ലാസ് വെഗാസ്: 64ാമത് ഗ്രാമി പുരസ്കാരം പ്രഖ്യാപിച്ചു. ബ്രൂണോ മാഴ്സ് നേതൃത്വം നൽകിയ സിൽക്ക് സോണിക്കിന്റെ 'ലീവ് ദ ഡോർ ഓപൺ' എന്ന ഗാനം സോങ് ഓഫ് ദി ഇയർ, റെക്കോഡ് ഓഫ് ദി ഇയർ പുരസ്കാരങ്ങൾ നേടി. ബ്രൂണോ മാഴ്സ്, ബ്രാൻഡൻ ആൻഡേഴ്സൺ, ക്രിസ്റ്റഫർ ബ്രോഡി ബ്രൗൺ, ഡെർണസ്റ്റ് എമിലി II എന്നിവരുടെ സംയുക്ത സംരംഭം മികച്ച റിഥം ആൻഡ് ബ്ലൂസ് ഗാനം, പ്രകടനം എന്നീ അവാർഡുകളും നേടി.
കൂടുതൽ നോമിനേഷൻ നേടിയ ജോൺ ബാറ്റിസ്റ്റേയുടെ 'വീ ആർ' ആൽബം ഓഫ് ദി ഇയർ പുരസ്കാരം നേടി. പോപ് താരം ഒലിവിയ റോഡ്രിഗോ മികച്ച നവാഗത കലാകാരിക്കും മികച്ച സോളോ പ്രകടനത്തിനുമുള്ള പുരസ്കാരം നേടി. മികച്ച മെലോഡിക് റാപ് പെർഫോമൻസ് വിഭാഗത്തിലെ വിജയി കന്യെ വെസ്റ്റാണ്.
മികച്ച പോപ് ഡുവോ, സംഘപ്രകടന വിഭാഗത്തിൽ കിസ് മി മോറിലൂടെ ഡോജ കാറ്റും എസ്.സി.എയും പുരസ്കാരാർഹരായി. മികച്ച റോക്ക് പ്രകടനം, മികച്ച റോക്ക് ആൽബം, മികച്ച റോക്ക് ഗാനം എന്നീ പുരസ്കാരങ്ങൾ റോക്ക് ബാൻഡ് ഫൂഫൈറ്റേഴ്സ് നേടി.
മികച്ച ആർ ആൻഡ് ബി ആൽബം ജാസ്മിൻ സള്ളിവന്റെ ഹോക്സ് ടേൽസ് ആണ്. മികച്ച ട്രഡീഷനൽ പോപ് വോക്കൽ ആൽബം ലവ് ഫോർ സെയ്ലാണ്- ടോണി ബെന്നറ്റും ലേഗി ഗാഗയും പുരസ്കാരം സ്വന്തമാക്കി. ബെസ്റ്റ് ഡാൻസ്, ഇലക്ട്രോണിക് റെക്കോഡിങ് വിഭാഗത്തിൽ അലൈവിനാണ് പുരസ്കാരം. ഇലക്ട്രോണിക് മ്യൂസിക് വിഭാഗത്തിൽ ബ്ലാക്ക് കോഫിക്കും ബെസ്റ്റ് മെറ്റൽ പെർഫോമൻസ് വിഭാഗത്തിൽ 'ദി ഏലിയനിനും പുരസ്കാരം ലഭിച്ചു. മികച്ച റാപ് പെർഫോമൻസ് അവാർഡ് കെൻഡ്രിക് ലമാറിനാണ്. തുടർച്ചയായി രണ്ടാം വർഷവും അട്രെവർ നോഹായിരുന്നു അവതാരകൻ. ജനുവരിയിൽ നടത്താനിരുന്ന ഗ്രാമി പുരസ്കാര വിതരണം ഒമിക്രോൺ ഭീതിയിൽ മാറ്റിവെക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.