നെതന്യാഹുവിനെ വീഴ്ത്താൻ വൻ നീക്കവുമായി പ്രതിപക്ഷ കക്ഷികൾ; സർക്കാർ രൂപവത്കരണ ചർച്ചകൾ പുരോഗമിക്കുന്നു

ജറൂസലം: ഇസ്രായേലിൽ പുതിയ സർക്കാർ രൂപവത്കരണ നീക്കങ്ങൾ ശക്തമാക്കി പ്രതിപക്ഷ കക്ഷികൾ. പ്രതിപക്ഷ ബ്ലോക്കിന്റെ നേതൃത്വത്തിലുള്ള സർക്കാർ രൂപവത്കരണത്തിന്റെ ഭാഗമായി യശാർ പാർട്ടി തലവൻ ഗഡി ഐസൻകോട്ടും യെസ്റെയ്ൽ ബെയ്തേനു പാർട്ടി മേധാവി അവിഗ്ഡോർ ലിബെർമാനും തിങ്കളാഴ്ച നടത്തിയ കൂടിക്കാഴ്ചയിൽ നിർണായക തീരുമാനങ്ങളായി. അടുത്ത നെസെറ്റ് (പാർലമെന്റ്) സ്പീക്കർ പദവി ഐസൻകോട്ടിന്റെ പാർട്ടിയിൽ നിന്നുതന്നെയുള്ള ഒരാൾക്ക് നൽകണമെന്നും, അൾട്രാ-ഓർത്തഡോക്സ് (ഹറേദി) പാർട്ടികളെ പ്രതിപക്ഷ സഖ്യത്തിലേക്ക് കൊണ്ടുവരാൻ ഔദ്യോഗികമായി ശ്രമം ആരംഭിക്കണമെന്നും ഇരുവരും യോഗത്തിൽ ധാരണയിലെത്തി.

48 അംഗങ്ങളുടെ പിന്തുണ മാത്രമുള്ള പ്രതിപക്ഷ ബ്ലോക്കിന് 61 സീറ്റുകളുടെ കേവല ഭൂരിപക്ഷമില്ല. ഈ സാഹചര്യത്തിൽ നിലവിലെ സ്പീക്കറായ അമീർ ഒഹാനയെ മാറ്റി പകരം പ്രതിപക്ഷത്തുനിന്ന് ഒരാളെ സ്പീക്കറാക്കാനാണ് നീക്കം. ഇത് വഴി സഭയിൽ പുതിയ ബില്ലുകൾ അവതരിപ്പിക്കാൻ പ്രതിപക്ഷത്തിന് സാധിക്കും. അതേസമയം, സഖ്യത്തിലേക്ക് കൂടുതൽ പാർട്ടികളെ ആകർഷിക്കാനുള്ള ശ്രമങ്ങളും പുരോഗമിക്കുകയാണ്.

ഐസൻകോട്ടിന്റെ ബ്ലോക്ക് സാർവത്രിക സൈനിക സേവനമെന്ന അജണ്ടയുമായാണ് തെരഞ്ഞെടുപ്പിനെ നേരിട്ടത്. ഇത് ഹറേദി പാർട്ടികൾ കനത്ത രീതിയിൽ എതിർക്കുന്നതുമാണ്. എന്നാൽ, യുണൈറ്റഡ് തോറ ജൂതയിസം പാർട്ടി, പ്രധാമന്ത്രി ബിന്യമിൻ നെതന്യാഹു തങ്ങൾക്ക് യേശിവ വിദ്യാർഥികൾക്ക് സൈനിക സേവനത്തിൽ ഇളവ് നൽകുന്ന ബിൽ പാസാക്കി നൽകാത്തതിൽ കടുത്ത നിരാശയിലാണ്. അതിനാൽ തന്നെ നെതന്യാഹുവിനെ അവർ വീണ്ടും പിന്തുണക്കാൻ തയ്യാറായില്ല. എന്നാൽ ഷാസ് പാർട്ടി ഇതുവരെ നെതന്യാഹുവിന്റെ ക്യാമ്പിൽ തന്നെ തുടരുകയാണ്.

ഹ​രേദി പാർട്ടികളുടെ പിന്തുണ ഉറപ്പാക്കുന്നതിനായി ഐഡിഎഫ് സൈനിക സേവന ബില്ലിന്റെ കൂടുതൽ ലളിതമായ ഒരു രൂപം തയ്യാറാക്കാനും ഐസൻകോട്ടും ലിബെർമാനും അനുമതി നൽകിയതായി റിപ്പോർട്ടുകളുണ്ട്. അറബ് പാർട്ടികളുടെ പിന്തുണയോടെയുള്ള സർക്കാർ അസ്ഥിരമായിരിക്കുമെന്നും, ഹറേദി പാർട്ടികളെ ഒപ്പം കൂട്ടിയാൽ നാല് വർഷം പൂർത്തിയാക്കാൻ സാധിക്കുന്ന ശക്തമായ സർക്കാർ ഉണ്ടാക്കാമെന്നും ലിബെർമാൻ ഐസൻകോട്ടിനെ ബോധ്യപ്പെടുത്തി.

റിപ്പോർട്ട് അനുസരിച്ച്, ഐസൻകോട്ട് താൽക്കാലികമായി സ്പീക്കർ പദവിയിലിരുന്ന് സർക്കാർ രൂപവത്കരണത്തിനുള്ള ചർച്ചകൾക്ക് നേതൃത്വം നൽകാനാണ് സാധ്യത. ബെയാചദ് ചെയർമാൻ നഫ്തലി ബെന്നറ്റ്, ഡെമോക്രാറ്റ്സ് മേധാവി യായർ ഗോളൻ തുടങ്ങിയ മറ്റ് സഖ്യകക്ഷി നേതാക്കളുമായി കൂടിയാലോചിച്ച ശേഷം ഇക്കാര്യത്തിൽ അന്തിമ പ്രഖ്യാപനമുണ്ടാകും.

മറുവശത്ത്, പ്രതിപക്ഷ നീക്കങ്ങളെ തടയാൻ നെതന്യാഹു തീവ്രശ്രമങ്ങൾ നടത്തുന്നുണ്ട്. ഹറേദി പുരോഹിതരായ റബ്ബി ഡോവ് ലാൻഡോ, മോശ ഹില്ലെൽ ഹിർഷ് എന്നിവരെ സ്വാധീനിച്ച് ഐസൻകോട്ട് സർക്കാരിനെതിരെ വോട്ട് ചെയ്യിക്കാൻ നെതന്യാഹു ശ്രമിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു. പുതിയ തെരഞ്ഞെടുപ്പിലേക്ക് നയിക്കുകയാണ് നെതന്യാഹുവിന്റെ ലക്ഷ്യമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്. ചൊവ്വാഴ്ച നെസെറ്റ് സമ്മേളനം ആരംഭിക്കുന്നതോടെ രാജ്യത്തെ രാഷ്ട്രീയ നാടകങ്ങൾ കൂടുതൽ മൂർച്ഛിക്കുമെന്നാണ് കരുതപ്പെടുന്നത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.