകള്‍ക്കും മറ്റുള്ളവര്‍ക്കും പരിശീലനവും ശില്‍പശാലകളും നടത്തിവരുന്നു. തൊഴില്‍ പരിശീലനം കൂടാതെ നൈപുണ്യവികസനം, കരകൗശല വൈഭവം തുടങ്ങിയവയ്ക്ക് പ്രാധാന്യം നല്‍കിവരുന്നു. വിവിധ സ്വാശ്രയ സംഘങ്ങളിലായി 200ലധികം കരകൗശല വിദഗ്ധര്‍ ഉത്പന്ന നിര്‍മ്മാണത്തില്‍ പങ്കുചേര്‍ന്നിട്ടുണ്ട്. ഐക്യരാഷ്ട്രസഭയുടെ UNIDO , നബാര്‍ഡ്, ഖാദി ആന്റ് വില്ലേജ് ഇന്‍ഡസ്ട്രീസ്, ബാംബൂ മിഷന്‍, എ.ഐ.സി.സി.എ., തുടങ്ങിയ വിവിധ ഏജന്‍സികളും സംസ്ഥാന സര്‍ക്കാരും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമെല്ലാം ഉറവിന്റെ പ്രവര്‍ത്തനങ്ങളുമായി കൈകോര്‍ക്കുന്നുണ്ട്.

വയനാട്ടിലെ ഒരു പ്രധാന വിനോദസഞ്ചാരകേന്ദ്രംകൂടിയാണ് ഇന്ന് ഉറവ്. രാജ്യത്തെ ആഭ്യന്തര വിനോദ സഞ്ചാരികളെ കൂടാതെ ലോകത്തിലെ ഒട്ടുമിക്ക രാജ്യങ്ങളില്‍ നിന്നുള്ള സഞ്ചാരികളും പതിവായി ഇവിടെ എത്തുന്നു. കൂടാതെ ഒട്ടേറെ അന്തര്‍ദ്ദേശീയ സര്‍വ്വകലാശാലകളുടെയും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും സാങ്കേതിക സ്ഥാപനങ്ങളുടെയും പ്രതിനിധികളും വിദ്യാര്‍ത്ഥികളും ഗവേഷകരും ആഴ്ചകളോളം ഇവിടെ താമസിച്ച് പഠനം നടത്തിവരാറുണ്ട്. സാമ്പത്തിക ലാഭം ലക്ഷ്യംവെക്കാതെയുള്ള പ്രവര്‍ത്തനമാണ് ഉറവിന്റേത്. എന്നാല്‍ പ്രവര്‍ത്തനത്തില്‍ പങ്കാളികളാകുന്നവര്‍ക്കെല്ലാം സ്ഥിരമായ സാമ്പത്തിക വരുമാനം ഉണ്ടാകണമെന്ന് അണിയറ പ്രവര്‍ത്തകര്‍ക്ക് നിര്‍ബന്ധമുണ്ട്. സ്ത്രീകളുടെയും സ്വാശ്രയ സംഘങ്ങളുടേയും നേതൃത്വത്തില്‍ നിര്‍മ്മിക്കുന്ന ഉത്പന്നങ്ങള്‍ വിപണനം ചെയ്യുന്നതിന് കല്‍പ്പറ്റ സിവില്‍ സ്റ്റേഷന് സമീപമായി ഒരു വിപണനകേന്ദ്രവും പ്രവര്‍ത്തിക്കുന്നുണ്ട്.

മുളയുടെ ശാസ്ത്രീയ കൃഷിരീതി, പരിപാലനം, വിവിധതരം മുളകള്‍, മുളയുത്പന്നങ്ങള്‍, മുളയരി, മുളംകൂമ്പ് തുടങ്ങിയവയില്‍ നിന്നുള്ള ഭക്ഷ്യോത്പന്നങ്ങള്‍, കരകൗശല വസ്തുക്കള്‍, ഗൃഹോപകരണങ്ങള്‍ തുടങ്ങിയവ നിര്‍മ്മിക്കുന്നതിനുള്ള പരിശീലനത്തിനും ധാരാളംപേര്‍ ഉറവില്‍ എത്താറുണ്ട്. അന്താരാഷ്ട്ര തലത്തിലുള്ള ഒട്ടേറെ ശില്‍പശാലകളിലും ദേശീയതലത്തിലുള്ള സെമിനാറുകളിലും ഉറവിന്റെ പ്രതിനിധികള്‍ പങ്കെടുത്ത് മുളയുടെ വ്യാപനത്തിനായി വിവിധ പ്രവര്‍ത്തനങ്ങള്‍ നടത്തിവരാറുണ്ട്. പ്രളയാനന്തരം മണ്ണൊലിപ്പ് തടയുന്നതിനും പ്രകൃതി ദുരന്തങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനും മുളവത്ക്കരണം നടത്തുന്നതിന് സര്‍ക്കാരുമായി ചേര്‍ന്ന് വിവിധ പദ്ധതികളും നടത്തിവരുന്നുണ്ട്. ഉരുള്‍പൊട്ടല്‍ ഉണ്ടായ സ്ഥലങ്ങളില്‍ മുള വച്ചുപിടിപ്പിക്കലല്ല, മണ്ണിടിച്ചിലും ഉരുള്‍പൊട്ടലും ഉണ്ടാകാനിടയുള്ള സ്ഥലങ്ങളില്‍ മുള വച്ചുപിടിപ്പിക്കലാണ് പ്രായോഗിക നടപടിയെന്നും പുഴയോരങ്ങളും തോടിന്റെ അരികുകളും മറ്റും ജൈവവേലി നിര്‍മ്മിക്കുന്നതിനും മുള ഏറെ ഗുണപ്രദമാണെന്നും ഡോക്ടര്‍ എ.കെ. അബ്ദുള്ള പറഞ്ഞു.


സംസ്ഥാന സർക്കാർ ഇപ്പോൾ മുളകൃഷിക്ക് വലിയ പ്രധാന്യം നൽകുന്നുണ്ട്. തൈ വില മാത്രമല്ലാതെ മറ്റ് പ്രധാന ചിലവുകൾ ഒന്നുമില്ലാതെ ഒരേക്കറിൽ നിന്ന് ഒരു ലക്ഷം രൂപ വരെ വരുമാനം ലഭിക്കും. കാര്‍ബണ്‍ സന്തുലിത ജില്ല എന്ന പദവിയിലേക്ക് ഉയരുന്ന വയനാടിന് പരിസ്ഥിതി മലിനീകരണം തടയുന്നതിലും ശുദ്ധവായു നിലനിര്‍ത്തുന്നതിലും ഹരിത സ്വർണ്ണം എന്നറിയപ്പെടുന്ന മുളയ്ക്ക് വലിയ പങ്കുവഹിക്കാനുണ്ട്. ഈയൊരു പ്രാധാന്യം കണക്കിലെടുത്ത് വിവിധ ഗ്രാമപഞ്ചായത്തുകളും ഇപ്പോള്‍ മുളവത്ക്കരണത്തിനുള്ള നടപടികള്‍ ആരംഭിച്ചുകഴിഞ്ഞു. പരിശീലനം ആവശ്യപ്പെടുന്നവര്‍ക്ക് വിദഗ്ധ പരിശീലനം നല്‍കുന്നതിനായി ഒരു റിസോഴ്‌സ് ടീമും ഉറവില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

വിശദവിവരങ്ങള്‍ക്ക് : ഡോ എ.കെ. അബ്ദുള്ള (7902793203), ശിവരാജ് (9495388764

Tags:    
News Summary - green gold- Bamboo

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.