ലോക ചരിത്രത്തിലെ ഏറ്റവും ചെലവേറിയ വിവാഹമോചനത്തിന് അരങ്ങൊരുങ്ങുന്നോ? ചർച്ചയായി എൻവിഡിയ സിഇഒയുടെ വിവാഹമോചന വാർത്തകൾ
എൻവിഡിയയുടെ സ്ഥാപകനും സിഇഒയുമായ ജെൻസൻ ഹുവാങും ചൈനീസ് ചാരവനിതയുമായുള്ള ബന്ധം വൻ വിവാദങ്ങൾ സൃഷ്ടിച്ചിരിക്കുകയാണ്. താൻ ഭാര്യയോട് നീതി പുലർത്തിയിട്ടില്ലെന്നും അവിഹിത ബന്ധമുണ്ടായിരുന്നെന്നും അദ്ദേഹം പരസ്യമായി സമ്മതിച്ചിരുന്നു. ഇതിനെ തുടർന്ന് നിരവധി സാങ്കേതിക, രാഷ്ട്രീയ ചർച്ചകൾ പുരോഗമിക്കുകയാണ്. ഇപ്പോൾ ചർച്ചയാകുന്നത് ജെൻസൻ ഹുവാങിൻെയും ഭാര്യയുടെയും വിവാഹമോചനത്തെ കുറിച്ചുള്ള വാർത്തകളാണ്. ഇത് ചരിത്രത്തിലെ തന്നെ ഏറ്റവും ചെലവേറിയ വിവാഹമോചനത്തിന് വഴിവെച്ചേക്കുമെന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്.
കാലിഫോർണിയയിലെ നിയമപ്രകാരം, ഭാര്യ ലോരി ഹുവാങ് വിവാഹമോചനം നേടിയാൽ 80 ബില്യൺ ഡോളറിലധികം നഷ്ടപരിഹാരം ലഭിച്ചേക്കാമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തൽ. നവംബർ 8നാണ് തനിക്ക് പങ്കാളിയോട് വഞ്ചന കാണിക്കേണ്ടി വന്നിട്ടുണ്ടെന്ന് ജെൻസൻ ഹുവാങ് എൻവിഡിയ ജീവനക്കാർക്ക് അയച്ച ഇമെയിലിലൂടെ വ്യക്തമാക്കിയത്. കുടുംബത്തിനും സഹപ്രവർത്തകർക്കും താൻ കാരണം വേദനയുണ്ടായെന്നും ഇതിന് യാതൊരു ന്യായീകരണവുമില്ലെന്നും അദ്ദേഹം പറഞ്ഞു.
ജെൻസൻ ഹുവാങ്ങിന് ഏകദേശം 155 ബില്യൺ ഡോളറിന്റെ ആസ്തിയുള്ളതായാണ് കണക്കാക്കുന്നത്. ലോകത്തെ ഏറ്റവും ധനികരായ വ്യക്തികളുടെ പട്ടികയിലുള്ള ഇദ്ദേഹത്തിന് ഭാര്യ ലോരി ഹുവാങ്ങുമായി 41 വർഷത്തെ ദാമ്പത്യബന്ധമാണുള്ളത്. ഒറിഗൺ സർവ്വകലാശാലയിൽ വിദ്യാർത്ഥികളായിരിക്കെ 1985-ലാണ് ഇവർ വിവാഹിതരായത്. ഇതിന്റെ എട്ടാം വർഷമാണ് ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കൾക്കൊപ്പം ഹുവാങ് എൻവിഡിയ സ്ഥാപിക്കുന്നത്.
കാലിഫോർണിയയിലെ കമ്മ്യൂണിറ്റി പ്രോപ്പർട്ടി നിയമപ്രകാരം, വിവാഹജീവിത കാലയളവിൽ സമ്പാദിക്കുന്ന സ്വത്തുക്കൾക്ക് ദമ്പതികൾക്ക് തുല്യ അവകാശമുണ്ട്. ദമ്പതികൾക്കിടയിൽ പ്രീനപ്യൂഷ്യൽ കരാർ ഒന്നും ഇല്ലെങ്കിൽ, നിലവിലുള്ള ആസ്തിയുടെ പകുതി ഓഹരി ഭാര്യക്ക് ലഭിക്കാൻ അർഹതയുണ്ട്. ഈ നിയമപരമായ സാധ്യതയാണ് 80 ബില്യൺ ഡോളർ വരെയെത്താവുന്ന കൂറ്റൻ സെറ്റിൽമെന്റ് ചർച്ചകൾക്ക് കാരണം. എന്നാൽ ലോരി ഹുവാങ് ഇതുവരെ വിവാഹമോചനം ആവശ്യപ്പെട്ടിട്ടില്ല എന്നത് ശ്രദ്ധേയമാണ്.
ഇതുവരെ ആമസോൺ സ്ഥാപകൻ ജെഫ് ബെസോസും ഭാര്യയും തമ്മിലുള്ള വിവാഹമോചന വേളയിൽ നൽകിയ 38.3 ബില്യൺ ഡോളറാണ് ഏറ്റവും വലിയ തുകയായി കണക്കാക്കപ്പെടുന്നത്. ജെൻസൻ ഹുവാങ്ങിന്റെ കാര്യത്തിൽ ഈ തുക ഇരട്ടിയിലധികമായി ഉയരാൻ സാധ്യതയുണ്ടെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. കമ്പനിയുടെ ഭാവിയെയും ഓഹരി വിപണിയെയും ഒരുപോലെ ബാധിക്കുന്ന നിർണായകമായ ഘട്ടത്തിലൂടെയാണ് നിലവിൽ എൻവിഡിയ കടന്നുപോകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.