പാരിസ്: ചൈനയിൽനിന്ന് തുടങ്ങി ലോകമെമ്പാടും ഭീതിവിതച്ച കോവിഡ്-19 വൈറസ് ബാധിച്ച് ഫ്രാൻസിൽ ഒരു മരണം. കോവിഡ് ബാധിച്ച് ഫ്രഞ്ച് പൗരൻ മരിക്കുന്ന ആദ്യ സംഭവമാണിതെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. ചൊവ്വാഴ്ച വൈകീട്ട് ഗുരുതരാവസ്ഥയിൽ ആശുപത്രിയി ലെത്തിച്ചയാളാണ് മരിച്ചതെന്ന് ആരോഗ്യ മന്ത്രാലയം ഉപമേധാവി ജെറോം സോളമൻ പറഞ്ഞു. ഫെബ്രുവരി മധ്യത്തിൽ രോഗം ബാധിച്ച 80കാരനായ ചൈനീസ് വിനോദസഞ്ചാരി ഫ്രാൻസിൽ മരിച്ചിരുന്നു.
ഇറ്റലി, ഇറാൻ, കൊറിയ സന്ദർശനം: മുന്നറിയിപ്പുമായി റഷ്യ
മോസ്കോ: കോവിഡ് വ്യാപനം തടയുന്നതിെൻറ ഭാഗമായി ഇറ്റലി, ഇറാൻ, ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങൾ സന്ദർശിക്കുന്നതിനെതിരെ പൗരന്മാർക്ക് റഷ്യ മുന്നറിയിപ്പ് നൽകി. സ്ഥിതിഗതികൾ നിയന്ത്രണവിധേയമാകുംവരും ഈ രാജ്യങ്ങൾ സന്ദർശിക്കരുതെന്ന് ഉപഭോക്തൃ സുരക്ഷ അധികൃതർ ബുധനാഴ്ച നിർദേശിച്ചു. വൈറസ് പൊട്ടിപ്പുറപ്പെട്ട ചൈന സന്ദർശിക്കുന്നതിനെതിരെ നേരത്തേതന്നെ മുന്നറിയിപ്പ് നൽകിയിരുന്നു.
വൈറസ് ബാധയെ തുടർന്ന് ജപ്പാനിൽ നങ്കൂരമിട്ട ആഡംബര കപ്പലായ ഡയമണ്ട് പ്രിൻസസിൽനിന്ന് എട്ടു റഷ്യക്കാരെ രാജ്യത്ത് തിരിച്ചെത്തിച്ചിരുന്നു. ഇതിൽ മൂന്നുപേർക്ക് രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിനു പുറമെ രാജ്യത്തെത്തിയ രണ്ടു ചൈനീസ് പൗരന്മാർക്കും വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നു.
ദ. കൊറിയയിലുള്ള യു.എസ് സൈനികന് കോവിഡ്
സോൾ: ദക്ഷിണ കൊറിയയിലുള്ള അമേരിക്കൻ സൈനികന് കോവിഡ് ബാധ സ്ഥിരീകരിച്ചു. കൊറിയയിൽ വൈറസ് ബാധിതർ ഏറെയുള്ള ദഇഗു നഗരത്തിൽനിന്ന് 30 കിലോമീറ്റർ വടക്കുള്ള അമേരിക്കൻ സൈനികകേന്ദ്രമായ ക്യാമ്പ് കരോളിലാണ് സൈനികനുള്ളത്. ഇദ്ദേഹത്തെ ഏകാന്ത നിരീക്ഷണത്തിലാക്കിയതായി യു.എസ് അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.