കിയവ്: റഷ്യ യുക്രെയ്നിൽ അതിമാരകമായ വാക്വം ബോംബ് പ്രയോഗിച്ചതായി ആരോപണം. യു.എസിലെ യുക്രെയ്ൻ അംബാസഡർ ഒക്സാന മർകറോവയാണ് യു.എസ് കോണ്‍ഗ്രസ് അംഗങ്ങളോട് സഹായാഭ്യര്‍ഥന നടത്തവേ റഷ്യ വാക്വം ബോംബ് പ്രയോഗിച്ചതായി ചൂണ്ടിക്കാട്ടിയത്.
'ഇന്നവര്‍ വാക്വം ബോംബ് ഉപയോഗിച്ചു. റഷ്യ യുക്രെയ്നില്‍ വരുത്താന്‍ ശ്രമിക്കുന്ന നാശം വളരെ വലുതാണ്,' എന്നായിരുന്നു മര്‍ക്കറോവയുടെ പരാമര്‍ശം. എന്നാല്‍ ഈ ആരോപണത്തില്‍ പ്രതികരിക്കാന്‍ വാഷിംഗ്ടണ്ണിലെ റഷ്യന്‍ എംബസി തയാറായിട്ടില്ല. യുക്രെയ്ന്‍ അതിര്‍ത്തിക്ക് സമീപം റഷ്യന്‍ തെര്‍മോബാറിക് മള്‍ട്ടിപ്പിള്‍ റോക്കറ്റ് ലോഞ്ചര്‍ കണ്ടെത്തിയതായി സി.എന്‍.എന്‍ നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണമായിട്ടില്ലെന്നാണ് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി ജെന്‍ സാകി വ്യക്തമാക്കുന്നത്.
യുക്രെയ്നില്‍ റഷ്യൻ സൈന്യം നിരോധിക്കപ്പെട്ട ക്ലസ്റ്റര്‍ യുദ്ധോപകരണങ്ങള്‍ വ്യാപകമായി ഉപയോഗിച്ചതായി ആംനസ്റ്റി ഇന്റർനാഷണലും ഹ്യൂമൻ റൈറ്റ്‌സ് വാച്ചും റിപ്പോര്‍ട്ട് ചെയ്തിരുന്നു. വാക്വം ബോംബ് പോലെയുള്ള ക്ലസ്റ്റര്‍ യുദ്ധോപകരണങ്ങള്‍ ഉപയോഗിക്കുന്നത് ഇന്റര്‍നാഷണല്‍ ഹ്യുമാനിട്ടേറിയന്‍ നിയമത്തിന്‍റെ ലംഘനമാണെന്നും സാധാരണക്കാരെ കൊല്ലുകയോ പരിക്കേല്‍പ്പിക്കുകയോ ചെയ്യുന്നത് യുദ്ധക്കുറ്റമാണെന്നും ആംനസ്റ്റി ഇന്റര്‍നാഷണല്‍ അപലപിച്ചു.
വാക്വം ബോംബുകള്‍ അഥവ തെർമോബാറിക് ബോംബുകൾ ഇതുവരെ കണ്ടുപിടിച്ചിട്ടുള്ളതിൽ വെച്ച് ഏറ്റവും ഭീകരമായ ആണവേതര ആയുധമാണ്. ഉയർന്ന സ്ഫോടനശേഷിയുള്ള ഈ ബോംബ് ചുറ്റുമുള്ള അന്തരീക്ഷത്തെക്കൂടി സ്ഫോടനത്തിന്റെ ഭാഗമാക്കും.
ചുറ്റുമുള്ള വായുവില്‍ നിന്ന് ഓക്‌സിജന്‍ വലിച്ചെടുത്ത് ഉയര്‍ന്ന ഊഷ്മാവിലാകും സ്‌ഫോടനം സൃഷ്ടിക്കുക. ഇതിലൂടെ സാധാരണ സ്‌ഫോടനാത്മകതയേക്കാള്‍ ദൈര്‍ഘ്യമുള്ള ഒരു സ്‌ഫോടന തരംഗം ഉണ്ടാവുകയും സ്‌ഫോടന പരിധിയിലുള്ള മനുഷ്യശരീരങ്ങളെ ബാഷ്പീകരിക്കുകയും ചെയ്യുന്നു. 1960കളില്‍ വിയറ്റ്നാം യുദ്ധകാലഘട്ടത്തിലാണ് അമേരിക്ക ആദ്യമായി തെർമൊബാറിക് ബോംബുകൾ വികസിപ്പിക്കുന്നത്. തുടര്‍ന്ന് സോവിയറ്റ് യൂണിയനും ഇത്തരം ബോംബുകള്‍ വികസിപ്പിച്ചെടുത്തു. സിറിയൻ ആഭ്യന്തരയുദ്ധകാലത്ത് റഷ്യ തെർമോബാറിക് ബോംബുകൾ ഉപയോഗിച്ചിരുന്നു.
അതിനിടെ, യുക്രെയ്ൻ തലസ്ഥാനമായ കിയവിനെ ലക്ഷ്യമിട്ട് 40 മൈലോളം നീളത്തിൽ നീങ്ങുന്ന റഷ്യൻ സേനാവ്യൂഹത്തിന്‍റെ ഉപഗ്രഹ ചിത്രങ്ങൾ പുറത്തുവന്നു. യു.എസ് സാറ്റലൈറ്റ് ഇമേജിങ് സ്ഥാപനമായ മാക്സാർ ടെക്നോളജീസാണ് ചിത്രങ്ങൾ പുറത്തുവിട്ടത്. നൂറുകണക്കിന് പടക്കോപ്പുകളും വാഹനങ്ങളും ടാങ്കുകളും കിയവിനെ ലക്ഷ്യമിട്ട് നീങ്ങുകയാണെന്ന് ചിത്രങ്ങൾ വ്യക്തമാക്കുന്നു. ബെലറൂസിന്‍റെ യുക്രെയ്ൻ അതിർത്തിയോട് ചേർന്ന് തയാറായി നിൽക്കുന്ന ഹെലികോപ്ടറുകളുടെയും സൈനികരുടെയും ദൃശ്യങ്ങളും ഇവർ പുറത്തുവിട്ടിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.