നഴ്സറിയിൽ പോകണ്ട, കുറ്റിക്കുരുമുളക് തൈ എളുപ്പത്തിൽ വീട്ടിലുണ്ടാക്കാം

ഓരോ വീട്ടിലും അത്യാവശ്യം ഉണ്ടായിരിക്കേണ്ട ചെടിയാണ് കുരുമുളക്. എന്നാൽ സ്ഥലപരിമിതിയാണ് നമ്മെ കുരുമുളക് ചെടി വളർത്തുന്നതിൽ നിന്ന് തടയുന്നത്. ഇതിനുള്ള പരിഹാരാമാണ് കുറ്റിക്കുരുമുളക്. വള്ളിക്കുരുമുളക് കായ്ക്കാൻ 3, 4 വർഷമെടുക്കുമ്പോൾ കുറ്റിക്കുരുമുളക് ആറാം മാസം വിളവ് തരുന്നു. വർഷം മുഴുവനും കുരുമുളക് ലഭിക്കും എന്നതാണ് കുറ്റിക്കുരുമുളകിന്‍റെ പ്രത്യേകത. നഴ്സറിയിൽ വലുപ്പത്തിനനുസരിച്ച് 100 രൂപ മുതൽ വിലവരുന്ന തൈകൾ ഒരു ചെലവുമില്ലാതെ വീട്ടിൽ ഉണ്ടാക്കിയെടുക്കാം.

സ്ഥലപരിമിതിയുള്ളവർക്കും കുറ്റിക്കുരുമുളക് എളുപ്പത്തിൽ വളർത്തിയെടുക്കാൻ കഴിയും. മാത്രമല്ല, വള്ളിക്കുരുമുളക് പോലെ മരത്തിന് മുകളിലേക്ക് കയറിപ്പോകാത്തതിനാൽ പറിച്ചെടുക്കാനും എളുപ്പമാണ്.

മികച്ച വിളവ് ലഭിക്കുന്ന മാതൃസസ്യത്തിൽനിന്നുള്ള ശാഖകളാണ് കുറ്റിക്കുരുമുളക് തയാറാക്കാൻ വേണ്ടത്. കുരുമുളകുചെടിയുടെ പടർന്നു കയറുന്ന ഭാഗ(കേറു തല)മല്ല വേണ്ടത്. കേറുതലയിൽനിന്നു പാർശ്വങ്ങളിലേക്കു വളരുന്ന ശാഖയാണ് (കണ്ണിത്തല) കുറ്റിക്കുരുമുളക് തയ്യാറാക്കാൻ വേണ്ടി എടുക്കേണ്ടത്. മുറിക്കുമ്പോൾ മൂന്ന് മുട്ട് താഴെ വച്ച് മുറിക്കണം. രണ്ട് മുട്ട് മണ്ണിനടിയിൽ വരത്തക്കവണ്ണം എടുക്കുക.

വേര് എളുപ്പം പിടിക്കാൻ സഹായിക്കുന്ന റൂട്ടിങ് ഹോർമോൺ‌ ഉപയോഗിക്കാം. വിപണിയിൽ ലഭിക്കുന്ന മിശ്രിതം കീഴ്ഭാഗത്ത് തേച്ചുകൊടുക്കാം. അല്ലെങ്കിൽ തേനു ചിരട്ടക്കരിയും ചേർത്ത് തയാറാക്കുന്ന മിശ്രിതം പുരട്ടി നടുന്നതും വേര് പെട്ടെന്ന് പിടിക്കാൻ സഹായിക്കും.


മണ്ണും മണലും ചാണകപ്പൊടിയും സമം ചേർത്ത് നടീൽ മിശ്രിതം തയാറാക്കി അത് ചെറിയ കവറിൽ നിറയ്ക്കുക. സുതാര്യമായ കവറുകളിൽ നടുകയാണെങ്കിൽ ചെടിയുടെ വേരുവളർച്ച കാണാൻ സാധിക്കും. മണ്ണിനടിയിൽ പോകുന്ന രണ്ട് മുട്ടിലും പുരട്ടി നടുക. തണലിൽ വയ്ക്കുക. മണ്ണ് നനയാൻ വേണ്ടി മാത്രം വെള്ളം ഒഴിക്കുക.

വേരുപിടിച്ച കുറ്റിക്കുമുളകുചെടിക്ക് 15 ഗ്രാം കടലപ്പിണ്ണാക്കും 30 ഗ്രാം വേപ്പിൻപിണ്ണാക്കും രണ്ടാഴ്ച ഇടവേളയിൽ വളമായി നൽകാം. ഒരു മാസം കൊണ്ടേ വേരുകൾ വരൂ. മൂന്നു മാസമാകുമ്പോൾ ഇലകൾ നിറയും അപ്പോൾ വലിയ ചട്ടിയിലോ ഗ്രോബാഗിലോ മാറ്റി നടാം. ആറു മാസമാകുമ്പോൾ മുളകു പിടിച്ചു തുടങ്ങും.

മൂന്നു വർഷം പ്രായമെത്തിയ ഒരു കുറ്റിക്കുരുമുളകുചെടിയിൽനിന്ന് ഒരു കിലോഗ്രാം പച്ചക്കുരുമുളക് ലഭിക്കും. നന്നായി പരിചരിച്ചാൽ 15 വർഷംവരെ ഇത്തരം ചെറിയ കുരുമുളക് ചെടികളിൽനിന്ന് വിളവെടുക്കാം.

കുറ്റിക്കുരുമുളക് നടുന്ന രീതികൾ ഉൾക്കൊള്ളിച്ച് കേരള കാർഷിക സർവകലാശാല തയാറാക്കിയ വിഡിയോ കാണാം.

Full View


Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.