ഭാരം കുറയാൻ ബബ്ലൂസ് നാരങ്ങ കഴിക്കാം

മാതോളി നാരങ്ങ, അല്ലി നാരങ്ങ, കമ്പിളി നാരങ്ങ എന്നീ പേരുകളിലെല്ലാം അറിയപ്പെടുന്ന ബബ്ലൂസിനെ നാരങ്ങയുടെ കുടുംബത്തിലെ ഏറ്റവും ഭീമനെന്ന് വിളിക്കാം. കേരളത്തിലെ മണ്ണും കാലാവസ്ഥയും ബബ്ലൂസിന് വളരെ അനുയോജ്യമാണ്. അൽപം പുളിയും മധുരവും നിറഞ്ഞതാണ് സ്വാദ്.

നാട്ടിൻപുറങ്ങളിൽ ഇപ്പോഴും പനിക്കും ജലദോഷത്തിനുമുള്ള ഉത്തമ ഉപായമാണ് കമ്പിളി നാരങ്ങ. ഡെങ്കിപ്പനി പോലുള്ള അൽപം മാരക അസുഖങ്ങൾക്കും ഈ ഫലം പ്രതിവിധിയാണ്. പനിക്ക് ശേഷമുള്ള ശരീരവേദന മാറ്റുന്നതിനും രക്തത്തിലെ പ്ലേറ്റ്‌ലെറ്റിന്‍റെ അളവ് വർധിപ്പിക്കുന്നതിനും കമ്പിളി നാരങ്ങയ്‌ക്ക് ശേഷിയുണ്ട്.



മൂത്രാശയ സംബന്ധമായ രോഗങ്ങൾക്കും മലബന്ധം ഒഴിവാക്കാനും കമ്പിളി നാരങ്ങ ഉപയോഗിക്കുന്നു. കൂടാതെ, ഉറച്ച ആരോഗ്യമുള്ള പല്ലുകൾക്ക് ഇത് ഉത്തമം. ശരീരഭാരം കുറയ്‌ക്കാനും ബബ്ലൂസ് നാരങ്ങ ഉപയോഗിക്കാറുണ്ട്. വൈറ്റമിനുകളും ആന്‍റിഓക്‌സിഡന്‍റും അടങ്ങിയിട്ടുള്ള കമ്പിളി നാരങ്ങ ഹൃദയസംബന്ധമായ രോഗങ്ങൾക്കും കാൻസറിനും പ്രതിവിധിയായി കണക്കാക്കുന്നു.

ശരീരത്തിലെ കൊഴുപ്പ് നീക്കാൻ സഹായിക്കുന്ന ഭക്ഷണ പദാർഥം കൂടിയാണ് ബബ്ലൂസ് നാരങ്ങ. അതിനാൽ ഭാരം കുറക്കാനും ബബ്ലൂസ് നാരങ്ങ കഴിക്കാറുണ്ട്.

കമ്പിളി നാരങ്ങയുടെ കൃഷിരീതി

വാഴ, തെങ്ങ്, കവുങ്ങ് തുടങ്ങിയ ഫലങ്ങൾ ഇടവിള കൃഷി ചെയ്യാമെന്നത് കമ്പിളി നാരങ്ങയുടെ മികച്ച ഗുണമാണ്. മണ്ണിന്‍റെ പിഎച്ച് മൂല്യം 5.5നും 6.5നും ഇടയിലായിരിക്കണം. വർഷത്തിൽ 150- 180 സെ.മീ മഴ ലഭിക്കുന്നതും, 25- 32 ഡിഗ്രി സെൽഷ്യസ് താപനിലയുള്ളതുമായ പ്രദേശങ്ങളാണ് ഈ ഫലവർഗ്ഗത്തിന് അനുയോജ്യം.


വിത്ത് പാകി കമ്പിളി നാരങ്ങ തൈകൾ ഉൽപാദിപ്പിക്കാം. ചാണകം, കമ്പോസ്‌റ്റ് തുടങ്ങിയ ജൈവവളവും എൻപികെ മിശ്രിതം പോലുള്ള രാസവളങ്ങളും നൽകാവുന്നതാണ്. വേനൽക്കാലത്ത് ഇവയെ കൃത്യമായി നനക്കണം.

പഴുത്ത് വിളഞ്ഞ ഫലം ഭക്ഷ്യയോഗ്യമാണ്. കൂടാതെ, കമ്പിളി നാരങ്ങ അച്ചാർ, ജ്യൂസ് എന്നിവയും വ്യാപകമായി പരീക്ഷിച്ചുവരുന്നു. ജെല്ലി ഉണ്ടാക്കാനും മധുരപലഹാരങ്ങൾക്കും കമ്പിളി നാരങ്ങ ഫലപ്രദമായ പഴമാണ്.

Tags:    
News Summary - Bablus lemon

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.